നിങ്ങള്‍ ഒരാള്‍ക്ക് കൈകൊടുക്കുമ്പോള്‍ എത്ര മാത്രം മുറുക്കിപ്പിടിക്കാറുണ്ട്. അത് ആ ആളോടുള്ള ബന്ധത്തെ ആശ്രയിച്ചാണെന്നായിരിക്കും പൊതുവേ ഉള്ള മറുപടി. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. നിങ്ങളുടെ ഹസ്തദാനം എത്രമാത്രം ശക്തമാണെന്നതും എത്ര മാത്രം ദുര്‍ബലമാണെന്നതും ഭാവിയില്‍ വരാനിരിക്കുന്ന നിരവധി രോഗങ്ങളുടെ സൂചനയാകാമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. കൈമുറുക്കത്തിന്‍റെ ശക്തി ഹൃദ്രോഗ സാധ്യതയും പ്രമേഹ സാധ്യതയും മനസ്സിലാക്കാനുള്ള വഴിയാണത്രേ.
പലചരക്കുകളടങ്ങിയ സഞ്ചി കെയില്‍ തൂക്കി നടക്കാന്‍ നിങ്ങള്‍ക്ക് പ്രയാസം അനുഭവപ്പെടാറുണ്ടോ. നിങ്ങല്‍ക്ക് ഒരു തേന്‍കുപ്പി പ്രയാസം കൂടാതെ തുറക്കാന്‍ കഴിയുമോ. നിങ്ങളുടെ ഉത്തരം അല്ല എന്നാണെങ്കില്‍ നിങ്ങളുടെ ശരീരം ചില രോഗാവസ്ഥകളുടെ സൂചന നല്‍കകുകയാണ്.
കൈകള്‍ കൊണ്ട് നമുക്ക് എത്രത്തോളം ശക്തി പ്രയോഗിക്കാന്‍ കഴിയുമോ നമ്മുടെ ശരീരം അത്രത്തോളം ആരോഗ്യപൂര്‍ണമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. കൈമുറുക്കം എന്നത് ശരീരത്തിന്‍റെ ആകെ ശക്തിയെ സൂചിപ്പിക്കുന്നതാണ്. രക്ത സമ്മര്‍ദ്ദം പോലയോ, ഭാരപരിശോധന പോലെയോ ഒക്കെ സമയാസമയം ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ട ഒരു കാര്യമാണ് ഈ കൈമുറുക്ക പരിശോധന. കൈമുറുക്കം കുറവുള്ളവരില്‍ കോശങ്ങല്‍ എളുപ്പത്തില്‍ പ്രായാധിക്യം ബാധിച്ച് രോഗങ്ങള്‍ക്ക് വഴി വെക്കാനിടയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
ജേണല്‍ ഓഫ് ഹെല്‍ത്ത് പോപ്പുലേഷന്‍ ആന്‍ഡ് ന്യൂട്രീഷ്യന്‍ എന്ന മാസികയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച 'ഹാന്‍ഡ് ഗ്രിപ്പ് സ്ട്രെങ്ങ്ത്ത് ആസ് എ പ്രൊപ്പോസ്ഡ് ന്യൂ വൈറ്റല്‍ സൈന്‍ ഓഫ് ഹെല്‍ത്ത് എ റിവ്യൂ ' എന്ന ലേഖനത്തില്‍ ഇത് എടുത്തു പറയുന്നു.
കൈമുറുക്കം കുറവുള്ളവര്‍ക്ക് പ്രമേഹം പോലുള്ള നിരവധി രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യാക്കാരായ ഗവേഷകര്‍ പറയുന്നു. പ്രമേഹത്തിനു പുറമേ ഹൃദയ ധമനിയിലെ പ്രശ്നങ്ങള്‍, പക്ഷാഘാതം, ഗുരുതരമായ കരള്‍ വൃക്ക രോഗങ്ങള്‍, ചിലതരം കാന്‍സറുകള്‍, പേശീ ക്ഷയം, നിന്ന നില്‍പ്പിലുള്ള വീഴ്ച എന്നിവയ്ക്കൊക്കെ കൈമുറുക്കക്കുറവുമായി ബന്ധമുണ്ടത്രേ.
മനുഷ്യന്‍റെ ആരോഗ്യമളക്കുന്ന ജൈവമാപിനിയെന്നോ ബയോ മാര്‍ക്കറെന്നോ ഒക്കെ വിളിക്കാവുന്ന ഒന്നാണ് ഹസ്‌തദാനമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൈമുറുക്കം ഒരു പക്ഷെ ഭാവിയില്‍ രോഗ നിര്‍ണയത്തിന് പ്രധാന ഘടകമാവുകയും ചെയ്യാം. രക്തസമ്മര്‍ദ്ദം, പള്‍സ്, താപനില, ശ്വസനം എന്നിവയായിരുന്നു കൊവിഡിന് മുമ്പ് വരെ ഒരു മനുഷ്യന്‍റെ ആരോഗ്യം അളക്കുന്നതിന് ഡോക്ടര്‍മാര്‍ സാധാരണ ആശ്രയിച്ചിരുന്നത്. കൊവിഡിന് ശേഷം രക്തത്തിലെ ഓക്‌സിജന്‍റെ അളവും പരിശോധിക്കാറുണ്ട്. എന്നാല്‍ ഇനി വരാന്‍ പോകുന്നത് ശക്തി പരീക്ഷണമാണ്.
