പെഷവാര്‍:പാക്-അഫ്‌ഗാന്‍ അതിര്‍ത്തിയിലെ ഒരു പുരാതന ഹിന്ദു ക്ഷേത്രം പൊളിച്ചു. ഖൈബര്‍ പഖ്‌തൂണ്‍വ പ്രവിശ്യയിലെ ക്ഷേത്രമാണ് പൊളിച്ചത്. 1947ല്‍ അവകാശികള്‍ ഇന്ത്യയിലേക്ക് കുടിയേറിയതിനെ ആരാധന മുടങ്ങിക്കിടന്ന ക്ഷേത്രമാണിത്. ക്ഷേത്രം പൊളിച്ചതിന് പിന്നാലെ ഇവിടെ ഒരു വാണിജ്യ സമുച്ചയ നിര്‍മ്മാണത്തിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
ഖൈബര്‍ ജില്ലയിലെ ലാന്‍ഡി കോട്ടാല്‍ ബസാര്‍ പട്ടണത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്‌തിരുന്നത്. ആരാധന നടക്കാതായതോടെ ക്ഷേത്രം നാശത്തിന്‍റെ വക്കിലായിരുന്നു. പതിനഞ്ച് ദിവസം മുന്‍പാണ് ഇവിടെ പുതിയ നിര്‍മ്മാണങ്ങള്‍ തുടങ്ങിയത്. ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി തങ്ങള്‍ക്ക് അറിയില്ലെന്നാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. നിയമങ്ങള്‍ പാലിച്ചാണ് പുതിയ നിര്‍മ്മിതിയെന്നും ഇവര്‍ വെളിപ്പെടുത്തി.
പ്രമുഖ ഗിരിവര്‍ഗ മാധ്യമപ്രവര്‍ത്തകനായ ഇബ്രാഹിം ഷിന്‍വാരിയാണ് ഇവിടെ ചരിത്രപ്രാധാന്യമുള്ള ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി അവകാശപ്പെട്ട് രംഗത്തുവന്നത്. ലാന്‍ഡി കോട്ടാല്‍ ബസാറിന്‍റെ മധ്യത്തിലായാണ് ക്ഷേത്രം സ്ഥിതി ചെയ്‌തിരുന്നതെന്നും ഇദ്ദേഹം പറയുന്നു. ഹിന്ദു കുടുംബങ്ങള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്‌തതോടെ ക്ഷേത്രം അടച്ചുപൂട്ടി. 1992ല്‍ ഇന്ത്യയില്‍ ബാബറി മസ്‌ജിദ് തകര്‍ത്തതോടെ ഈ ക്ഷേത്രം ചില പുരോഹിതന്‍മാര്‍ ഭാഗികമായി തകര്‍ത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താന്‍ കുട്ടിയായിരിക്കെ തന്‍റെ പൂര്‍വികരില്‍ നിന്ന് ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പല കഥകളും കേട്ടിട്ടുണ്ടെന്നും ഇദ്ദേഹം ഓര്‍ത്തെടുക്കുന്നു.
അമുസ്ലീങ്ങള്‍ക്ക് മതപരമായ പ്രാധാന്യമുള്ള ചരിത്ര കെട്ടിടങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ വകുപ്പുകളുടെ ഉത്തരവാദിത്തമാണെന്ന് പാകിസ്ഥാനിലെ ഹിന്ദു മന്ദിര്‍ മാനേജ്മെന്‍റ് സമിതിയിലെ ഹാരൂണ്‍ സരബ്‌ദിയാല്‍ ചൂണ്ടിക്കാട്ടുന്നു. ആരാധനാലയങ്ങള്‍ അടക്കമുള്ള ഇത്തരം കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ പുരാവസ്‌തു-മ്യൂസിയം വകുപ്പ്, പൊലീസ്, സാംസ്‌കാരിക വകുപ്പ്, പ്രാദേശിക സര്‍ക്കാരുകള്‍ തുടങ്ങിയവയ്ക്ക് ബാധ്യതയുണ്ടെന്ന് 2016ലെ പൗരാണിക സംരക്ഷ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.