ടോപ്‌ഖാന: ഇന്ന് പുലർച്ചെ അഫ്‌ഗാനിസ്ഥാനിൽ തകർന്നുവീണത് എയർ ആംബുലൻസാണെന്ന് (ambulance flight) സ്ഥിരീകരിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം. ആറ് പേരുമായി തായ്‌ലൻഡിൽ നിന്ന് മോസ്കോയിലേക്ക് പറന്ന റഷ്യൻ സ്വകാര്യ ജെറ്റ് വിമാനമായ (Russian private jet) ദസ്സാൾട്ട് ഫാൽക്കൺ 10 (Dassault Falcon 10) ജെറ്റ് തകർന്നത്. അഫ്‌ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ കുറാൻ-മുൻജാൻ, സെബാക്ക് മേഖലകളിലെ ടോപ്‌ഖാന മലനിരകളിലാണ് ജെറ്റ് തകർന്നു വീണത്.
നാല് ജീവനക്കാരും രണ്ട് യാത്രക്കാരുമായിരുന്നു ജെറ്റിൽ ഉണ്ടായിരുന്നത്. തായ്‌ലൻഡിലെ യു-തപാവോ-റയോങ്-പട്ടായ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് വിമാനം പറന്നുയർന്നത്. റഷ്യയിൽ രജിസ്റ്റർ ചെയ്‌ത ദസ്സാൾട്ട് ഫാൽക്കൺ 10 ജെറ്റ് സർവീസ് നടത്തുന്നതിനിടെ കാണാതായതായി റഷ്യൻ സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചിരുന്നു. ഇന്ത്യയിലെ ഗയയിൽ നിന്ന് ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കന്റിലേക്കും മോസ്‌കോയിലെ സുക്കോവ്‌സ്‌കി ഇന്‍റർനാഷണൽ എയർപോർട്ടിലേക്കും പോകുന്ന റൂട്ടിൽ ചാർട്ടർ ആംബുലൻസ് ഫ്ലൈറ്റായി വിമാനം പ്രവർത്തിക്കുകയായിരുന്നു. 1978ലാണ് അപകടത്തിൽപ്പെട്ട സ്വകാര്യ ജെറ്റായ ദസ്സാൾട്ട് ഫാൽക്കൺ 10 നിർമിച്ചതെന്നാണ് വിവരം.