ദെയ്ർ അൽ-ബലാ (ഗാസ) : തെക്കൻ ഗാസയിലെ അഭയാര്‍ഥി കേന്ദ്രമായിരുന്ന സ്‌കൂളിലേക്ക് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 25 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്‌ചയാണ് സ്‌കൂളിന്‍റെ പ്രവേശന കവാടത്തില്‍ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഏഴ് സ്‌ത്രീകളും കുട്ടികളുമുണ്ടെന്ന് ഖാൻ യൂനിസിലെ നാസർ ആശുപത്രി വ്യക്തമാക്കി.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ആശുപത്രി വക്താവ് വീം ഫെയർസ് അറിയിച്ചു. ഗാസയുടെ വടക്ക് കനത്ത ബോംബാക്രമണം നടക്കുന്നതിനെ തുടര്‍ന്ന് നഗരത്തിലെ മെഡിക്കൽ സൗകര്യങ്ങൾ അടച്ചുപൂട്ടി. ആയിരക്കണക്കിന് പലസ്‌തീനികളാണ് ഇവിടെ നിന്ന് പലായനം ചെയ്യുന്നത്.
ഒമ്പത് മാസമായി നടക്കുന്ന നരഹത്യയില്‍ ഗാസ നഗരത്തിന്‍റെ വലിയ ഭാഗവും ചുറ്റുമുള്ള നഗരപ്രദേശങ്ങളും തകര്‍ന്നു. പലസ്‌തീനിന്‍റെ ജനസംഖ്യയുടെ ഭൂരിഭാഗവും പലായനം ചെയ്‌തതായാണ് കണക്ക്. അതേസമയം ഗാസയുടെ വടക്കുഭാഗത്ത് ഇപ്പോഴും ലക്ഷക്കണക്കിന് പലസ്‌തീനികൾ തുടരുന്നുണ്ട്.
നേരത്തെ സെൻട്രൽ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ ഒരു സ്‌ത്രീയും നാല് കുട്ടികളും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം ഗാസയിലുടനീളമുള്ള തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം തുടരുന്നത് എന്ന് ആവര്‍ത്തിക്കുകയാണ് ഇസ്രയേൽ.
Also Read :ഗാസയില്‍ മഞ്ഞുരുകുന്നു? യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥരെ സമീപിച്ചെന്ന് ഹമാസ് - Israel Gaza war