ബ്ലാക്‌സ്ബര്‍ഗ്(യുഎസ്): മനുഷ്യരിലേക്ക് അവയവങ്ങള്‍ മാറ്റി വയ്ക്കാനായി പന്നികളെ വികസിപ്പിച്ച് അമേരിക്ക. ദക്ഷിണ അമേരിക്കയിലെ വിര്‍ജീനിയ സംസ്ഥാനത്ത് ഡേവിഡ് അയേഴ്‌സും അദ്ദേഹത്തിന്‍റെ ഗവേഷക സംഘവും ചേര്‍ന്നാണ് ഇത്തരത്തില്‍ ജനിതക വ്യതിയാനം വരുത്തിയ പന്നികളെ വികസിപ്പിച്ചിരിക്കുന്നത്.
അയേഴ്‌സ് നേതൃത്വം നല്‍കുന്ന രവിവികോര്‍ ബയോടെക് കമ്പനിയാണ് ഇത്തരത്തില്‍ മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക് മാറ്റി വയ്ക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അവയവ ദൗര്‍ലഭ്യം മൂലം അമേരിക്കയില്‍ പതിനായിരങ്ങള്‍ പ്രതിവര്‍ഷം മരണത്തിന് കീഴടങ്ങുന്ന സാഹചര്യത്തിലാണ് മൃഗങ്ങളുടെ അവയവങ്ങള്‍ മാറ്റി വയ്ക്കുന്നതിന്‍റെ സാധ്യത ഇവര്‍ തേടുന്നത്.
രവിവികോറില്‍ വികസിപ്പിച്ച പന്നിയുടെ വൃക്ക ടൊവാന ലൂണി എന്ന രോഗിയിലേക്ക് മാറ്റി വച്ചതായും അവര്‍ അറിയിച്ചു. ന്യൂയോര്‍ക്ക് ആശുപത്രിയില്‍ വച്ചാണ് അവയവം മാറ്റി വയ്ക്കല്‍ നടത്തിയത്. ശരിക്കും അത്ഭുതപ്പെടുത്തിയ നിമിഷങ്ങളായിരുന്നു ഇതെന്ന് അയേഴ്‌സ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജനിതക വ്യതിയാനം വരുത്തിയ പന്നികളുടെ അവയവങ്ങള്‍ രോഗികളുടെ പ്രതിരോധ സംവിധാനം തിരസ്‌കരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവ സാധാരണ ഫാമുകളില്‍ കാണുന്ന പന്നികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവയിലെ ജനിതക ഘടനയ്ക്കായി ലക്ഷക്കണക്കിന് ഡോളറാണ് ചെലവിട്ടത്. അത് കൊണ്ട് തന്നെ ഇവ വിലയേറിയ മൃഗങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവയുടെ വൃക്കങ്ങള്‍ ഒരു ദിവസം പത്ത് ലക്ഷം ഡോളറിന് വിറ്റേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്ലാക്‌സ് ബര്‍ഗിലെ രവിവികോര്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് അവയവം മാറ്റി വയ്ക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. ശാസ്‌ത്ര ഭാവനകളെ ജീവന്‍ രക്ഷാ വൈദ്യസേവനങ്ങളാക്കി മാറ്റാനുള്ള ദൗത്യത്തിലായിരുന്നു ഏറെക്കാലമായി ഇവര്‍.
അമേരിക്കയില്‍ മാത്രം ഒരു ലക്ഷം പേര്‍ അവയവങ്ങള്‍ മാറ്റിവയ്ക്കാനുള്ള കാത്തിരിപ്പ് പട്ടികയിലുണ്ട്. കാത്തിരുന്ന് പ്രതിവര്‍ഷം ഇവരില്‍ പതിനായിരത്തോളം പേര്‍ മരണമടയുന്നു. പലപ്പോഴും വൃക്ക മാറ്റിവയ്ക്കലിനായാണ് ഏറെ പേരും കാത്തിരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
തിരിച്ചറിവ് സാധ്യതകള്‍ കുറവ്
2021 മുതല്‍ അമേരിക്കന്‍ ഡോക്‌ടര്‍മാര്‍ നിരവധി രോഗികളില്‍ ജനിതക വ്യതിയാനം വരുത്തിയ പന്നികളുടെ അവയവങ്ങള്‍ വിജയകരമായി മാറ്റി വച്ചിട്ടുണ്ട്. വൃക്കകളും ഹൃദയവുമാണ് ഇത്തരത്തില്‍ മാറ്റി വച്ചതിലേറെയും. ഇതിലേറെയും നല്‍കിയിട്ടുള്ളത് രവിവികോര്‍ ആണ്. ഇജെനിസിസ് എന്ന ബയോടെക് കമ്പനിയും ഇത്തരത്തില്‍ അവയവങ്ങള്‍ നല്‍കുന്നുണ്ട്. ആദ്യഘട്ടത്തില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങളായിരുന്നു മാറ്റി വച്ചിരുന്നത്.
എന്നാല്‍ ഇത്തരം രോഗികള്‍ അവയവം സ്വീകരിച്ച് ആഴ്‌ചകള്‍ക്കുള്ളില്‍ തന്നെ മരണത്തിന് കീഴടങ്ങുമ്പോള്‍ മൃഗങ്ങളുടെ അവയവങ്ങള്‍ സ്വീകരിച്ചവര്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുന്നു. അതായത് അവയെ മനുഷ്യ പ്രതിരോധ സംവിധാനങ്ങള്‍ അത്രയെളുപ്പത്തില്‍ തിരസ്‌കരിക്കുന്നില്ലെന്നര്‍ത്ഥം. ഇതൊരു ശുഭസൂചനയാണെന്നാണ് ശാസ്‌ത്രജ്ഞര്‍ വിലയിരുത്തുന്നത്.
