കേരളം

kerala

ETV Bharat / international

പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മ തന്നെ...; 40 വര്‍ഷം മുമ്പ് നഷ്‌ടപ്പെട്ട മകളെ കണ്ടെത്തി, ഇനി കാരണക്കാര്‍ക്കെതിരെ നിയമനടപടി! - KOREAN WOMAN ILLEGAL ADOPTION

ദത്തെടുക്കലിന്‍റെ പേരില്‍ ദക്ഷിണ കൊറിയയില്‍ 40 വര്‍ഷം മുമ്പ് സ്വന്തം മകളെ നഷ്‌ടപ്പെട്ട അമ്മയുടെയും, മകളെ കണ്ടെത്താനുള്ള അമ്മയുടെ പോരാട്ടവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

SOUTH KOREAN WOMAN  SUES GOVERNMENT AND ADOPTION AGENCY  ദക്ഷിണ കൊറിയ  അമ്മ
Han Tae-soon Speaks during press conference (APTN)

By ETV Bharat Kerala Team

Published : Oct 7, 2024, 5:18 PM IST

സോൾ (ദക്ഷിണ കൊറിയ) : ജന്മം നല്‍കിയ മാതാപിതാക്കളില്‍ നിന്നും കുട്ടിയെ സ്ഥിരമായി വേര്‍പെടുത്തുകയും ഏറ്റെടുക്കുന്ന മാതാപിതാക്കള്‍ക്ക് നിയമപരമായ എല്ലാ അവകാശങ്ങളോടെയും അധികാരങ്ങളോടെയും ഉത്തരവാദിത്തങ്ങളോടെയും കുട്ടിയെ ലഭ്യമാക്കുകയും ചെയ്യുന്നതിനാണ് പൊതുവെ ദത്തെടുക്കല്‍ എന്നുപറയുന്നത്. നിയമപ്രകാരം കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് മാതൃ-പിതൃ വാത്സല്യം ചൊരിയുന്നതിനും അനാഥരായ കുട്ടികള്‍ക്ക് കുടുംബ സംരക്ഷണം ലഭ്യമാക്കാനും ദത്തെടുക്കല്‍ സഹായിക്കുന്നു. ഓരോ രാജ്യങ്ങളിലെയും ദത്തെടുക്കല്‍ നിയമങ്ങളും വ്യവസ്ഥകളും വ്യത്യസ്‌തമാണ്. ദത്തെടുക്കലിന്‍റെ പേരില്‍ ദക്ഷിണ കൊറിയയില്‍ 40 വര്‍ഷം മുമ്പ് സ്വന്തം മകളെ നഷ്‌ടപ്പെട്ട അമ്മയുടെയും, മകളെ കണ്ടെത്താനുള്ള അമ്മയുടെ പോരാട്ടവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുന്നത്.

ദത്തെടുത്തുവെന്ന പേരില്‍ തന്‍റെ മകളെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി ഹാൻ ടെയ്-സൂൺ നല്‍കിയ പരാതിക്ക് പിന്നാലെയാണ് ഒരമ്മയുടെ പോരാട്ട ജീവിതം ലോകം അറിയുന്നതും അന്താരാഷ്ട്ര തലത്തില്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യുന്നതിലേക്ക് എത്തുകയും ചെയ്‌തത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ മകളെ കണ്ടുമുട്ടിയതിന് പിന്നാലെയാണ് 70 വയസുള്ള ദക്ഷിണ കൊറിയൻ സ്ത്രീ കൊറിയൻ സർക്കാരിനെതിരെയും ദത്തെടുക്കൽ ഏജൻസി, അനാഥാലയം എന്നിവയ്‌ക്ക് എതിരെയും കേസ് കൊടുത്തത്.

