ഒക്ടോബർ പത്തിന് ലോകം വീണ്ടുമൊരു മാനസികാരോഗ്യ ദിനം ആചരിക്കുമ്പോൾ നാമോരോരുത്തരും അറിയേണ്ടതും, ഓർത്തിരിക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. ശാരീരികാരോഗ്യ പ്രശ്‌നങ്ങളേക്കാൾ നമ്മുടെ ജീവിതത്തെ ബാധിക്കുന്നതാണ് മാനസികാരോഗ്യ പ്രശ്‌നങ്ങൾ. ഒരോ വർഷം കഴിയുന്തോറും മാനസികാരോഗ്യ ദിനാചരണത്തിന്‍റെ പ്രസക്തി വർധിക്കുകയാണ്. തൊഴിലിടങ്ങങ്ങിലെ മാനസികാരോഗ്യം. എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്‍റെ പ്രമേയം.
മാനസികാരോഗ്യത്തെ കുറിച്ച് ചിന്തിക്കാറുണ്ടോ ?
ശാരീരികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പൊതുവെ ഇന്ന് ആളുകൾ ബോധാവാൻമാരാണ്. എന്നാൽ മാനസികാരോഗ്യത്തെ കുറിച്ച് പലപ്പോഴും മറക്കുകയാണ്. മാനസിക പ്രശ്‌നങ്ങൾ കൃത്യമായ സമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ തേടാതെ ജീവിതം തന്നെ കൈവിട്ടു പോകുന്നവരും ധാരാളമാണ്. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് ലോക മാനസികാരോഗ്യ ദിനാചരണത്തിന്‍റെ പ്രസക്തി വർധിക്കുന്നത്.
ഉറക്കകുറവ് നിങ്ങളെ മാനസിക രോഗിയാക്കാം (ETV Bharat) തൊഴിലിടങ്ങളിലെ മാനസികാരോഗ്യം
നിരവധി കാരണങ്ങൾകൊണ്ട് ജോലി സ്ഥലങ്ങളിൽ മാനസിക ബുദ്ധിമുട്ടുകൾ കൂടി വരികയാണ്. തൊഴിലിടങ്ങളിൽ പ്രതീക്ഷകളും സമ്മർദ്ദങ്ങളും ഏറെയാണ്. ജോലി കൂടുതലായതിനാൽ ഉറക്കക്കുറവ് വരുന്നു. സമ്മർദ്ദം നേരിടാൻ കഴിയാതെ മദ്യപാനത്തിലേക്കും ലഹരി ഉപയോഗത്തിലേക്കും വഴുതി വീഴുന്നവരുണ്ട്. സമ്മർദ്ദം കൂടി ചികിത്സയെടുക്കാതെ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നീങ്ങുന്നവരും നിരവധിയാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ ചികിത്സിച്ച് മാറ്റാൻ കഴിയുമെന്ന തിരിച്ചറിവ് ആവശ്യമാണെന്ന് കൊച്ചിയിലെ മനഃശാസ്‌ത്ര വിദഗ്ദ്ധനായ ഡോ വിവേക് പറഞ്ഞു.
പലപ്പോഴും ആളുകൾ തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിക്കാറില്ല. മാനസികാരോഗ്യ പ്രശ്‌നം വലിയ ബുദ്ധിമുട്ട് ആവുകയും, കൈ വിട്ട് പോവുകയും ചെയ്യുമ്പോഴാണ് മനശാസ്ത്ര വിദഗ്‌ധരെ സമീപിക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ചെറിയ ലക്ഷണങ്ങൾ ശരീരം കാണിക്കാൻ തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടണം. ഉറക്ക കുറവ്, അമിതമായ ടെൻഷൻ, ജോലിയിൽ ശ്രദ്ധ കിട്ടാതെയാവുക, തുടങ്ങിയ പ്രശ്‌നങ്ങൾക്ക് മനശാസ്ത്ര വിദഗ്ദ്ധനെ സമീപിച്ച് ചികിത്സ തേടിയാൽ വലിയ പ്രശ്‌നങ്ങളിലേക്ക് പോകാതെ പരിഹരിക്കാൻ കഴിയും.
ഉറക്കവും മാനസികാരോഗ്യവും
മാനസികാരോഗ്യം നിലനിർത്താൻ കൃത്യമയത്തുള്ള ഉറക്കം അത്യാവശ്യമാണ്. ആറു മുതൽ എട്ടുമണിക്കൂർ വരെ ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. തിരക്കു കൂടിയ ജീവിതത്തിനിടയിൽ ഉറക്കത്തെ പറ്റി മറക്കുകയാണ്. വളരെ കുറച്ച് ഉറങ്ങുന്നവരും വളരെ താമസിച്ച് ഉറങ്ങുന്നവരും ഏറെയാണ്. കൃത്യസമയത്ത് സ്ഥിരമായി ഉറുങ്ങുന്നതാണ് മാസികാരോഗ്യ സംരക്ഷണത്തിന് അനുയോജ്യമായത്. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞുളള സ്ഥിരമായുളള ഉറക്കം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.
