വാഷിങ്‌ടണ്‍: പുതിയ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍ നടപടി ആരംഭിച്ചു. രണ്ട് യുഎസ് സൈനിക വിമാനങ്ങളിലായി നൂറു കണക്കിന് കുടിയേറ്റക്കാരെയാണ് ട്രംപ് ഭരണകൂടം നാടുകടത്തിയത്. കുടിയേറ്റക്കാരെ വഹിച്ചുള്ള വിമാനങ്ങള്‍ ഗ്വാട്ടിമാലയിൽ എത്തിയതായി അധികൃതർ അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിലേക്ക് മാറ്റുന്നതിന്‍റെ ഒരു ചിത്രവും വൈറ്റ് ഹൗസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും എക്‌സിലെ പോസ്‌റ്റില്‍ കുറിച്ചു.
"നൽകിയ വാഗ്‌ദാനങ്ങൾ, പാലിക്കപ്പെട്ട വാഗ്‌ദാനങ്ങൾ. ട്രംപ് വാഗ്‌ദാനം ചെയ്‌തതുപോലെ നാടുകടത്തൽ നടപടി ആരംഭിച്ചു. നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ശക്തമായ മുന്നറിയിപ്പാണ് ട്രംപ് ഇതിലൂടെ ലോകത്തിന് നല്‍കുന്നത്," എന്ന് വൈറ്റ് ഹൗസിന്‍റെ എക്‌സ് പോസ്‌റ്റില്‍ പറയുന്നു.
ആദ്യ വിമാനത്തിൽ 48 പുരുഷന്മാരും 31 സ്‌ത്രീകളും അടക്കം ആകെ 79 ഗ്വാട്ടിമാലക്കാർ ഉണ്ടായിരുന്നു. 538 അനധികൃത കുടിയേറ്റക്കാരെ അറസ്‌റ്റ് ചെയ്‌തതായും നൂറുകണക്കിന് ആളുകളെ സൈനിക വിമാനങ്ങൾ വഴി നാടുകടത്തിയതായും വൈറ്റ് ഹൗസ് അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെ പിന്തുണച്ച് ഇന്ത്യ
നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ നിലപാട് അംഗീകരിക്കുന്നുവെന്നും പൂര്‍ണ പിന്തുണയെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ശരിയായ രേഖകളില്ലാതെ അമേരിക്കയിലോ, ലോകത്തിന്‍റെ മറ്റെവിടെയെങ്കിലുമോ അധികകാലം തങ്ങുകയോ താമസിക്കുന്നതോ ആയ ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഇത് സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
"നിയമവിരുദ്ധ കുടിയേറ്റത്തിന് ഞങ്ങൾ എതിരാണ്, പ്രത്യേകിച്ചും അത് പലതരം സംഘടിത കുറ്റകൃത്യങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്," എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അമേരിക്കയിലെ മാത്രമല്ല, ലോകത്തിലെവിടെയുമുള്ള ഇന്ത്യക്കാർക്ക്, അവര്‍ക്ക് ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഉണ്ടെങ്കില്‍ അവരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാൻ തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
18,000 ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചെത്തിക്കും
അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിയമവിരുദ്ധമായി കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രാജ്യം സജ്ജമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തെ അറിയിച്ചിരുന്നു. മതിയായ രേഖകളില്ലാതെ 18000 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യുഎസില്‍ ഉണ്ടെന്നും അവരെ തിരിച്ചയക്കേണ്ടി വരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ ഈ ആവശ്യം വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചിരുന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, 2024 ലെ അമേരിക്ക പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നിയമപരമായി അനുമതിയില്ലാതെ യുഎസിൽ താമസിക്കുന്ന കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരി 20ന് അധികാരത്തിലെത്തിയ ട്രംപ് മെക്‌സിക്കോയുമായുള്ള തെക്കൻ അതിർത്തിയിൽ "ദേശീയ അടിയന്തരാവസ്ഥ" പ്രഖ്യാപിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. ഇതിനുപിന്നാലെയാണ് നാടുകടത്തല്‍ ആരംഭിച്ചത്.
Read Also:അനധികൃത കുടിയേറ്റം: 18000 ഇന്ത്യക്കാര്‍ അമേരിക്ക വിടണം; പൗരന്മാരെ തിരിച്ചെത്തിക്കാന്‍ തയാറെന്ന് ഇന്ത്യ