ഹൈദരാബാദ്: ലൈംഗികത്തൊഴിലാളികളും അവരുടെ സുഹൃത്തുക്കളും കുടുംബങ്ങളും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും മറ്റും ചേര്‍ന്ന് എല്ലാക്കൊല്ലവും ഡിസംബര്‍ പതിനേഴ് ലൈംഗികത്തൊഴിലാളികള്‍ക്ക് എതിരെയുള്ള രാജ്യാന്തര അതിക്രമം അവസാനിപ്പിക്കല്‍ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ലൈംഗികത്തൊഴിലാളികള്‍ നേരിടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ലൈംഗികത്തൊഴിലാളികള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്ക് കാരണമാകുന്ന സമൂഹത്തിന്‍റെ വിവേചനവും അപമാനിക്കലും നീക്കുക എന്നതും ദിനാചരണത്തിന്‍റെ ഉദ്ദേശ്യമാണ്.
ലൈംഗികത്തൊഴിലാളികള്‍ നേരിടുന്ന സുപ്രധാന വിഷയങ്ങള്‍ ദിനാചരണം ഉയര്‍ത്തിക്കാട്ടുന്നു. സാമൂഹ്യഅപമാനങ്ങളും വിവേചനവും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പുറമെ അതിക്രമങ്ങളും ഇവര്‍ നേരിടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- ചരിത്രം
2003ല്‍ ആനി സ്പ്രിങ്കിളും അമേരിക്കയിലെ ലൈംഗികത്തൊഴിലാളി ഔട്ട് റീച്ച് പ്രൊജക്‌ടും ചേര്‍ന്നാണ് ദിനാചരണത്തിന് തുടക്കം കുറിച്ചത്. സിയാറ്റിലിലെ ഗ്രീന്‍ റിവര്‍ കില്ലര്‍ ഇരകളുടെ അനുസ്‌മരണം കൂടിയായിരുന്നു ദിനാചരണം.
പതിനാല് വര്‍ഷമായി ദിനാചരണം ലോകമെമ്പാടും ആചരിച്ച് വരുന്നു. ലൈംഗികത്തൊഴിലാളികളുടെ ജീവിതത്തെ ആദരിക്കുന്നതിനും ലോകമെമ്പാടും അതിക്രമത്തിന് ഇരയാകുന്ന ഈ വിഭാഗത്തിലുള്ളവരെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ദിനാചരണം തുടങ്ങിയത്. ഇവര്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നതും ദിനാചരണത്തിന്‍റെ ഉദ്ദേശ്യമാണ്.
2003 മുതല്‍ ആഗോള തലത്തില്‍ വിവിധ നഗരങ്ങളില്‍ നിന്നുള്ള ലൈംഗികത്തൊഴിലാളികളെ കൂട്ടിയിണക്കാന്‍ ഈ ദിനാചരണത്തിലൂടെ സാധിക്കുന്നു. വിദ്വേഷത്തിനെതിരെ ഒന്നിച്ച് അണിനിരന്ന് പോരാടാനും ഈ ദിനാചരണം ഇവരെ സഹായിക്കുന്നു.
- ദിനാചരണത്തിന്‍റെ ലക്ഷ്യം
1.ബോധവത്ക്കരണം വര്‍ധിപ്പിക്കുന്നു.
ലോകമെമ്പാടും ലൈംഗികത്തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും നേരിടാന്‍ ദിനാചരണത്തിലൂടെ സാധിക്കുന്നു.
2. സാമൂഹ്യ അവമതിപ്പ് ഇല്ലാതാക്കുക.
സാമൂഹ്യ അവഗണനയും ലൈംഗികത്തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ഇല്ലാതാക്കുക എന്നതും ദിനാചരണത്തിന്‍റെ ലക്ഷ്യമാണ്.
3. ഇരകളെ അനുസ്‌മരിക്കല്‍
ലൈംഗികത്തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ നേരിട്ടവരെ ആദരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു.
4. ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കല്‍.
വിവേചനത്തിനെതിരെ പോരാടാന്‍ ലൈംഗികത്തൊഴിലാളികളെ സജ്ജമാക്കുകയും അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയും ചെയ്യുക എന്നതും ദിനാചരണത്തിന്‍റെ ലക്ഷ്യമാണ്.
