ന്യൂയോർക്ക്: വംശീയ വിവേചനം നടത്തിയെന്ന് ആരോപിച്ച് അമേരിക്കൻ എയർലൈൻസിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുത്ത് ന്യൂയോർക്ക് ഫെഡറൽ കോടതി. ഫീനിക്‌സിൽ വിമാനം കായറാന്‍ നിന്ന കറുത്ത വര്‍ഗക്കാരോട് അമേരിക്കൻ എയർലൈൻസ് വംശീയ വിവേചനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. റാൽഫ് നാദർ സ്ഥാപിച്ച ഉപഭോക്തൃ-അഭിഭാഷക ഗ്രൂപ്പായ പബ്ലിക് സിറ്റിസൺ ഫയൽ ചെയ്‌ത കേസിലാണ് നടപടി.
വ്യത്യസ്‌ത സ്ഥലത്ത് ഇരുന്നിരുന്ന മുന്‍പരിചയം ഇല്ലാത്ത അഞ്ച് പേരെ വംശീയതയുടെ പേരില്‍ ഇറക്കിവിടുകയായിരുന്നു എന്നാണ് പരാതിക്കാരുടെ ആരോപണം. പിന്നീട് ടിക്കറ്റ് റീബുക്ക് ചെയ്യാം എന്ന് അമേരിക്കന്‍ എയർലൈൻസ് അവരെ അറിയിച്ചു. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം അന്ന് ന്യൂയോർക്കിലേക്ക് മറ്റ് വിമാനങ്ങളൊന്നുമില്ല എന്ന് ഉറപ്പായപ്പോള്‍ ഇറക്കിവിട്ട വിമാനത്തിലേക്ക് തിരിച്ച് കയറാനും യാത്ര ചെയ്യാനും അവരെ അനുവദിച്ചെന്നും പരാതിയില്‍ പറയുന്നു.
വിമാനത്തിലെ ഒരു യാത്രക്കാരന്‍റെ ശരീരത്തില്‍ നിന്നും ദുർഗന്ധം വരുനെന്ന് ഒരു ഫ്ലൈറ്റ് അറ്റൻഡൻ്റ് പരാതിപ്പെട്ടതിനാലാണ് ഇവരെ പുറത്താക്കിയതെന്ന് എയർലൈൻ ജീവനക്കാരൻ പറഞ്ഞു. അമേരിക്കൻ എയർലൈൻസിന് ശരീര ദുർഗന്ധമുള്ള കറുത്ത വർഗ്ഗക്കാരനായ യാത്രക്കാരനെക്കുറിച്ച് പരാതി ലഭിച്ചെങ്കില്‍, അത് പരിശോധിച്ച് കണ്ടെത്തുകയാണ് വേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കില്‍ എട്ട് കറുത്തവർഗ്ഗക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കുകയല്ല ചെയ്യേണ്ടത് എന്ന് മൂന്ന് പേരെ പ്രതിനിധീകരിക്കുന്ന അഭിഭാഷക സൂസൻ ഹുഹ്ത പ്രതികരിച്ചു.