ആയുർവേദ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കരിഞ്ചീരകം അഥവാ ബ്ലാക് സീഡ്‌സ്. കാഴ്‌ചയിൽ തീരെ ചെറുതാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലാണ് കരിഞ്ചീരകത്തിന്‍റെ സ്ഥാനം. ചുരുക്കം ചില ഭക്ഷണങ്ങളിൽ രുചി വർധിപ്പിക്കാൻ കരിഞ്ചീരകം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്‍റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അധികമാർക്കും അറിയില്ല. നിരവധി പോഷകങ്ങളും ഔഷധ ഗുണങ്ങളും അടങ്ങിയിട്ടുള്ള കരിഞ്ചീരകം ഒട്ടുമിക്ക ആരോഗ്യ പ്രശ്‌നങ്ങൾ തടയാനുള്ള ഒരു മരുന്നാണ്. ഇരുമ്പ്, സോഡിയം, കാൽസ്യം, പൊട്ടാസ്യം, ഫൈബർ എന്നിവയുടെ ഒരു കാലവറ കൂടിയാണിത്. എന്നാൽ കരിഞ്ചീരകത്തിന്‍റെ ഗുണങ്ങൾ ലഭിക്കുന്നതിനായി പതിവായി ഇത് ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായിക്കും. കരിഞ്ചീരകം കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്.
ഹൃദയാരോഗ്യം
കരിഞ്ചീരകത്തിൽ പോളി, മോണോ അപൂരിത ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. അതിനാൽ പതിവായി ഡയറ്റിൽ കരിഞ്ചീരകം ഉൾപ്പെടുത്താം.
പ്രമേഹം
പ്രമേഹം നിയന്ത്രിക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും. അതിനായി രാവിലെ വെറും വയറ്റിൽ രണ്ട് ഗ്രാം കരിഞ്ചീരകം കഴിക്കുക. ടൈപ്പ് 2 പ്രമേഹം പ്രതിരോധിക്കാൻ സാഹായിക്കുന്ന ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ദഹനം
ദഹന പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് കരിഞ്ചീരകം. ഗ്യാസ്, അസിഡിറ്റി, വയർ വീർക്കുക, അൾസർ എന്നീ പ്രശ്‌നങ്ങൾക്ക് മികച്ച മരുന്നാണിത്. അഞ്ച് മില്ലി കകരിഞ്ചീരക തൈലം തേനിൽ ചേർത്ത് കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് ആശ്വാസം നൽകും.
പൈൽസ്, മലബന്ധം
പൈൽസ്, മലബന്ധം തുടങ്ങിയവയ്ക്കുള്ള മികച്ച പരിഹാരം കൂടിയാണ് കരിഞ്ചീരകം. അതിനായി ഒരു ഗ്ലാസ് കട്ടൻ ചായയിൽ 2.5 മില്ലി കരിഞ്ചീരക തൈലം ചേർത്ത് രാവിലെ വെറും വയറ്റിലും രാത്രി കിടക്കുന്നതിന് മുമ്പും കുടിക്കാം.