പേശികളുടെ ബലം കുറയുമ്പോള്‍ നിങ്ങള്‍ രോഗങ്ങളിലേക്കോ, വാര്‍ധക്യത്തിലേക്കോ പോവുകയാണെന്ന് മനസിലാക്കാന്‍ സാധിക്കും. പഠനത്തിന് ചുക്കാന്‍ പിടിച്ച അസ്‌തിരോഗ വിദഗ്‌ധന്‍ ഡോ രാജു വൈശ്യ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യവും ഇതു തന്നെയാണ്. പേശികളുടെ ബലക്കുറവ്, പ്രത്യേകിച്ച് കൈകളുടെ ബലക്കുറവ് ഒരാള്‍ പ്രായമാകുന്നതിന്‍റെ സൂചനയാണ് നല്‍കുന്നതെന്ന് ഡോ രാജു വൈശ്യ വ്യക്തമാക്കുന്നു.
എന്താണ് കൈകളുടെ ശക്തിയെന്നും അതിന് പിന്നലെ ശാസ്ത്രം എന്താണെന്നും മനസിലാക്കിയിരിക്കുക (What is Hand Grip Strength and the science behind it? അത്യന്താപേക്ഷിതമാണ്. കൈപ്പത്തികളുടെ ഗ്രിപ്പ് എത്രത്തോളം ശക്തമാണ്, അത് എങ്ങനെയാണ് പരിശോധിക്കുക എന്നിങ്ങനെയുള്ള ധാരാളം സംശയങ്ങളുണ്ടാകാം. ജാമ ഡൈനാമോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചാണ് ശക്തി അളക്കുന്നത് (Jama dynamometer). പേശികളില്‍ എത്രത്തോളം കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ടെന്നും നല്ല കൊഴുപ്പാണോ മോശം കൊഴുപ്പാണോ എന്നുമൊക്കെ പരിശോധിക്കപ്പെടണം. പേശികള്‍ ശരീരത്തിന്‍റെ പ്രധാന അവയവ ആണെന്ന് കൂടി പറഞ്ഞുവയ്ക്കുന്നതാണ് പുതിയ പഠനം.
പേശികൾ ദുർബലമാണെങ്കിൽ പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. അണുബാധ, ആശുപത്രിവാസം, എന്നിവയൊക്കെ പിന്നാലെ വരും. അതുകൊണ്ട് തന്നെ പേശികളുടെ ആരോഗ്യം പരിശോധിക്കേണ്ടത് ആവശ്യമാണ്. പഠനത്തില്‍ പങ്കാളിയായിരുന്ന ഡോ.അനൂപ് മിശ്ര പറയുന്നു. ലോകമെങ്ങുമുള്ള ഗവേഷകര്‍ പേശികളെ കുറിച്ച് പഠിക്കുന്നുണ്ട്. എന്നാല്‍ പഠനം പൂര്‍ണതോതില്‍ എത്തുന്നുണ്ടോ എന്നതാണ് വിഷയം. കൈകളുടെ ശക്തി (Hand Grip) അളക്കുന്നത് ഏറ്റവും ചെലവു കുറഞ്ഞതാണെന്നും ഡോ മിശ്ര പറയുന്നു. എച്ച് ജി എസ് പരിശോധന ഗവേഷണത്തിന് വേണ്ടി മാത്രം പരിമിതപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പേശികളുടെ ബലം നിലനിര്‍ത്താന്‍ ആരോഗ്യകരമായ ഭക്ഷണ രീതി പുന്തുടരണമെന്നും ഡോ മിശ്ര കൂട്ടിച്ചേര്‍ക്കുന്നു. വ്യായാമവും ആവശ്യമാണ്. കുറച്ച് ശക്തി കൂടിയാലും കുഴപ്പമില്ല എന്നാല്‍ അല്‍പം പോലും ബലഹീനത വരാതെ നോക്കണം
കൈപ്പത്തികളുടെ ശക്തി സംബന്ധിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്
- 26 ആണ് പുരുഷന്‍റെ ഹാന്‍ഡ് ഗ്രിപ്പ് ശക്തിയുടെ കട്ട് ഓഫ് ,സത്രീകളില്‍ 16 ഉം
- ഇരുപത് വയസിലാണ് സത്രീക്കും പുരുഷനും ഉയര്‍ന്ന ശക്തി പ്രകടമാകുന്നത്
- മധ്യവയസിനുശേഷം പുരുഷന്മാരില്‍ കൈകളുടെ ശക്തി അതിവേഗം കുറയുന്നു. സ്ത്രീകള്‍ക്ക് 50 വയസിനുശേഷം ക്രമേണയും കുറയുന്നു
- മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യന്‍ വംശജര്‍ക്ക് കൈക്കുരത്ത് ( hand grip) അല്‍പ്പം കുറയും
- പാശ്ചാത്യരെ അപേക്ഷിച്ച് ഇന്ത്യാക്കാര്‍ക്ക് കൈപ്പത്തികളുടെ ശക്തി തീരെ കുറവാണ്
- പ്രായം, ലിംഗം, സാമ്പിത്തകം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൈപ്പത്തിയുടെ ബലത്തെ സ്വാധീനിക്കുന്നുണ്ട്
- ഹൃദ്രോഗത്തിന്‍റെ സാധ്യത മനസിലാക്കാന്‍ കൈപ്പത്തികളുടെ ശക്തി ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്