ടോക്കിയോ:ലോകത്തിന് ഏതൊരുകാലത്തും പിന്തുടരാൻ കഴിയുന്ന ഏറ്റവും മികച്ച മാതൃകയാണ് ഇന്ത്യയുടെ രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ടോക്കിയോ എഡോഗാവയിലെ ഫ്രീഡം പ്ലാസയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്‌ത ശേഷം സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഗാന്ധിജിയുടെ ജീവിതത്തിലൂടെയുള്ള സന്ദേശങ്ങൾ കാലാതീതമായവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തോട് അനുബന്ധിച്ചായിരുന്നു ജയശങ്കര്‍ ടോക്കിയോയിലേക്ക് എത്തിയത്. എഡോഗാവ മേയര്‍ തകേഷി സൈറ്റോ, ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോര്‍ജ്, മറ്റ് ജാപ്പനീസ് മന്ത്രിമാര്‍ എന്നിവരെല്ലാം ഗാന്ധി പ്രതിമയുടെ അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്തു. ജപ്പാനിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജനയായ 'രഘുപതി രാഘവ രാജാറാം' ആലപിക്കവെയാണ് പ്രതിമയുടെ അനാച്ഛാദനം നടന്നത്.
ഈ പ്രവര്‍ത്തിയിലൂടെ ജപ്പാൻ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജയശങ്കർ പറഞ്ഞു. മഹാത്മ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന ഇടത്തിനും പാര്‍ക്കിനും അദ്ദേഹത്തിന്‍റെ പേര് നല്‍കുമെന്ന് എഡോഗാവ മേയർ നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.