വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കമല ഹാരിസിന് വേണ്ടി സംഗീത ആൽബം പുറത്തിറക്കി ഇന്ത്യൻ - അമേരിക്കൻ സംരംഭകനായ അജയ് ഭുട്ടോറിയ. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാന ധനസമാഹരണം നടത്തുന്ന ആളുമാണ് ഇദ്ദേഹം. നവംബർ അഞ്ചിനാണ് അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.
"നാച്ചോ നാച്ചോ" എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡ് ഗായിക ഷിബാനി കശ്യപാണ്. റിതേഷ് പരീഖാണ് നിർമ്മിച്ചിരിക്കുന്നത്. അജയ് ജെയ്ൻ ഭുട്ടോറിയയുടെ ആശയത്തില്‍ വിരിഞ്ഞതാണ് ഈ സംഗീത ആല്‍ബം.
"നാച്ചോ നാച്ചോ' വെറുമൊരു ഗാനം മാത്രമല്ല. ഇത് ഒരു പ്രസ്ഥാനമാണ്. ദക്ഷിണേഷ്യൻ - അമേരിക്കൻ സമൂഹത്തെ ഒരുമിപ്പിക്കാൻ വേണ്ടിയാണ് ഈ ഗാനം കൊണ്ട് ലക്ഷ്യമിടുന്നത്. 4.4 ദശലക്ഷത്തിലധികം ഇന്ത്യൻ - അമേരിക്കക്കാരും ആറ് ദശലക്ഷത്തിലധികം ദക്ഷിണേഷ്യക്കാരും വോട്ട് രേഖപ്പെടുത്തും. നമ്മുടെ ലക്ഷ്യം കമലാ ഹാരിസിനെ വിജയിപ്പിക്കുകയെന്നതാണ്. ഭാഷയ്ക്കും സാംസ്‌കാരിക പരിമിതികൾക്കും അതീതമായ ഈ സംഗീത ആൽബം, ഹിന്ദി, പഞ്ചാബി, തമിഴ്, തെലുഗ്, ഗുജറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലുളള ആളുകളെയെല്ലാം ഒരുമിപ്പിക്കുന്നു". ഭുട്ടോറിയ പറഞ്ഞു.