കൊളംബോ :നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍പിപി) നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ഒന്‍പതാമത് പ്രസിഡന്‍റാകുമെന്ന് സൂചന. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചാണ് അദ്ദേഹം ശ്രീലങ്കയുടെ പ്രസിഡന്‍റ് പദത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. പ്രാദേശികസമയം ഇന്നലെ രാവിലെ ഏഴുമുതല്‍ വൈകിട്ട് നാല് വരെയാണ് 22 ഇലക്‌ടറല്‍ ജില്ലകളിലെ 13,400 പോളിങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് നടന്നത്.
എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് 56കാരനായ ദിസനായകെ പ്രസിഡന്‍റ് പദത്തിലേക്ക് എത്തുന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ(57) രണ്ടാം സ്ഥാനത്തും നിലവിലെ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെ(75) മൂന്നാം സ്ഥാനത്തുമാണുള്ളത്.
22 ഇലക്‌ടറല്‍ ജില്ലകളില്‍ ഏഴെണ്ണത്തിലെ തപാല്‍ വോട്ടുകളുടെ ഫലം പുറത്ത് വന്നപ്പോള്‍ 56 ശതമാനം വോട്ടുകള്‍ എന്‍പിപി നേതാവ് സ്വന്തമാക്കി. എതിരാളികള്‍ക്ക് കേവലം 19 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. ദിസനായകെ അന്‍പത് ശതമാനത്തിലേറെ വോട്ടുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍.