നിങ്ങൾ ഉറങ്ങുന്ന സമയത്തും മസ്‌തിഷ്‌കം ഉണർന്നു പ്രവർത്തിക്കുന്നുവെന്ന് എത്ര പേർക്കറിയാം? മസ്‌തിഷ്‌കം പ്രവർത്തിക്കാൻ ആവശ്യമായ ഇന്ധനം ലഭിക്കുന്നത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. അതിനാൽ ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. വാർധക്യത്തിൽ മസ്‌തിഷ്‌കത്തിന്‍റെ പ്രവർത്തനം കുറയുന്നത് സ്വാഭാവികമാണ്. ഇത് അൽഷിമേഴ്‌സ്, ഡിമെൻഷ്യ തുടങ്ങിയ മറവി രോഗങ്ങൾ വരാൻ കാരണമായേക്കും. അതിനാൽ മസ്‌തിഷ്‌കത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
കൊഴുപ്പടങ്ങിയ മൽസ്യങ്ങൾ
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് കൊഴുപ്പടങ്ങിയ മൽസ്യങ്ങൾ. ഇത് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. തലച്ചോറിൻ്റെ 60 % കൊഴുപ്പ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് കൂടാതെ തലച്ചോറിലെ കൊഴുപ്പിൻ്റെ 50% ഒമേഗ -3 ഫാറ്റി ആസിഡുകളാണ് അടങ്ങിയിരിക്കുന്നത്. തലച്ചോറിൻ്റെ സ്വയം വികസനത്തിനും നാഡീകോശങ്ങൾ നിർമിക്കാനും ഒമേഗ -3 പ്രധാന പങ്ക് വഹിക്കുന്നവയാണ്. സാൽമൺ, ട്രൗട്ട്, മത്തി തുടങ്ങിയ കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മറവി രോഗങ്ങൾ തടയാൻ സയഹിക്കുന്നു.
ബെറീസ്
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, മൾബറി തുടങ്ങിയവ മസ്‌തിഷ്‌കത്തിന്‍റെ പ്രവർത്തനം ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങളുള്ളതിനാൽ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ ഇത് നല്ലതാണ്. തലച്ചോറിന്‍റെ പ്ലാസ്റ്റിറ്റി വർദ്ധിപ്പിച്ച് ഓർമശക്തി മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യുന്നു. മാത്രമല്ല മസ്‌തിഷ്‌ക കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും ബെറീസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ധാന്യങ്ങൾ
മസ്‌തിഷ്‌കത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഭക്ഷണക്രമത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ധാന്യങ്ങളിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതിനാൽ തലച്ചോറിനെ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ ഇത് സഹായിക്കുന്നു.
ഇലക്കറികൾ
മസ്‌തിഷ്‌കത്തിന്‍റെ ആരോഗ്യം നിലനിർത്താൻ ഇലക്കറികൾ വളരെയധികം ഗുണം ചെയ്യുന്നു. ആൻ്റി ഓക്‌സിഡൻ്റുകൾ, പോഷകങ്ങൾ എന്നിവ ഇലക്കറികളിൽ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മസ്‌തിഷ്‌ക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല അൽഷിമേഴ്‌സിനെ തടയുന്ന ല്യൂട്ടിൻ, ഫോളേറ്റ് എന്നീ ഘടകങ്ങളുടെ നല്ലൊരു ഉറവിടം കൂടിയാണ് ഇലക്കറികൾ. കാലെ, ചീര, ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കുന്നത് മസ്‌തിഷ്‌കത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.