ഞാനിന്ന് വൈദ്യസഹായത്തോടെ മരിക്കുന്നതിനെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തു. ഞാന്‍ ആരോടെങ്കിലും സംസാരിക്കണം എന്നായിരുന്നു ആദ്യം എനിക്ക് കിട്ടിയ സന്ദേശം. ആത്മഹത്യ ഹെല്‍പ്പ് ലൈന്‍റെ ഒരു നമ്പരും സ്ക്രീനില്‍ മിന്നിത്തെളിഞ്ഞു. തുടര്‍ന്ന് വിവിധ ലിങ്കുകള്‍ എന്നെ സഹായിക്കാനായി എത്തി. എനിക്ക് വേണ്ടത് കിട്ടുകയും ചെയ്‌തു.
ഞാനൊരു കടുംകൈയ്ക്ക് ഒരുങ്ങുകയാണെന്നുള്ള ചിന്തയാല്‍ ഇന്‍റര്‍നെറ്റ് എനിക്ക് അതിനുള്ള സഹായങ്ങള്‍ നല്‍കി. നിര്‍മ്മിത ബുദ്ധിക്ക് വൈദ്യസഹായത്തോടെയുള്ള മരണമെന്നാല്‍ ഇപ്പോഴും ആത്മഹത്യ തന്നെയാണ്. യഥാര്‍ത്ഥ ലോകത്തും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇത്തരത്തില്‍ തന്നെയാണ് പതിറ്റാണ്ടുകളായി മുന്നോട്ട് പോകുന്നത്.
ഇതിന് വിരുദ്ധമായി നെതര്‍ലന്‍ഡ്‌സിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള 28കാരിയായ പൂര്‍ണ ആരോഗ്യവതിയായ ഒരാളുടെ സംഭവം മാത്രം എന്‍റെ മുന്നിലെത്തി. ശാരീരികമായി പൂര്‍ണമായും സൗഖ്യവതിയായിട്ടും അവര്‍ ദയാവധം തെരഞ്ഞെടുത്തിരിക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ സംഭവം. എന്നാല്‍ ഇതിന് കാരണം അവരുടെ മാനസിക നില ആയിരുന്നു.
ഈ യുവതിക്ക് ഒരു കാമുകനുണ്ടായിരുന്നു. രണ്ട് പൂച്ചകളും. ഇത്രയുമുള്ള അവളുടെ ജീവിതം സമ്പൂര്‍ണമായിരുന്നു. എന്നാല്‍ അടുത്തമാസം അവള്‍ വൈദ്യശാസ്‌ത്രത്തിന്‍റെ സഹായത്തോടെ നിത്യ നിദ്രയിലേക്ക് പോകും.
കഴിഞ്ഞ മാസമാണ് മുന്‍ ഡച്ച് പ്രധാനമന്ത്രി ഡ്രൈയ്‌സ് വാന്‍ അഗ്‌റ്റിന് ദയാവധം നല്‍കാന്‍ രാജ്യം അനുമതി നല്‍കിയത്. ഒപ്പം ഭാര്യ യൂജിനെയും ദയാവധത്തിന് വിധേയ ആക്കി. 93 കാരായ ഇരുവരും വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കഷ്‌ടപ്പെടുകയായിരുന്നു. പ്രധാനമന്ത്രിയുടെ കാര്യം പക്ഷേ അപൂര്‍വമായിരുന്നില്ല. മാനസിക രോഗത്തിനും ദയാവധം നിയമവിധേയമാക്കിയിട്ടുള്ള അപൂര്‍വം രാജ്യങ്ങളിലൊന്നാണ് നെതര്‍ലന്‍ഡ്‌സ്.
നെതര്‍ലന്‍ഡ്‌സിന് പുറമെ സ്വിറ്റ്സര്‍ലന്‍ഡിലും മാനസിക രോഗികള്‍ക്ക് ദയാവധം നിയമവിധേയമാക്കിയിട്ടുണ്ട്. കാനഡയിലും ഉടന്‍ തന്നെ ഇത് നടപ്പാക്കുമെന്നാണ് സൂചന. അമേരിക്കയിലെ മെയ്‌ന്‍, ഒറിഗോണ്‍ തുടങ്ങിയ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് മാനസിക രോഗികള്‍ക്ക് ദയാവധം നിയമവിധേയമാക്കിയിട്ടുള്ളത്. മറ്റ് ചില സംസ്ഥാനങ്ങളില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ആരും മാനസിക രോഗത്തിന് ദയാവധം നല്‍കുന്നതില്‍ യോജിച്ചില്ല.
