കേരളം

kerala

ETV Bharat / international

ചങ്കിടിപ്പിച്ച് 'ചൊവ്വാഴ്‌ച', കനത്ത ജാഗ്രത; ലോസ് ഏഞ്ചലസ് കാട്ടുതീയില്‍ 24 മരണം, 16 പേരെ കാണാതായി, കനത്ത നാശനഷ്‌ടം - LOS ANGELES FIRES LATEST UPDATE

12,000-ത്തിലധികം കെട്ടിടങ്ങളാണ് തീപിടിത്തത്തില്‍ എരിഞ്ഞമര്‍ന്നത്. 135 ബില്യൺ ഡോളറിനും 150 ബില്യൺ ഡോളറിനും ഇടയിലുള്ള നാശനഷ്‌ടങ്ങളാണ് പ്രാഥമികമായി കണക്കാക്കുന്നത്.

LOS ANGELES WEATHER  CALIFORNIA WILDFIRE 2025  LA FIRE DEATH TOLL  ലോസ് ഏഞ്ചലസ് കാട്ടുതീ
Fire crews monitor the Palisades Fire in Mandeville Canyon (AP)

By ETV Bharat Kerala Team

Published : Jan 13, 2025, 10:23 AM IST

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചലസിൽ പടര്‍ന്നുപിടിച്ച കാട്ടുതീ അപകടത്തില്‍ 24 പേര്‍ മരിച്ചതായി അധികൃതര്‍. പാലിസേഡ്‌സ് ഫയർ സോണില്‍ എട്ട് പേരും ഈറ്റൺ ഫയര്‍ സോണില്‍ നിന്നും 16 പേരും മരിച്ചതായി ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് റോബർട്ട് ലൂണ പറഞ്ഞു. തീ നിയന്ത്രണവിധേയമായ നിരപ്പായ പ്രദേശങ്ങളില്‍ നായ്‌ക്കളെ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നുണ്ട്.

മരണ സംഖ്യം ഇനിയും ഉയര്‍ന്നേക്കാം. 16 പേരെ കാണാതായിട്ടുണ്ട്. ഈറ്റൺ ഫയർ സോണിൽ പന്ത്രണ്ട് പേരെയും പാലിസേഡ്‌സ് ഫയർ സോണില്‍ നാല് പേരെയുമാണ് കാണാതായത്. ഇതില്‍ കുട്ടികളില്ലെന്നും അദ്ദേഹം അറിയിച്ചു.

നെഞ്ചിടിപ്പിച്ച് കാലാവസ്ഥ മുന്നറിയിപ്പ്

തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രശ്രമങ്ങള്‍ അഗ്നിശമന സേന തുടരുകയാണ്. എന്നാല്‍ വീണ്ടും ശക്തമായ കാറ്റ് വീശുന്നതോടെ ഈ ആഴ്‌ച കാലാവസ്ഥ അപകടകരമായ രീതിയിലായിരിക്കുമെന്നാണ് നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. ബുധനാഴ്‌ച വരെ കനത്ത തീപിടിത്ത സാധ്യതയുണ്ടെന്നാണ് നാഷണൽ വെതർ സർവീസ് അറിയിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മണിക്കൂറിൽ 50 മൈൽ (80 കിലോമീറ്റർ) വേഗതയിൽ കാറ്റുവിശാനാണ് സാധ്യത. പർവതങ്ങളിൽ ഇതു മണിക്കൂറിൽ 70 മൈൽ (113 കിലോമീറ്റർ) വേഗത വരെ ആയിരിക്കും. ഏറ്റവും അപകടകരമായ ദിവസം ചൊവ്വാഴ്‌ച ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ റിച്ച് തോംസൺ പറഞ്ഞു.

വീണ്ടും വീശിയടിക്കുന്ന കാറ്റിൽ പടരുന്ന തീ അണയ്ക്കാൻ അഗ്നിശമന സേന കൂടുതല്‍ മുന്‍കരുതലുകള്‍ നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി 70 അധിക വാട്ടർ ട്രക്കുകൾ എത്തിയതായി ലോസ് ഏഞ്ചൽസ് കൗണ്ടി ഫയർ ചീഫ് ആന്‍റണി സി. മാരോൺ പറഞ്ഞു.

കനത്ത നഷ്‌ടം

കഴിഞ്ഞ ചൊവ്വാഴ്‌ച ലോസ് ഏഞ്ചൽസ് ഡൗണ്ടൗണിന് വടക്ക് ഭാഗത്തായി ആരംഭിച്ച തീപിടുത്തത്തിൽ 12,000-ത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു. തീപിടിത്തത്തിന് കാരണമൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് കാട്ടുതീ രാജ്യത്ത് ഏറ്റവും നാശനഷ്‌ടങ്ങള്‍ക്കാണ് വഴിവച്ചതെന്നാണ്.

അക്യുവെതറിന്‍റെ പ്രാഥമിക കണക്കനുസരിച്ച് ഇതുവരെ 135 ബില്യൺ ഡോളറിനും 150 ബില്യൺ ഡോളറിനും ഇടയിലുള്ള നാശനഷ്‌ടങ്ങളും സാമ്പത്തിക നഷ്‌ടവും ഉണ്ടായിട്ടുണ്ട്. യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകൃതി ദുരന്തമായിരിക്കും ഇതെന്നാണ് എൻ‌ബി‌സിയിൽ ഞായറാഴ്‌ച സംപ്രേഷണം ചെയ്‌ത ഒരു അഭിമുഖത്തിൽ ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞത്.

കൊള്ള തുടരുന്നു, അറസ്റ്റും

തീപിടിത്തത്തിന്‍റെ മറവില്‍ നടക്കുന്ന വ്യാപക കൊള്ള ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. കൊള്ളയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ ഏഴ് പേരെ അറസ്റ്റ് ചെയ്‌തതായി ലോസ് ഏഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിലെ ക്യാപ്റ്റൻ മൈക്കൽ ലോറൻസ് പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളായിവേഷമിട്ടാണ് മോഷ്‌ടാക്കള്‍ എത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: എക്കാലത്തെയും ചൂടേറിയ വര്‍ഷമായി 2024; മറികടന്നത് പാരിസ് ഉടമ്പടിയിലെ പരിധി - EARTH RECORDS HOTTEST YEAR IN 2024

ABOUT THE AUTHOR

...view details