5. ആഗോളതലത്തില്‍ വിവിധ നഗരങ്ങളില്‍ നിന്നുള്ള ലൈംഗികത്തൊഴിലാളികളെ ഒന്നിച്ച് കൂട്ടിയിണക്കി വിവേചനത്തിനെതിരെ നിലകൊള്ളാന്‍ പ്രാപ്‌തരാക്കുകയും അതിക്രമങ്ങളുടെ ഇരകളെ ആദരിക്കുക എന്നതും ദിനാചരണത്തിന്‍റെ ലക്ഷ്യമാണ്.
എന്താണ് ലൈംഗികത്തൊഴില്‍?
മറ്റേതൊരു തൊഴിലും പോലെ തന്നെ പണം വാങ്ങി ലൈംഗിക സേവനം നല്‍കുക എന്നതാണ് ലൈംഗികത്തൊഴില്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പണം നല്‍കി ഈടാക്കുന്ന തൊഴിലോ സേവനമോ പോലെ തന്നെ ഇതും ഒരു ജോലിയാണ്. പലതരം ലൈംഗിക സേവനങ്ങളെ പൊതുവെ ലൈംഗികത്തൊഴില്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നു. തൊഴില്‍ അവകാശങ്ങളും സാഹചര്യങ്ങളും ഇതിനും ഉണ്ടാകണം. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന് വരേണ്ടതുണ്ട്. ഇത്തരം തൊഴിലില്‍ നിന്ന് പണമുണ്ടാക്കുന്നവരെ ലൈംഗികത്തൊഴിലാളികളെന്നും വിവക്ഷിക്കുന്നു.
പ്രതീകം ചുവന്ന കുട
ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതീകമാണ് ചുവന്ന കുട. ഡിസംബര്‍ പതിനേഴിന് നടക്കുന്ന പരിപാടികളില്‍ ഇത് വലിയ തോതില്‍ ഉപയോഗിക്കാറുണ്ട്. ഇറ്റലിയിലെ വെനീസില്‍ 2001ലാണ് ചുവന്ന കുട എന്ന പ്രതീകം ആദ്യമായി ഉപയോഗിച്ചത്. 49മത് വെനീസ് ബിനാലെ ആര്‍ട്ടില്‍ സ്ലോവേനിയന്‍ കലാകാരനായ തദേജ് പൊഗാഡ്‌കര്‍ ലൈംഗികത്തൊഴിലാളികളുമായി ചേര്‍ന്ന് പ്രൊസ്റ്റിറ്റ്യൂട്ട് പവിലിയനും കോഡ് റെഡ് ആര്‍ട്ട് ഇന്‍സ്റ്റലേഷനും തയാറാക്കിയിരുന്നു.
ലൈംഗികത്തൊഴിലാളി, വേശ്യാവൃത്തിയല്ല
2023ല്‍ സുപ്രീം കോടതി പുറത്തിറക്കിയ കൈപ്പുസ്‌തകത്തില്‍ വിധിന്യായങ്ങളില്‍ വേശ്യാവൃത്തി എന്ന പദം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചു. വേശ്യ എന്ന പദത്തിന് പകരം ലൈംഗികത്തൊഴിലാളി എന്ന പദം ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
നേരിടുന്ന വെല്ലുവിളികള്‍, വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍;
ലോകമെമ്പാടുമുള്ള ലൈംഗികത്തൊഴിലാളികള്‍ നേരിടുന്ന അതിക്രമങ്ങളും മോശം പരിഗണനയും അസാധാരണമാം വിധം വര്‍ധിച്ച് വരുന്നു.
സാമൂഹ്യ അവഗണനയും വിവേചനവും;
വര്‍ധിച്ച് വരുന്ന സാമൂഹ്യ അവഗണനയും വിവേചനങ്ങളും ലൈംഗികത്തൊഴിലാളികളെ ഒറ്റപ്പെടുത്തുകയും സുരക്ഷിതത്വമില്ലായ്‌മ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
നിയമപരമായ സുരക്ഷിതത്വമില്ലായ്‌മ:
ലൈംഗികത്തൊഴിലിന് നിയമപരിരക്ഷ ഇല്ലാത്തത് കൊണ്ട് തന്നെ ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയും ഇവര്‍ക്ക് നിയമസഹായം തേടാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.