മോസ്കോ:റഷ്യയിലെ കാംചത്ക ഉപദ്വീപിൽ ഹെലികോപ്ടര്‍ തകര്‍ന്ന് അപകടത്തില്‍ പെട്ട 17 മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം 19 വിനോദസഞ്ചാരികളും മൂന്ന് ജീവനക്കാരുമടക്കം 22 പേരുമായി പറന്നുയര്‍ന്ന ഹെലികോപ്ടര്‍ കാണാതായിരുന്നു. പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ഹെലികോപ്ടര്‍ അപ്രത്യക്ഷമാവുന്നത്.
ഇന്ന് (സെപ്തംബര്‍ 01) രാവിലെ മലയോര മേഖലയിൽ രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലില്‍ ഹെലികോപ്ടറിൻ്റെ അവശിഷ്ടങ്ങൾ കണ്ടതായി കംചട്ക ഗവർണർ വ്ളാഡിമിർ സോളോഡോവ് അറിയിച്ചിരുന്നു. റഡാറിൽ നിന്ന് തെന്നിമാറിയ സ്ഥലത്തിന് സമീപമാണ് ഹെലികോപ്ടര്‍ കണ്ടെത്തിയത്. രക്ഷാപ്രവർത്തകർ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ടെന്നും നേരം പുലര്‍ന്നാല്‍ തെരച്ചിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.