പൊണ്ണത്തടി പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് നമുക്കറിയാം. അത്തരത്തിൽ പൊണ്ണത്തടി മൂലം പുരുഷമാരിൽ ഉണ്ടാകുന്ന പ്രശ്‌നമാണ് വന്ധ്യത. ബീജത്തിന്‍റെ എണ്ണം കുറയ്ക്കാനും വന്ധ്യതയിലേക്ക് നയിക്കാനും ഹോർമോൺ ഉത്പാദനത്തിൽ വ്യതിയാനം സംഭവിക്കാനും ഇത് കാരണമാകും. മാത്രമല്ല ടെസ്റ്റോസ്റ്റിറോൺ അളവ് കുറയാനും ഈസ്ട്രജന്‍റെ അളവ് കൂട്ടാനും പൊണ്ണത്തടി ഇടയാക്കും. ഇത് ബീജത്തിന്‍റെ ഗുണനിലവാരത്തെയും ഉത്പാദനത്തെയും വരെ ബാധിക്കും. അമിതഭാരം, പൊണ്ണത്തടി എന്നിവയുള്ള പുരുഷന്മാർക്ക് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാനുള്ള താല്‌പര്യം താരതമ്യേന കുറവാണെന്ന് നിരവധി പഠനങ്ങൾ നേരത്തെ തെളിയിച്ചിട്ടുണ്ട്.
അമിതവണ്ണം കുറച്ച് ശരീരഭാരം ശരിയായി നിലനിർത്തുന്നതിലൂടെ ബീജത്തിന്‍റെ അളവ് ഇരട്ടിയാക്കാൻ സാധിക്കുമെന്ന് കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. 17 മുതൽ 40 വയസ് വരെയുള്ള കാലയളവിൽ പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം ഉയർന്ന നിലയിലായിരിക്കും. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങൾ ബീജങ്ങളുടെ എണ്ണം കുറയാൻ കാരണമാകുന്നു. അതിനാൽ ബീജോത്പാദനം കൂട്ടുന്നതിനും വന്ധ്യതയുടെ സാധ്യത കുറയ്ക്കാനും ചില കാര്യങ്ങൾ ചെയ്യേണ്ടത് പ്രധാനമാണ്. അവ എന്തൊക്കെയെന്ന് നോക്കാം.
ആരോഗ്യകരമായ ഭാരം നിലനിർത്തുക
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതുപോലെ ബീജോത്പാദനം മെച്ചപ്പെടുത്താനും ശരിയായ ശരീരഭാരം നിലനിർത്തേണ്ടതുണ്ട്. അമിതവണ്ണം കുറയ്ക്കുന്നതിലൂടെ റെസ്റ്റോസ്റ്റിറോൺ അളവ് വർധിപ്പിക്കാനാകും. ഇത് വന്ധ്യത തടയാനും സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം
ആന്‍റി ഓക്‌സിഡന്‍റുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം ചെറുക്കാൻ സഹായിക്കും. കൂടാതെ സിങ്ക്, സെലിനിയം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും പതിവായി കഴിക്കുക. ബീജോത്പാദനം വർധിപ്പിക്കാൻ ഇത് ഗുണം ചെയ്യും. അതിനാൽ സരസഫലങ്ങൾ, ഇലക്കറികൾ, നട്‌സ് എന്നിവ പതിവായി കഴിക്കുക.