Han Tae-soon Weeps during press conference (APTN)

1976ൽ തന്‍റെ മകളെ അമേരിക്കയിലേക്ക് തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാൻ ടെയ്-സൂൺ നിമനടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു അസോസിയേറ്റഡ് പ്രസ് അന്വേഷണത്തില്‍ ഹാൻ ടെയ്-സൂണിന് തന്‍റെ മകളെ നഷ്‌ടപ്പെട്ടതിന്‍റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തന്‍റെ കുട്ടിയെ നിയമം ലംഘിച്ച് ദത്തെടുത്തതിന് ഒരു കൊറിയൻ രക്ഷിതാവ് സർക്കാരിനും ദത്തെടുക്കൽ ഏജൻസിക്കും എതിരെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നിയമനടി സ്വീകരിക്കുന്ന ആദ്യത്തെ അറിയപ്പെടുന്ന കേസാണിതെന്ന് ഹാനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരിൽ ഒരാളായ കിം സൂ-ജങ് പറഞ്ഞു.

40 വര്‍ഷം മുമ്പ് കാണാതായ മകള്‍ക്ക് വേണ്ടിയുള്ള അമ്മയുടെ പോരാട്ടം :40 വർഷത്തിലേറെയായി ഹാൻ തൻ്റെ മകളായ ലോറി ബെൻഡറിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. 2019ൽ ഡിഎൻഎ പരിശോധനയിലൂടെ തന്‍റെ മകളെ ഹാൻ തിരിച്ചറിഞ്ഞത്. തന്‍റെ മകളെ നഷ്‌ടപ്പെടാൻ ദക്ഷിണ കൊറിയൻ സർക്കാരാണ് ഉത്തരവാദിയെന്ന് സോൾ സെൻട്രൽ ഡിസ്ട്രിക്‌ട് കോടതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഹാൻ വ്യക്തമാക്കിയിട്ടുണ്ട്. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഹാൻ പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. തന്‍റെ മകള്‍ ബെൻഡറിനെ കണ്ടെത്താനായി പൊലീസ് സ്റ്റേഷനുകൾ, സർക്കാർ ഓഫിസുകൾ, ദത്തെടുക്കൽ ഏജൻസികൾ എന്നിവ പതിവായി ഹാൻ സന്ദർശിച്ചിരുന്നു. സബ്‌വേ സ്റ്റേഷനുകള്‍, ടൗണുകള്‍, പോസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ പൊതുയിടങ്ങളിലും കൊറിയൻ മാധ്യമങ്ങളിലും മകളുടെ ചിത്രം ഹാൻ പ്രദർശിപ്പിച്ചിരുന്നു.

Han Tae-soon and supporters Protest against An adoption Agency (APTN)

ഇതിനു പിന്നാലെ, ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ദത്തെടുക്കൽ ഏജൻസിയായ ഹോൾട്ട് ചിൽഡ്രൻസ് സർവീസസാണ് തന്‍റെ മകള്‍ ബെൻഡറിനെ ദത്തെടുക്കല്‍ എന്ന പേരില്‍ അമേരിക്കയിലേക്ക് അയച്ചതെന്ന് ഹാൻ കണ്ടെത്തി. മകളുടെ പേര് മാറ്റി അനാഥയെന്ന തരത്തിലാണ് ഏജൻസി ബെൻഡറിനെ അമേരിക്കയിലേക്ക് അയച്ചത്. ദക്ഷിണ കൊറിയൻ സര്‍ക്കാരും ഇതിന് ഒത്താശ ചെയ്‌തെന്ന് ഹാൻ പറയുന്നു. നിലവില്‍ ഹോൾട്ട് ചിൽഡ്രൻസ് സർവീസിനെതിരെയും കൊറിയൻ സര്‍ക്കാരിനെതിരെയുമാണ് ഹാൻ നിയമനടപടി സ്വീകരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അമ്മയും മകളും കണ്ടുമുട്ടിയപ്പോഴുള്ള വൈകാരിക നിമിഷങ്ങള്‍ :കൊറിയയിലെയും അമേരിക്കയിലെയും ജനിതക വിവരങ്ങളിലൂടെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കുന്ന ഏജൻസി വഴി ഡിഎൻഎ പരിശോധയുടെ അടിസ്ഥാനത്തിലാണ് ഹാൻ തന്‍റെ മകളെ തിരിച്ചറിഞ്ഞത്. ഇതിനുപിന്നാലെ അമേരക്കയില്‍ നിന്നും തന്‍റെ അമ്മയെ കാണാൻ ബെൻഡര്‍ കൊറിയയിലേക്ക് എത്തുകയായിരുന്നു. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ വൈകാരിക നിമിഷങ്ങളും ഏവരെയും കണ്ണ് നനയിപ്പിക്കുന്നതായിരുന്നു.