കൃത്യമായി ഭക്ഷണം കഴിക്കുക, സാമുഹ്യ ബന്ധങ്ങൾ സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിട്ടും മാനസിക പ്രശ്‌നങ്ങൾ വരുന്നവർ ഉടൻ ചികിത്സ തേടുകയാണ് വേണ്ടതെന്നും ഡോ വിവേക് പറഞ്ഞു. ചികിത്സ തേടുന്നതിലൂടെ അസുഖം മാറാനും പിന്നീട് രോഗം വരാതിരിക്കാനും സഹായകമാവും.
മാനസിക രോഗത്തിന് ചികിത്സ തേടേണ്ടത് എപ്പോൾ?
ചെറിയതോതിലുള്ള ടെൻഷനും, സങ്കടവും, ദേഷ്യവും സ്വാഭാവികമാണ്. എന്നാൽ ഇവയെല്ലാം വർധിച്ച് വ്യക്തി ബന്ധങ്ങളെ ബാധിക്കുക, ഭക്ഷണത്തെ ബാധിക്കുക, ഉറക്കത്തെ ബാധിക്കുക. ഇതിന്‍റെയെല്ലാം തീവ്രത കൂടി വരുമ്പോൾ ഇതൊരു മാനസിക പ്രശ്‌നമായി കണ്ട് ചികിത്സ തേടുകയാണ് വേണ്ടത്. തുടക്കത്തിൽ ചിലപ്പോൾ ഒരു കൗൺസിലിങ്ങിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിയും. എന്നാൽ അസുഖത്തിന്‍റെ തീവ്രത കൂടിയാൽ മരുന്നുകൾ കഴിക്കേണ്ടിവരും.
മാനസികാരോഗ്യ ചികിത്സയും മരുന്നുകളും
ചില തെറ്റിദ്ധാരണകൾ കാരണം മരുന്നു കഴിക്കാൻ പലർക്കും ഭയമാണ്. മരുന്ന് കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കും, പിന്നെ നമ്മൾ ഒന്നിനും കൊള്ളാത്തവരായി മാറും, ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരും എന്നിങ്ങനെ പോകുന്നതാണ് തെറ്റായ ധാരണകൾ. എന്നാൽ വളരെ നല്ല മരുന്നുകളാണ് ഇപ്പോൾ ലഭിക്കുന്നതെന്നും ഒരു തരത്തിലും നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കില്ലന്നും ഡോ വിവേക് വിശദീകരിച്ചു. ഒരു തവണ അസുഖം വന്നാൽ ആറ് മാസം മുതൽ ഒരു വർഷം വരെ മരുന്ന് കഴിക്കേണ്ടിവരും. രണ്ട് തവണ വന്നാൽ രണ്ട് വർഷം മരുന്ന് കഴിക്കണം. മൂന്ന് തവണയിൽ കൂടുതൽ വന്നാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ മരുന്ന് കഴിക്കേണ്ടിവരും. എല്ലാം അസുഖങ്ങൾക്കും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരില്ല.
ജീവിതകാലം മുഴുവൻ മാനസിക രോഗത്തിന് മരുന്ന് കഴിക്കേണ്ടത് ആര്?
കൃത്യമായി മാനസിക രോഗത്തിന് ചികിത്സ തേടാതിരിക്കുക, മരുന്നുകൾ ഇടയ്ക്ക് നിർത്തുക, സ്വയം ചികിത്സ നടത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവർ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വന്നേക്കാം.
മാനസികരോഗവും പാരമ്പര്യവും
മാനസിക രോഗികൾ ഉള്ള കുടുംബത്തിൽ പെട്ടവർക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരക്കാർ കൂടുതൽ ശ്രദ്ധിക്കണം. മറ്റെല്ലാ അസുഖങ്ങളെയും പോലെ മാനസിക രോഗവും ചികിത്സിച്ച് മാറ്റാൻ കഴിയും. താൻ ചികിത്സിക്കുന്നവരിൽ രണ്ടു വയസുളള കുട്ടി മുതൽ തൊണ്ണൂറ്റിയഞ്ച് വയസുള്ളവർ വരെയുണ്ടെന്നും ഡോ വിവേക് വ്യക്തമാക്കി. പ്രായ വിത്യാസമില്ലാതെ ആർക്കും മാനസിക പ്രശ്‌നങ്ങൾ വരാമെന്നും അദ്ദേഹം വിശദീകരിച്ചു.
Also Read: മാനസിക പിരിമുറുക്കം കുറയ്ക്കാം ഈ അഞ്ച് വഴികളിലൂടെ