കേരളം

kerala

ETV Bharat / international

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജാപ്പനീസ് സംഘടന നിഹോൺ ഹിഡാൻക്യോയ്ക്ക്

ഹിരോഷിമ, നാഗസാക്കി അണുബോംബ് സ്‌ഫോടനങ്ങളെ അതിജീവിച്ചവരുടെ സംഘടനാണ് നിഹോൺ ഹിഡാൻക്യോ.

By ETV Bharat Kerala Team

Published : 5 hours ago

WHO WON 2024 NOBEL PRIZE FOR PEACE  NIHON HIDANKYO HIROSHIMA NAGASAKI  2024 സമാധാനത്തിനുള്ള നൊബേൽ  സമാധാന നൊബേല്‍ ആണവായുധം യുദ്ധം
Japanese organisation Nihon Hidankyo (Nobel Prize Website)

ഹൈദരാബാദ് : 2024 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോൺ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനങ്ങളെ അതിജീവിച്ചവരുടെ സംഘടനാണ് നിഹോൺ ഹിഡാൻക്യോ. ആണവ രഹിത ലോകത്തിനുവേണ്ടി സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദരം.

1956-ൽ രൂപീകൃതമായ നിഹോൺ ഹിഡാൻക്യോ ജപ്പാനിലെ അണുബോംബ് അതിജീവിതരുടെ ഏറ്റവും വലിയ സംഘടനയാണ്. ആണവായുധങ്ങളുടെ വിനാശത്തിന്‍റെ നേര്‍ സാക്ഷ്യമായാണ് സംഘടന നിലകൊള്ളുന്നത്. ആണവ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോള തലത്തില്‍ അവബോധം വളർത്തുകയാണ് സംഘടനയുടെ ദൗത്യം.

1945 ഓഗസ്റ്റിൽ തങ്ങൾ അനുഭവിച്ച ദുരിതത്തെക്കുറിച്ചുള്ള അവരുടെ വ്യക്തിപരമായ അനുഭവം അന്താരാഷ്‌ട്ര 'ആണവ നിരോധനം' എന്ന ശക്തമായ ആശയം രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. ആണവായുധങ്ങൾക്കെതിരായി ആഗോള തലത്തില്‍ എതിർപ്പ് രൂപപ്പെടുത്തുന്നതിലും അത് നിലനിർത്തുന്നതിനും സംഘടന നടത്തിയ അചഞ്ചലമായ ശ്രമങ്ങളെ നൊബേൽ കമ്മിറ്റി പ്രശംസിച്ചു.

'വിവരണനത്തിന് അതീതമായതിനെ വിവരിക്കാനും ചിന്തയ്ക്കും അപ്പുറമായതിനെക്കുറിച്ച് ചിന്തിക്കാനും ഹിബാകുഷ (ഹിരോഷിമ നാഗസാക്കി അതിജീവിതര്‍) നമ്മളെ സഹായിക്കുന്നു' എന്നാണ് കമ്മിറ്റി പുരസ്‌കാര പ്രഖ്യാപന വേളയില്‍ പറഞ്ഞത്. ആണവായുധങ്ങൾ മൂലമുണ്ടാകുന്ന വേദനയേയും കഷ്‌ടപ്പാടുകളെയും കുറിച്ച് ലോകത്തിന് മനസിലാക്കിക്കൊടുക്കാന്‍ നിഹോൺ ഹിഡാൻക്യോയുടെ നേര്‍സാക്ഷ്യങ്ങള്‍ക്ക് കഴിഞ്ഞു എന്ന് കമ്മിറ്റി വിലയിരുത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബോംബാക്രമണം നടന്ന് ഏകദേശം 80 വർഷം പിന്നിട്ടിട്ടും ആണവായുധങ്ങൾ ആഗോള ഭീഷണിയായി തുടരുകയാണ്. ആഗോള സമാധാനത്തിനെതിരായി, വർധിച്ചുവരുന്ന ഭീഷണികളുടെ ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ പുരസ്‌കാരം. ആണവായുധങ്ങൾ ആധുനികവത്‌കരിക്കപ്പെടുകയാണെന്നും പുതിയ ഭീഷണികൾ ഉയർന്നുവരുന്നതിനാൽ അവയ്‌ക്കെതിരെയുള്ള മാനദണ്ഡങ്ങള്‍ സമ്മർദത്തിലാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം മൂന്നാം വർഷവും ജീവഹാനികളോടെത്തന്നെ തുടരുകയാണ്. ഗാസയിൽ 2023 ഒക്‌ടോബറിൽ ആരംഭിച്ച സംഘര്‍ഷം ഇതിനകം 42,000-ത്തിലധികം ആളുകളെ കൊന്നുകഴിഞ്ഞു.

മേഖലയിലുടനീളം അക്രമം വർധിച്ചു. 17 മാസമായി സുഡാനില്‍ നടക്കുന്ന യുദ്ധത്തില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് മാറ്റിപ്പാർപ്പിക്കപ്പെട്ടത്. ഈ നിമിഷത്തിൽ, ആണവായുധങ്ങൾ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിനാശകരമായ ആയുധമാണെന്ന് നമ്മള്‍ ഓര്‍ക്കണമെന്ന് നൊബേല്‍ കമ്മിറ്റി പറഞ്ഞു.

Also Read:സാഹിത്യത്തിനുള്ള നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്; പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യൻ വനിത

ABOUT THE AUTHOR

...view details