വാഷിങ്‌ടണ്‍ (യുഎസ്) : തെരഞ്ഞെടുപ്പ് റാലിയ്‌ക്കിടെ യുഎസ് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് നേതാക്കള്‍. സംഭവത്തില്‍ പ്രതികരിച്ച് വൈസ് പ്രസിഡന്‍റ് കമല ഹാരിസും മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും രംഗത്തെത്തി. സംഭവം വെറുപ്പുളവാക്കുന്നതാണെന്ന് പറഞ്ഞ കമല ഹാരിസ്, ഇത്തരം ആക്രമണങ്ങള്‍ക്ക് യുഎസില്‍ സ്ഥാനമില്ലെന്നും പ്രതികരിച്ചു.
'മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിയെ വെടിവയ്‌പ്പ് ഉണ്ടായതായി വിവരം ലഭിച്ചു. അദ്ദേഹത്തിന് ഗുരുതമായ പരിക്കില്ല എന്നതില്‍ ഞാനും ഡഗും ആശ്വസിക്കുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും വെടിവയ്‌പ്പില്‍ പരിക്കേറ്റവരും ബാധിക്കപ്പെട്ടവരുമായ മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.' -കമല ഹാരിസ് എക്‌സില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു.
വെടിവയ്‌പ്പിന് പിന്നാലെ സമയോചിതമായ ഇടപെടല്‍ നടത്തിയ യുഎസ് സീക്രട്ട് സര്‍വീസ് സംഘത്തെ കമല അഭിനന്ദിച്ചു. 'സംഭത്തില്‍ സമയോചിതമായി ഇടപെട്ട യുഎസ് സീക്രട്ട് സര്‍വീസ്, തദ്ദേശ ഭരണകൂടം എന്നിവരെ അഭിന്ദിക്കുന്നു. ഞങ്ങളുടെ രാജ്യത്ത് ഇത്തരം ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ല.' -കമല കൂട്ടിച്ചേര്‍ത്തു.
യുഎസില്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സ്ഥാനമില്ല എന്നായിരുന്നു മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രതികരണം. 'നമ്മുടെ രാജ്യത്ത് രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സ്ഥാനമില്ല. എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ലെങ്കിലും മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കാര്യമായ പരിക്കില്ല എന്നത് ആശ്വാസകരമാണ്. നമ്മുടെ രാജ്യത്തിന്‍റെ നാഗരികതയിലേക്കും രാഷ്‌ട്രീയത്തെ ബഹുമാനിക്കുന്നതിലേക്കും നമുക്ക് നമ്മെ തന്നെ സമര്‍പ്പിക്കാനുള്ള ഒരു അവസരമായി ഈ സംഭവത്തെ കാണാം. അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഞാനും മിഷേലും പ്രാര്‍ഥിക്കുന്നു.' -ഒബാമ എക്‌സില്‍ കുറിച്ചു.
നേരത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് അനുവദിക്കില്ലെന്നായിരുന്നു ബൈഡന്‍റെ പ്രതികരണം. ശനിയാഴ്‌ചയാണ് പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിയ്‌ക്കിടെ ഡൊണാള്‍ഡ് ട്രംപിന് നേരെ ആക്രമണം ഉണ്ടായത്.
വേദിയ്‌ക്ക് സമീപത്തെ കെട്ടിടത്തില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊലപ്പെടുത്തിയതായാണ് വിവരം. സംഭവത്തിന് പിന്നാലെ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ട്രംപിന്‍റെ ചെവിയില്‍ നിന്ന് രക്തം വരുന്നതായി കാണാം.
Also Read:'ആക്രമണങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ല, ഇത് അനുവദിക്കാനാവില്ല': ട്രംപിന് നേരെ ഉണ്ടായ വധശ്രമത്തില്‍ ജോ ബൈഡൻ - Joe Biden On Attack Over Trump