സുവ (ഫിജി): രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും ഫിജി പ്രധാനമന്ത്രി സിതിവെനി റബൂക്കയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തം ദൃഢമാക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. പ്രസിഡന്‍റ് ദ്രൗപദി മുര്‍മുവാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.
നേരത്തെ ഫിജി പ്രസിഡന്‍റ് രാതു വില്യം മെയ്‌വല്ലിലി കതോനിവെറുമായി മുര്‍മു കൂടിക്കാഴ്‌ച നടത്തിയിരുന്നു. സുവ സ്റ്റേറ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. ഇന്ത്യ ഫിജി ബന്ധം മെച്ചപ്പെടുത്തുന്നതിലൂന്നിയായിരുന്നു ചര്‍ച്ചകള്‍. ഫിജി സ്റ്റേറ്റ് ഹൗസില്‍ തന്നെ കാണാനെത്തിയ ഫിജി പ്രസിഡന്‍റിന് മുര്‍മു ഊഷ്‌മള സ്വീകരണം നല്‍കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ പിന്തുണയോടെ ആരംഭിച്ച രാജ്യ തലവന്മാര്‍ക്കുള്ള താമസയിടങ്ങളുടെ പുരോഗതി മുര്‍മു വിലയിരുത്തി.
മുര്‍മുവിന്‍റെ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന്‍റെ ആദ്യപടിയായാണ് അവര്‍ ഫിജിയില്‍ എത്തിയിരിക്കുന്നത്. മുര്‍മുവിനെ പ്രധാനമന്ത്രി സിതിവെനി വിമാനത്താവളത്തില്‍ സ്വീകരിച്ചു. ആചാരപരമായ വരവേല്‍പ്പും നല്‍കി. ഇന്ത്യ-ഫിജി ബന്ധത്തിലെ നാഴികക്കല്ലാണിതെന്ന് വിദേശകാര്യമന്ത്രാലയം എക്‌സില്‍ കുറിച്ചു.
ഫിജി പ്രസിഡന്‍റിന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് മുര്‍മു ഫിജിയിലെത്തിയിരിക്കുന്നത്. ഫിജിയില്‍ നിന്ന് മുര്‍മു ന്യൂസിലന്‍ഡിലേക്ക് പോകും. അവിടെ നിന്നും തിമൂര്‍-ലെസ്‌റ്റെ സന്ദര്‍ശിച്ച ശേഷമാകും ഇന്ത്യയിലേക്ക് മടങ്ങുക.