വാഷിങ്‌ടൺ : വിഖ്യാത യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുകയാണെന്ന് സ്ഥാപകനായ നേറ്റ് ആൻഡേഴ്‌സൺ. വാള്‍സ്‌ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് അപ്രതീക്ഷിത പ്രഖ്യാപനം. ശതകോടീശ്വരന്‍ ഗൗതം അദാനിയുടെയും കമ്പനികളുടെയും ഓഹരി ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന ഷോർട്ട് സെല്ലിങ് കമ്പനിയായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്.
'കഴിഞ്ഞ വർഷം അവസാനം മുതൽ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഞങ്ങളുടെ ടീമുമായും ഞാൻ പങ്കുവച്ചതു പോലെ, ഹിൻഡൻബർഗ് റിസർച്ച് പിരിച്ചുവിടാൻ ഞാൻ തീരുമാനിച്ചു. ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന ആശയങ്ങള്‍ പൂർത്തിയാക്കുന്നതോടെ അവസാനിപ്പിക്കുക എന്നതായിരുന്നു എന്‍റെ പദ്ധതി. അവസാന പോൻസി കേസും പൂര്‍ത്തിയാക്കി ഇന്ന് അധികാരികള്‍ക്ക് കൈമാറും.'- ആൻഡേഴ്‌സൺ അഭിമുഖത്തില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'ഇപ്പോൾ എന്തിനാണ് പിരിച്ചുവിടുന്നത്? ഒരു പ്രത്യേക കാര്യവുമില്ല - പ്രത്യേക ഭീഷണിയില്ല, ആരോഗ്യ പ്രശ്‌നമില്ല, വലിയ വ്യക്തിപരമായ പ്രശ്‌നവുമില്ല. ഒരു പ്രത്യേക ഘട്ടത്തിൽ, വിജയകരമായ എന്‍റെ കരിയർ ഒരു സ്വാർഥ പ്രവൃത്തിയായി മാറുന്നുവെന്ന് ഒരിക്കെ ഒരാൾ എന്നോട് പറഞ്ഞു. എനിക്ക് വേണ്ടിത്തന്നെ സ്വയം ചില കാര്യങ്ങൾ തെളിയിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. എനിക്കിപ്പോള്‍ എന്നിൽ നിന്ന് തന്നെ കുറച്ച് ആശ്വാസം ലഭിച്ചു. ഒരുപക്ഷേ എന്‍റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ'- അദ്ദേഹം പറഞ്ഞു.
'ഞാൻ എന്നെത്തന്നെ അനുവദിച്ചിരുന്നെങ്കിൽ എനിക്ക് എല്ലാം അനുഭവിക്കാമായിരുന്നു. പക്ഷേ ആദ്യം ഞാൻ എന്നെത്തന്നെ ഒരു തീച്ചൂളയിലൂടെ കടത്തി വിടട്ടെ. എന്നെ നിർവചിക്കുന്ന ഒരു കേന്ദ്ര ബിന്ദുവായിട്ടല്ല, എന്‍റെ ജീവിതത്തിലെ ഒരു അധ്യായമായാണ് ഞാൻ ഇപ്പോൾ ഹിൻഡൻബർഗിനെ കാണുന്നത്.'- നേറ്റ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
ഇഷ്‌ടമുള്ള ഹോബികളിൽ ഏർപ്പെടാനും യാത്ര ചെയ്യാനും തന്‍റെ പ്രതിശ്രുത വധുവിനും കുട്ടിക്കുമൊപ്പം സമയം ചെലവഴിക്കാനുമാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്ന് ആൻഡേഴ്‌സൺ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭാവിയിൽ അവരെ പരിപാലിക്കാൻ ആവശ്യമായ പണം താൻ സമ്പാദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡെക്‌സ് ഫണ്ടുകളിലും മറ്റ് കുറഞ്ഞ സമ്മർദ നിക്ഷേപങ്ങളിലും തന്‍റെ പണം നിക്ഷേപിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'എന്‍റെ ടീമിലെ എല്ലാവരും എത്താൻ ആഗ്രഹിക്കുന്നിടത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലാണ് ഞാൻ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചിലർ അവരുടെ സ്വന്തം ഗവേഷണ സ്ഥാപനം ആരംഭിക്കാൻ പോകുന്നു. എനിക്ക് വ്യക്തിപരമായ പങ്കാളിത്തമൊന്നുമില്ലെങ്കിലും ഞാൻ അതിനെ ശക്തമയി പ്രോത്സാഹിപ്പിക്കും. ഞങ്ങളുടെ ടീമിൽ സ്വതന്ത്ര ഏജന്‍റുമാരായ ചിലരുണ്ട്. അവരില്‍ ആരെയെങ്കിലും നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ എന്നെ ബന്ധപ്പെടാൻ മടിക്കേണ്ട'- നേറ്റ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
അദാനിയുടെ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ എല്ലാ രേഖകളും ആശയവിനിമയങ്ങളും സംരക്ഷിക്കാൻ ഹൗസ് ജുഡീഷ്യറി കമ്മിറ്റി അംഗമായ ഒരു റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് ആൻഡേഴ്‌സന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അദാനി ഗ്രൂപ്പായിരുന്നു ഹിൻഡൻബർഗ് റിസർച്ചിന്‍റെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. 2023 മുതൽ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ അദാനിക്ക് കോടിക്കണക്കിന് ഡോളറിന്‍റെ നഷ്‌ടമാണ് ഉണ്ടാക്കിയത്. അതേസമയം എല്ലാ കുറ്റങ്ങളും അദാനിയും കമ്പനികളും നിഷേധിച്ചിരുന്നു.
സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയര്‍പേഴ്‌സണ്‍ മാധവി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അദാനി ഗ്രൂപ്പിന്‍റെ ഷെല്‍ കമ്പനികളില്‍ സെബി അധ്യക്ഷയ്‌ക്കും നിക്ഷേപമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ജനുവരി 20-ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ട് മുമ്പാണ് ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് അടച്ചുപൂട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.
Also Read:'അദാനി ഗ്രൂപ്പിന്‍റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപം' സെബി ചെയര്‍പേഴ്‌സണെതിരെ ഹിൻഡൻബര്‍ഗ്