കേരളം

kerala

ETV Bharat / health

ആഴ്‌ചയിൽ ഒരിക്കലെങ്കിലും ഈ ജ്യൂസ് കുടിക്കാം; ആരോഗ്യ ഗുണങ്ങൾ നിരവധി - HEALTH BENEFITS OF ALOE VERA JUICE

കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ചർമ്മത്തിൻ്റെയും ശരീരത്തിൻ്റെയും ആരോഗ്യത്തെ സംരക്ഷിക്കും. പതിവായി കറ്റാർവാഴ ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ALOE VERA JUICE HEALTH BENEFITS  HEALTHY DRINK FOR DIABETES  BENEFITS OF ALOE VERA JUICE  കറ്റാർവാഴ ജ്യൂസിന്‍റെ ഗുണങ്ങൾ
Aloe vera juice (Freepik)

By ETV Bharat Health Team

Published : Dec 30, 2024, 11:53 AM IST

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാർവാഴ. ആന്‍റി ഓക്‌സിഡന്‍റുകളുടെയും വിറ്റാമിനുകളുടെയും സമ്പന്ന ഉറവിടമാണിത്. മുടി വളരാനും ചർമ്മ പ്രശ്‌നങ്ങൾ അകറ്റി ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താനുമെല്ലാം കറ്റാർവാഴ പണ്ട് മുതലേ ഉപയോഗിച്ചു വരുന്നു. പല ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഔഷധം കൂടിയാണ് കറ്റാർവാഴ. അതിനാൽ ആഴ്‌ചയിൽ ഒരിക്കലെങ്കിലും കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കറ്റാർവാഴ ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ദഹന ആരോഗ്യം

കറ്റാർവാഴയിൽ പ്രീബയോട്ടിക് സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനാരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ കറ്റാർവാഴ കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുമെന്ന് ജേർണൽ ഓഫ് ക്ലിനിക്കൽ ഗ്യാസ്‌ട്രോഎൻറോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പായുന്നു. വീക്കം കുറയ്ക്കാനും മലബന്ധം ഒഴിവാക്കാനും കറ്റാർവാഴ സഹായിക്കും.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും

പതിവായി കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും ഇത് ഫലം ചെയ്യും. ടൈപ് 2 പ്രമേഹമുള്ളവരും കറ്റാർവാഴ ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണെന്ന് ഇന്ത്യൻ ജേണൽ ഓഫ് ഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.

ചർമ്മ ആരോഗ്യം

ചർമ്മത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കാനും സ്വാഭാവിക തിളക്കം നിലനിർത്താനും കറ്റാർവാഴ ജ്യൂസ് സഹായിക്കും. വരൾച്ച തടയാനും അകറ്റാനും ഇത് കുടിയ്ക്കുന്നത് നല്ലതാണ്. ചർമ്മത്തിന്‍റെ ഇലാസ്‌തികത വർധിപ്പിക്കാനും ചുളിവുകൾ ഇല്ലാതാക്കാനും കറ്റാർവാഴ ഗുണം ചെയ്യുമെന്ന് ക്ലിനിക്കൽ, കോസ്മെറ്റിക്, ഇൻവെസ്റ്റിഗേഷണൽ ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മുഖക്കുരു, എക്‌സിമ ഉൾപ്പെടെയുള്ള ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ഫലപ്രദമാണ്.

പ്രതിരോധ ശേഷി വർധിപ്പിക്കും

കറ്റാർവാഴ ജ്യൂസിൽ വിറ്റാമിൻ എ, സി, ഇ, ബി 12, ഫോളിക് ആസിഡ്, ആന്‍റിവൈറൽ, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

ഹൃദയാരോഗ്യം

കൊളസ്‌ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ഫലപ്രദമാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ശരീരഭാരം കുറയ്ക്കും

മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് കത്തിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംയുക്തങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ആരോഗ്യകരമായ ശരീരഭാരം നിയത്രിക്കാനും ഇത് സഹായിക്കും.

കരളിന്‍റെ ആരോഗ്യം

ശരീരത്തില വിഷാംശം നീക്കം ചെയ്‌ത് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ കറ്റാർവാഴ സഹായിക്കും. കേടുപാടുകൾ സംഭവിച്ച കരൾ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണെന്ന് ഹെപ്പറ്റോളജി റിസർച്ചിലിൽ പ്രസിദ്ധജീകരിച്ച ഒരു ഗവേഷണത്തിൽ ചൂണ്ടിക്കാട്ടി.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ശരീരഭാരം കുറയ്ക്കാനും ചർമ്മം തിളങ്ങാനും ബെസ്റ്റാണ് വെണ്ടയ്ക്ക; അനവധി ഗുണങ്ങൾ വേറെയും

ABOUT THE AUTHOR

...view details