വാര്‍ധക്യസഹജമായ രോഗം മൂലം വലയുന്നവര്‍ക്ക് ദയാവധം നല്‍കാമെന്ന് 2018 ല്‍ ഇന്ത്യന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത്തരം രോഗികളുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കാം. മടങ്ങി വരാനാകാത്ത വിധം കോമയിലായിപ്പോയവര്‍ക്കുമുള്ള ഇത്തരം ജീവന്‍രക്ഷാ സഹായങ്ങള്‍ നീക്കാം. എന്നാല്‍ നമ്മുടെ രാജ്യത്ത് മാനസിക രോഗികള്‍ക്ക് ഇത്തരം സഹായങ്ങള്‍ നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെംഗളുരുവിലെ ഒരു സ്‌ത്രീ തന്‍റെ സുഹൃത്തിന്‍റെ സ്വിറ്റ്സര്‍ലന്‍ഡ് യാത്ര തടയണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 48 കാരനായ നോയ്‌ഡ സ്വദേശിയുടെ യാത്ര തടയണമെന്നായിരുന്നു ആവശ്യം. ദയാവധത്തിന് വേണ്ടിയാണ് ഇയാളുടെ യാത്രയെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. 2014 മുതല്‍ ഇയാള്‍ കൊടും ക്ഷീണം ബാധിച്ച അവസ്ഥയിലായിരുന്നു. ഇതിന് പുറമെ തലവേദന, ഉറക്കപ്രശ്‌നങ്ങള്‍, നെഞ്ചുവേദന തുടങ്ങിയ അസ്വസ്ഥതകളും ഇയാളെ അലട്ടിയിരുന്നു. എന്നാല്‍ ഇവയൊന്നും ദയാവധം നേടാനുള്ള കാരണം ആയിരുന്നില്ല.
ദയാവധത്തെക്കുറിച്ച് വലിയ തോതില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. വിഷയത്തില്‍ നിരവധി ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് നല്‍കി വരുന്ന മഹനീയമായ മരണമാണ് ശരിക്കും ദയാവധം. പാലിയേറ്റീവ് പരിചരണം അടക്കമുള്ളവ നല്‍കിയാലും അവരുടെ ശാരീരിക, വൈകാരിക സമ്മര്‍ദ്ദങ്ങള്‍ അസഹനീയവും കടുത്തതുമാകും.
ജീവിതത്തിന്‍റെ വിശുദ്ധതയെ തന്നെ ഇല്ലാതാക്കുന്നതാണ് ദയാവധമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. വൃദ്ധരോടും ഭിന്നശേഷിക്കാരോടും ഗുരുതര രോഗികളോടുമുള്ള സമൂഹത്തിന്‍റെ മനോഭാവം മൂലവും ഇതിനെ എതിര്‍ക്കുന്നു. ഇത്തരം നിയമങ്ങള്‍ കൊണ്ടുവന്നാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും ഇതിനെ എതിര്‍ക്കാന്‍ കാരണമാണ്.
മാനസിക രോഗികള്‍ക്കുള്ള ദയാവധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എത്തുമ്പോള്‍ ആശങ്കകള്‍ ഇരട്ടിയാകുന്നു. ഇത് വളരെയധികം മോശമായി മാറുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. മാനസികാരോഗ്യ സൗകര്യങ്ങള്‍ ലഭിക്കാത്തവര്‍, രോഗശാന്തി കിട്ടാത്തവര്‍, പാവങ്ങളും സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവരുമായവര്‍ തുടങ്ങിയവരെ ഈ നിയമം ബാധിച്ചേക്കാം.
Also Read:കൊവിഡിന് ശേഷം മനുഷ്യന്‍റെ മനസിന് എന്ത് പറ്റി? മാനസികാരോഗ്യം കുറഞ്ഞു; ആഗോള തലത്തിലെ പഠനറിപ്പോർട്ട്
ദയാവധത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടെന്ന് ആരോഗ്യവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊരു വേദന നിറഞ്ഞ ജീവിതം അവസാനിപ്പിക്കലാണ്. പക്ഷേ വേദന നിറഞ്ഞ മരണം ഒഴിവാക്കലല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ചിലരുടെ കാര്യത്തില്‍ ദയാവധം ഒരു അനുഗ്രഹം തന്നെയാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ മറ്റുചിലരുടെ കാര്യത്തില്‍ ഇതൊരു സഹായത്തോടെയുള്ള ആത്മഹത്യയാകുന്നു. അത് കൊണ്ട് തന്നെ ഇതിന് കൃത്യമായ അതിര്‍വരമ്പുകള്‍ ഉണ്ടാകണം. നെതര്‍ലന്‍ഡ്‌സിലെ 28 കാരിയുടെ ജീവിതം അവളുടെ സ്വന്തമാണ്. എന്നാല്‍ അവള്‍ മരണം അര്‍ഹിക്കുന്നുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു.