ന്യൂഡല്‍ഹി: മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സുവിന്‍റെ അഞ്ച് ദിന സന്ദര്‍ശനത്തിന് തുടക്കമായി. ഇന്ത്യന്‍ പ്രസിഡന്‍റ് ദ്രൗപദി മുര്‍മുവിന്‍റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് ഇദ്ദേഹം എത്തിയത്. ഔദ്യോഗിക ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് മൊയ്‌സു ഉഭയകക്ഷി സന്ദര്‍ശനം നടത്തുന്നത്.
ന്യൂഡല്‍ഹിയിലെത്തിയ മൊയ്‌സുവിനെയും മാലദ്വീപിന്‍റെ പ്രഥമവനിത സാജിത മൊഹമ്മദിനെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൃതി വര്‍ധന്‍ സിങ് വിമാനത്താവളത്തില്‍ സ്വീകരിച്ചു.
രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി മൊയ്‌സു ചര്‍ച്ചകള്‍ നടത്തും. ഇക്കൊല്ലം ആദ്യം ജൂണ്‍ ഒന്‍പതിന് രാഷ്‌ട്രപതി ഭവനില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മൊയ്‌സു സംബന്ധിച്ചിരുന്നു. അതിന് മുമ്പ് കഴിഞ്ഞ കൊല്ലം ഡിസംബര്‍ ഒന്നിന് മൊയ്‌സു ദുബായില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയ്ക്കിടെയും പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
മാലദ്വീപുകളുടെ വികസനത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ പ്രസിഡന്‍റ് ഡോ. മൊയ്‌സു പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. രാജ്യത്തിന്‍റെ ശക്തമായ വിദേശനയം ഉറപ്പാക്കും. ഉഭയകക്ഷി സഹകരണം ശക്തപ്പെടുത്താനും മെച്ചപ്പെടുത്താനുമുള്ള ചര്‍ച്ചകളാകും പ്രധാനമായും നടക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദീര്‍ഘകാലം നിലനിര്‍ത്താനുള്ള ശ്രമങ്ങളുമുണ്ടാകും.
മാലദ്വീപ് പ്രസിഡന്‍റിനൊപ്പം അദ്ദേഹത്തിന്‍റെ രാജ്യത്തെ ഒരുപറ്റം ഉന്നതതല സംഘവും ഉണ്ടായിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മുംബൈ, ബെംഗളുരു നഗരങ്ങളും സംഘം സന്ദര്‍ശിക്കും. ഇവിടെയും അദ്ദേഹത്തിന് ഔദ്യോഗിക പരിപാടികളുണ്ട്. ഇന്ത്യയും മാലദ്വീപുമായുള്ള ബന്ധത്തില്‍ ഈ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.