തായ്‌പേയ്:തായ്‌വാന് ചുറ്റും സൈനികാഭ്യാസം നടത്തി ചൈന. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി തായ്‌വാൻ സ്വയം അംഗീകരിക്കണമെന്ന ബെയ്‌ജിങിൻ്റെ ആവശ്യം അംഗീകരിക്കാൻ തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിങ്-തെ വിസമ്മതിച്ചതിൻ്റെ പ്രതികരണമാണ് സൈനികാഭ്യാസമെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തായ്‌വാൻ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവർക്കുള്ള പ്രധാന മുന്നറിയിപ്പാണിതെന്നും ചൈന വ്യക്തമാക്കി.
'ജോയിന്‍റ് വാള്‍ 2024 ബി' എന്ന് പേരിട്ട അഭ്യാസ പ്രകടനങ്ങള്‍ തായ്‌വാന്‍ ദ്വീപിന്‍റെ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ നടക്കുന്നതായി ചൈനീസ് സൈന്യത്തിന്‍റെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് വക്താവ് ക്യാപ്റ്റൻ ലി സി പറഞ്ഞു. പരമാധികാരം സംരക്ഷിക്കാനുള്ള ചൈനയുടെ ദൃഢനിശ്ചയത്തിൻ്റെ സൂചനയാണിതെന്നും ലി സി വ്യക്തമാക്കി. 25ഓളം യുദ്ധ വിമാനങ്ങളും 11 കപ്പലുകളും തായ്‌വാന് ചുറ്റും വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ചൈനയുടെ സൈനികാഭ്യാസം അങ്ങേയറ്റം പ്രകോപനപരമാണെന്നും തിരിച്ചടിക്കാന്‍ തയ്യാറാണെന്നും തായ്‌വാന്‍ പ്രതികരിച്ചു. ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്നും തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തായ്‌വാനെ ചൈനയുടെ ഭാഗമായി അംഗീകരിക്കണമെന്ന ചൈനയുടെ ആവശ്യം നിരാകരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ എട്ട് വര്‍ഷത്തെ ഭരണ തുടര്‍ച്ചയ്‌ക്ക് ശേഷം ഈ മെയ് മാസത്തിലാണ് ലായ് അധികാരമേറ്റത്.