മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗം ബ്രെയിൻ ക്യാൻസറിന് കരണമാകുന്നുണ്ടോ? വർഷങ്ങളായി പല തെറ്റിധരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നത്. പരിമിതമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തെ പ്രസിദ്ധീകരിച്ച ചില പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നത് മൊബൈൽ ഫോണിലെ റേഡിയോ തരംഗങ്ങൾ ബ്രെയിൻ കാൻസറിന് കാരണമായ ഗ്ലിയോമ ട്യൂമർ രൂപപ്പെടാൻ സാധ്യത വർധിപ്പിക്കുന്നുവെന്നായിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടന (WHO) ഈ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ഈ വാദങ്ങളെയൊക്കെയും തള്ളിക്കളയുകയാണ്.
ലോകാരോഗ്യ സംഘടനയെ പ്രതിനിധീകരിച്ച് ഓസ്‌ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസി (അർപാൻസ) നടത്തിയ പഠനമാണ് നേരത്തെ നിലനിന്നിരുന്ന തെറ്റിധാരണകൾ പൊളിച്ചെഴുതിയത്. എൻവയോൺമെൻ്റ് ഇൻ്റർനാഷണൽ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വലിയ അളവിൽ ടാറ്റ വിശകലനം ചെയ്‌ത ശേഷമാണ് ബ്രെയിൻ ക്യാൻസറും മൊബൈൽ ഫോണുകളുടെ ഉപയോഗവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ഗവേഷകർ കണ്ടെത്തിയത്.
5000 പഠനങ്ങൾ വിശകലനം ചെയ്‌ത ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. രണ്ട് പതിറ്റാണ്ട് കാലമായി വയർലെസ് സാങ്കേതിക വിദ്യ വളരെയധികം വളർന്നിട്ടുണ്ട്. എന്നാൽ ബ്രെയിൻ ക്യാൻസർ വലിയ നിരക്കിൽ വർധിച്ചിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.