ടെല്‍ അവീവ്: ഗാസയിലേക്ക് മാനുഷിക സഹായവുമായി എത്തുന്ന വാഹനങ്ങള്‍ റാഞ്ചാന്‍ പദ്ധതി തയാറാക്കിയ ഹമാസിന് നേരെ ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധസേന. ഗാസയിലേക്കുള്ള സഹായങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഇസ്രയേല്‍ ആരോപിക്കുന്നു.
ദക്ഷിണ ഗാസയിലെ രണ്ടിടങ്ങളില്‍ ഇതിനായി ഹമാസ് നിലയുറപ്പിച്ചിരുന്നു. ഇവര്‍ക്ക് നേരെയാണ് പ്രതിരോധ സേന ആക്രമണം നടത്തിയതെന്നും അവര്‍ എക്‌സില്‍ പങ്കുവച്ച ഒരു കുറിപ്പില്‍ വ്യക്തമാക്കി. ഗാസയിലെ നാട്ടുകാര്‍ക്ക് സുരക്ഷിതമായി സഹായം എത്തിക്കുക എന്ന ലക്ഷ്യവും ഈ ആക്രമണത്തിന് പിന്നിലുണ്ടെന്ന് അവര്‍ വ്യക്തമാക്കുന്നു.
ഹമാസ് മാനുഷിക സഹായമെത്തിക്കുന്ന ഇടനാഴിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഹമാസിനെ ഇവിടെ നിന്ന് തുരത്താനുള്ള എല്ലാ നടപടികളും തങ്ങള്‍ കൈക്കൊണ്ടു. മാനുഷിക ഇടനാഴി തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇസ്രയേല്‍ അറിയിച്ചു.
ഹമാസിനെ നേരിടാന്‍ വേണ്ട നടപടികളെല്ലാം കൈക്കൊള്ളുന്നുണ്ട്. സാധാരണക്കാര്‍ക്ക് ഇവര്‍ യാതൊരു ദോഷവും വരുത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങള്‍ പാലിച്ച് കൊണ്ട് തന്നെ സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നേരത്തെ ഗാസ മുനമ്പിലേക്ക് സഹായവുമായി പോയ സംഘത്തിന് അകമ്പടി പോയ പലസ്‌തീന്‍ സുരക്ഷ സംഘത്തെ ഇസ്രയേല്‍ അക്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ പന്ത്രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്‌തു.
വെസ്‌റ്റ്ഖാന്‍ യൂനിസില്‍ വച്ച് ഭക്ഷണം അടക്കമുള്ളവയുമായി ഗാസയിലേക്ക് പോയ സഹായസംഘത്തിന് അകമ്പടി വഹിച്ച സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുെട മൃതദേഹങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗാസ കൊടുംദാരിദ്ര്യത്തിലാണ്.
കഴിഞ്ഞ ദിവസം പലസ്‌തീനില്‍ ഇസ്രയേല്‍ അധിനിവേശം അവസാനിക്കണമെന്ന യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ടു ചെയ്‌തിരുന്നു. 193 അംഗ ജനറല്‍ അസംബ്ലിയില്‍ സെനഗലാണ് പലസ്‌തീൻ വിഷയത്തില്‍ സമാധാനപരമായ ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് കരട് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ ഇന്ത്യ ഉള്‍പ്പടെ 157 അംഗങ്ങള്‍ പിന്തുണച്ചു.
അമേരിക്ക, ഇസ്രയേൽ, അർജൻ്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപ്പുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങള്‍ പ്രമേയത്തിന് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. കാമറൂൺ, ചെക്ക് റിപ്പബ്ലിക്ക്, ഇക്വഡോർ, ജോർജിയ, പരാഗ്വേ, ഉക്രെയ്ൻ, ഉറുഗ്വേ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
കിഴക്കൻ ജറുസലേമില്‍ ഉള്‍പ്പടെ പലസ്‌തീനില്‍ 1967 മുതല്‍ തുടങ്ങിയ ഇസ്രയേല്‍ അധിനിവേശം ഉടനടി അവസാനിപ്പിച്ച് പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രമേയം.
Also Read:'ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം'; പലസ്‌തീനെ പിന്തുണച്ച് ഇന്ത്യ