ടെൽ അവീവ്:തന്‍റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പുറകെ ഹിസ്ബുള്ളക്കും ഇറാനും ശക്തമായ താക്കീത് നൽകി നെതന്യാഹു. സംഭവിച്ചത് 'ഗുരുതരമായ തെറ്റ്' ആണെന്ന് നെതന്യാഹു പറഞ്ഞു. ഈ കൊലപാതക ശ്രമം തന്നെയോ ഇസ്രയേലിനെയോ ഭയപ്പെടുത്തുന്നില്ല, ആക്രമണം നടത്തുന്ന തീവ്രവാദികളെയും അവരെ അയക്കുന്നവരെയും ഉന്മൂലനം ചെയ്യാൻ ഇതൊരു തടസമാവില്ല എന്നും നെതന്യാഹു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇസ്രയേലി പട്ടണമായ സിസേറിയയിലെ നെതന്യാഹുവിന്‍റെ വസതിയിലേക്ക് ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണമുണ്ടാകുന്നത്. ആക്രമണം നടക്കുമ്പോൾ നെതന്യാഹുവും ഭാര്യയും വീട്ടിൽ ഇല്ലായിരുന്നു. തുടർന്നാണ് എക്‌സിലൂടെ നെതന്യാഹു പ്രതികരണവുമായി എത്തിയത്.
'ഇറാന്‍റെ പ്രോക്‌സി ഹിസ്ബുള്ള ഇന്ന് എന്നെയും എൻ്റെ ഭാര്യയെയും വധിക്കാൻ ശ്രമിച്ചത് ഗുരുതരമായ തെറ്റാണ്. ഇത് എന്നെയോ ഇസ്രയേൽ ഭരണകൂടത്തെയോ, നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ ശത്രുക്കൾക്കെതിരായി നടത്തുന്ന ന്യായമായ യുദ്ധം തുടരുന്നതിൽ നിന്ന് തടയില്ല', നെതന്യാഹു എക്‌സിൽ കുറിച്ചു.