ഗവേഷണ ഫാമില്‍ നിന്ന് അകലെയുള്ള ഒരു ഇരുണ്ട ലബോറട്ടറിയിലാണ് ജനിതക വ്യതിയാനം വരുത്തിയ പന്നികളെ ഉണ്ടാക്കുന്നത്. രവി വികോറിന്‍റെ സെല്‍ ബയോളജി തലവന്‍ ടോഡ് വോട്ട് അതി സൂക്ഷ്‌മമായി പന്നികളുടെ അണ്ഡത്തില്‍ നിന്ന് അതിന്‍റെ ഡിഎന്‍എ നീക്കം ചെയ്‌ത് ജനിതക വ്യതിയാനം വരുത്തിയ കോശങ്ങള്‍ സ്ഥാപിക്കുന്നു. പിന്നീട് ഇത് ടെസ്റ്റ് ട്യൂബുകളില്‍ വികസനത്തിനായി നിക്ഷേപിക്കുന്നു. നാല് മാസത്തിന് ശേഷം പുത്തന്‍ പന്നിക്കുഞ്ഞുങ്ങള്‍ ജനിക്കുന്നു.
ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അവയവ മാറ്റം നടക്കുന്നുണ്ട്. അമേരിക്കയാണ് ഈ രംഗത്ത് ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നത്. അതേസമയം ഇതിനെതിരെ ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഫ്രഞ്ച് സോഷ്യോളജിസ്റ്റ് കാതറിന്‍ റെനെ പന്നികളുടെ ദുരുപയോഗം ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തുന്നു. മനുഷ്യന് വേണ്ടി അവയവങ്ങള്‍ സൃഷ്‌ടിക്കാനുള്ള കേവലം പാത്രങ്ങളായി മാത്രം അവയെ കാണുന്നുവെന്നും അവര്‍ ആരോപിക്കുന്നു.
ഏത് മൃഗത്തിന്‍റെ അവയവമാണ് സ്വീകരിച്ചതെന്ന് രോഗികള്‍ക്ക് അറിയാനുള്ള അവസരങ്ങളുമുണ്ടാകുന്നില്ലെന്നും അവര്‍ എഎഫ്പിയോട് പറഞ്ഞു. എന്നാല്‍ അവരുടെ ആരോപണങ്ങളെ അയേഴ്‌സ് തള്ളി. പ്രതിവര്‍ഷം ഭക്ഷണത്തിനായി ലക്ഷക്കണക്കിന് പന്നികളെ നാം ഉപയോഗിക്കുന്നു. അതേക്കാളും എത്ര ഉയര്‍ന്നതലത്തിലാണ് അവയവത്തിനായി അവയെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് വില
ആദ്യഘട്ടത്തില്‍ ഒരൊറ്റ ജനിതക വ്യതിയാനം മാത്രമാണ് പന്നികളില്‍ വരുത്തിയിരുന്നത്. പിന്നീട് പത്തോളം ജനിതക മാറ്റങ്ങള്‍ വരുത്തി. ഇതില്‍ ആറെണ്ണം മനുഷ്യ ഡിഎന്‍എ ഉപയോഗിച്ച് തന്നെ ആയിരുന്നു. ജൈവിക ശേഷി വര്‍ദ്ധിപ്പിക്കാനുദ്ദേശിച്ചായിരുന്നു ഈ മാറ്റം. ബ്ലാക്സ്ബര്‍ഗിന് സമീപം മാര്‍ച്ചില്‍ അവയവ വാണിജ്യത്തിനായി ഒരു കമ്പനി തുടങ്ങിയിട്ടുണ്ട്.
ഇവിടെ പന്നികളില്‍ നിന്ന് വൃക്കകള്‍ നീക്കം ചെയ്‌ത് ആവശ്യക്കാരിലെത്തിക്കും. 200 പന്നികളെയാണ് ഒരേസമയം ഇവിടെ സൂക്ഷിക്കുക. അണുബാധ ഉണ്ടാകാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു. 2025 മുതല്‍ രോഗികളില്‍ പരീക്ഷണം നടത്താനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. ഭക്ഷ്യ മരുന്ന് വകുപ്പിന്‍റെ അനുമതി കിട്ടിയാല്‍ 2029 ഓടെ പൂര്‍ണതോതില്‍ ഉത്പാദനം ആരംഭിക്കും.
രവികോറിന്‍റെ മാതൃകമ്പനിയായ യൂണൈറ്റഡ് തെറാപ്യൂട്ടിക്‌സ് ഇതിനകം തന്നെ ശതകോടികള്‍ ഈ രംഗത്ത് നിക്ഷേപിച്ചിട്ടുണ്ട്. കൂടുതല്‍ സൗകര്യമുള്ള പരീക്ഷണശാലകള്‍ക്ക് വേണ്ടിയാണിത്. ഒരു വൃക്കയ്ക്ക് പത്ത് ലക്ഷം ഡോളര്‍ വിലയീടാക്കാനാണ് കമ്പനിയുടെ തീരുമാനം. പത്ത് വര്‍ഷം ഡയാലിസിസ് ചെയ്യുന്ന ചെലവേ ഇതിന് വേണ്ടി വരൂ. വന്‍തോതില്‍ പന്നികളുടെ വൃക്ക ലഭ്യമാക്കുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ രോഗികള്‍ക്ക് ഇവ ലഭ്യമാക്കാനുമാകില്ലെന്ന് അയേഴ്‌സ് പറയുന്നു.
Also Read;വൃക്ക മാറ്റിവക്കൽ തട്ടിപ്പ്; അമേരിക്കൻ ദമ്പതികളിൽ നിന്ന് തട്ടിയെടുത്തത് 80 ലക്ഷം രൂപ