'44 വർഷമായി, ഞാൻ എൻ്റെ കുട്ടിയെ തെരഞ്ഞ് അലയുകയായിരുന്നു, എന്നാല്‍ അവളെ കണ്ടുമുട്ടിയതിൻ്റെ സന്തോഷം നൈമിഷികം മാത്രമാണ്. ഇപ്പോൾ എനിക്ക് വളരെയധികം വേദനയുണ്ട്, കാരണം ഞങ്ങൾക്ക് ഒരേ ഭാഷയിൽ ആശയവിനിമയം നടത്താൻ പോലും കഴിയുന്നില്ല,' -കണ്ണീരോടെ ഹാൻ പറഞ്ഞു. തന്‍റെ മകളെ തിരിച്ചുകിട്ടിയെങ്കിലും വലിയ തുക നഷ്‌ടപരിഹാരവും ഹാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 600 മില്യൺ വോൺ (445,000 ഡോളർ) ആണ് നഷ്‌ടപരിഹാരമായി ഏജൻസിക്കെതിരെയും സര്‍ക്കാരിനെതിരെയും ആവശ്യപ്പെടുന്നതെന്ന് കേസുമായി ബന്ധപ്പെട്ട് ഹാനെയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ജിയോൺ മിൻ ക്യോങ് പറഞ്ഞു.

Han Tae-soon Protest (APTN)

കൊറിയയില്‍ നിന്നും അശാസ്ത്രീയമായി ദത്തെടുത്തത് 2 ലക്ഷം കുട്ടികളെ :ദക്ഷിണ കൊറിയയും പാശ്ചാത്യ രാജ്യങ്ങളും ദത്തെടുക്കൽ ഏജൻസികളും ചേർന്ന് 2,000,00 കൊറിയൻ കുട്ടികളെ അശാസ്ത്രീയമായ മാർഗങ്ങളിലൂടെ ദത്തെടുക്കാൻ സഹായിച്ചതായി അസോസിയേറ്റഡ് പ്രസ് നടത്തിയ ഒരു അന്വേഷണം വെളിപ്പെടുത്തുന്നു. ഫ്രണ്ട്‌ലൈനുമായി (പിബിഎസ്) സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ, നിയമംലംഘിച്ച് കൊണ്ട് ദത്തെടുക്കലിന് ഇരയാക്കപ്പെട്ട കുട്ടികളുള്ള 80ഓളം പേരുടെ അഭിമുഖങ്ങളും പുറത്ത് വന്നിരുന്നു. ആയിരക്കണക്കിന് വ്യാജരേഖകള്‍ ചമച്ചാണ് അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കൊറിയയില്‍ നിന്നും ദത്തെന്ന പേരില്‍ കുട്ടികളെ കടത്തുന്നത്.

1970-80 കാലഘട്ടത്തിൽ ദക്ഷിണ കൊറിയയില്‍ നിര്‍ബന്ധിത ദത്തെടുക്കല്‍ വ്യവസ്ഥ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ പതിനായിരക്കണക്കിന് മാതാപിതാക്കളാണ് വ്യാജ ദത്തെടുക്കലിന് ഇരയാക്കപ്പെട്ടത്. അന്ന് മുതല്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ ഇത് വലിയ ചര്‍ച്ചയ്‌ക്ക് വഴിവയ്‌ക്കുകയും ചെയ്‌തിരുന്നു.

Read Also: കൊല്ലപ്പെട്ടത് പതിനായിരങ്ങള്‍; ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് ഒരാണ്ട്

ABOUT THE AUTHOR

...view details