സംസ്ഥാനത്ത് നിപ്പ ബാധയെ തുടർന്ന് ക്വാറൻ്റൈനിൽ കഴിയുന്ന ആദ്യ ബാച്ചിലെ ആളുകളെ നാളെ ഡിസ്‌ചാർജ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിപ വൈറസ് ബാധയേറ്റ ഒരാളിൽ രോഗ ലക്ഷണം പ്രകടമായതിനു ശേഷമാണ് മറ്റുള്ളവരിലേക്ക് പടരുക. അതനുസരിച്ച് സെപ്‌തംബർ 25 ന് ആദ്യത്തെ ഇൻകുബേഷൻ പിരീഡ് അവസാനിക്കുന്ന ബാച്ചിനെയാണ് ഡിസ്‌ചാർജ് ചെയ്യുന്നതെന്ന് മന്ത്രി ഇടുക്കിയിൽ പറഞ്ഞു.
അതേസമയം എംപോക്‌സ് വ്യാപനത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു. വൈറസിൻ്റെ പുതിയ വകഭേദം വളരെ വേഗം പടർന്നു പിടിക്കുന്നതിനാൽ സർക്കാർ സൂക്ഷ്‌മമായി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. എംപോക്‌സ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഇതിനോടകം തിരിച്ചറിയുകയും അവരെ ബന്ധപ്പെടുകയും ചെയ്‌തിട്ടുണ്ടെന്ന് വീണ ജോർജ് പറഞ്ഞു. സമ്പർക്കത്തിലുള്ളവർക്ക് വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. കാരണം ഇത് വളരെ വേഗം വ്യാപിക്കുന്ന ഒരു പകർച്ചവ്യാധിയാണ്. നേരത്തെ അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ വൈറസ് പടർന്നിരുന്നുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.