മാലെ: മാലിദ്വീപ് പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് വിജയം. ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ പീപ്പിൾസ് മജ്‌ലിസിലെ 93-ൽ 70 സീറ്റും മുയിസു നയിക്കുന്ന പിഎൻസിക്കാണ് ലഭിച്ചത്. പിഎന്‍സിയുെട സഖ്യകക്ഷികളായ മാലിദ്വീപ് നാഷണൽ പാർട്ടി (എംഎൻപി), മാലിദ്വീപ് ഡെവലപ്‌മെന്‍റ് അലയൻസ് (എംഡിഎ) എന്നിവ യഥാക്രമം ഒന്നും രണ്ടും സീറ്റുകൾ നേടി.
മുൻ പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്‍റെ നേതൃത്വത്തിലുള്ള മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ഇത്തവണ 15 സീറ്റുകൾ മാത്രമാണ് നേടിയത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 65 സീറ്റുകൾ നേടിയിരുന്നു.
ചൈന അനുകൂല നിലപാടുകള്‍ ആദ്യം മുതല്‍ക്കേ പ്രകടമാക്കിയ മുയിസു, രാജ്യത്ത് ഇന്ത്യയുടെ സ്വാധീനം കുറയ്ക്കാൻ ആഗ്രഹിക്കുന്നു എന്ന് പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
പിഎൻസിയുടെ വൻ വിജയത്തെ 'സൂപ്പർ മെജോരിറ്റി' എന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. 2019-ലെ തെരഞ്ഞെടുപ്പിൽ അന്ന് ഭരിച്ചിരുന്ന എംഡിപിയാണ് 64 സീറ്റുകള്‍ നേടി സൂപ്പർ ഭൂരിപക്ഷം കൈക്കലാക്കിയത്. അന്നത്തെ പ്രതിപക്ഷമായ പിപിഎം-പിഎൻസി സഖ്യം എട്ട് സീറ്റുകൾ മാത്രമാണ് നേടിയത്.
ഡെമോക്രാറ്റുകൾക്കും അദാലത്ത് പാർട്ടിക്കും ഇത്തവണ സീറ്റുകളൊന്നും നേടാനായില്ല. മാലിദ്വീപിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക ഫലം ഈ ആഴ്‌ച അവസാനമാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാർഥികളിൽ 40-ഓളം പേര്‍, അതായത് 10.76 ശതമാനം സ്‌ത്രീകളായിരുന്നു.
ഇതില്‍ മൂന്ന് വനിതാ സ്ഥാനാർഥികളാണ് വിജയിച്ചത്. ഭരണകക്ഷിയായ പിഎൻസിയിലെ ഫാത്തിമത്ത് സൗധ, ഫാഫു നിലാന്ധൂ മണ്ഡലത്തിലും പിഎൻസിയിൽ നിന്നുള്ള അസ്‌മ റഷീദ്, മാഫന്നു മേധു മണ്ഡലത്തിലും സ്വതന്ത്ര സ്ഥാനാർഥി അനരാ നയീം, കാഫു ഹുറ മണ്ഡലത്തിലും വിജയിച്ചു. സൗധ മുയിസുവിന്‍റെ കുടുംബാംഗമാണ്. അസ്‌മയും അനാറയും 18-ാമത് പീപ്പിൾസ് മജ്‌ലിസിൽ എംപിമാരായി പ്രവർത്തിച്ചിട്ടുണ്ട്.
മാലിദ്വീപില്‍ യോഗ്യരായ വോട്ടർമാരിൽ 75 ശതമാനം പോരാണ് വോട്ട് രേഖപ്പെടുത്തിയത്. മാലിദ്വീപിലെ ഏറ്റവും കുറഞ്ഞ പോളിങ് റെക്കോഡാണിത്. 2,84,663 പേർ വോട്ട് ചെയ്യാൻ അർഹത നേടിയെങ്കിലും 2,15,860 പേർ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. 2019 പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 81.32 ശതമാനമായിരുന്നു പോളിങ്. യോഗ്യരായ 2,64,446 വോട്ടർമാരിൽ 2,15,053 പേർ വോട്ട് ചെയ്യാനെത്തിയിരുന്നു.