ഭക്ഷണത്തിന് രുചി വർധിപ്പിക്കാനാണ് സാധാരണ വെളുത്തുള്ളി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതിന് പുറമെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് വെളുത്തുള്ളി. വിറ്റാമിൻ സി, ബി6, കെ, ഫോളേറ്റ്, മാംഗനീസ്, സെലീനിയം, നാരുകൾ, ഇരുമ്പ്, കാത്സ്യം, ഫോസ്‌ഫറസ്, കോപ്പർ, പൊട്ടാസ്യം, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ പതിവായി വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ക്യാൻസർ സാധ്യത കുറയ്ക്കാൻ
സെലീനിയം, വിറ്റാമിൻ സി, ഫ്ലേവനോയ്‌ഡുകൾ തുടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇവ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
പ്രതിരോധ ശേഷി വർധിപ്പിക്കാൻ
വെളുത്തുള്ളിയിൽ ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വളരെയധികം സഹായിക്കും. വിറ്റാമിൻ ബി 6, മഗ്നീസ്, സെലീനിയം എന്നിവയും വെളുത്തുള്ളിയിലുണ്ട്. അതിനാൽ പതിവായി വെളുത്തുള്ളി കഴിക്കുന്നത് പ്രതിരോധ ശേഷി നിലനിർത്താൻ ഗുണം ചെയ്യും.
പ്രമേഹം കുറയ്ക്കാൻ
വെളുത്തുള്ളിയിലെ അല്ലിസിൻ പോലുള്ള സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അതിനാൽ പതിവായി വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
രക്തസമ്മർദ്ദം കുറയ്ക്കാൻ
ജീവിതശൈലി രോഗമായ രക്തസമ്മർദ്ദം നേരിടാൻ വെളുത്തുള്ളി വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള അല്ലിസിൻ എന്ന പദാർത്ഥം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
കൊളസ്‌ട്രോൾ കുറയ്ക്കാൻ
ശരീരത്തിൽ അടിഞ്ഞ് കൂടുന്ന ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. അതിനാൽ ഇത് പച്ചയ്ക്കയോ അല്ലാതെയോ കഴിക്കാം. എന്നാൽ രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി നീര് കുടിക്കുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ കൂടുതൽ ഗുണം ചെയ്യും.