ഇന്നത്തെ കാലത്ത് മനസിക പ്രശ്‌നങ്ങൾ നേരിടുന്നവരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഉത്കണ്‌ഠ, സമ്മർദ്ദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകാത്തവർ ചുരുക്കമായിരിക്കും. അതിനാൽ ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. അതിനാൽ തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഹോർമോൺ സന്തുലിതമാക്കാനും ഉത്കണ്‌ഠ കുറയ്ക്കാനും പോഷകസമ്പുഷ്‌ടമായ ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. അത്തരത്തിൽ ഉത്കണ്‌ഠ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.
കൊഴുപ്പുള്ള മത്സ്യം
കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്‌ടമാണ്. ഇവ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്‍റെ അളവ് കുറയ്ക്കാനും സഹായിക്കും. കൂടാതെ സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ന്യൂറോ ട്രാൻസ്‌മിറ്ററുകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നത് വഴി ഉത്കണ്‌ഠ കുറയ്ക്കാൻ ഗുണം ചെയ്യുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അതിനാൽ സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
ഇലക്കറികൾ
ഇലക്കറികളിൽ ഉയർന്ന അളവിൽ മഗ്നീഷ്യവും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. നാഡികളുടെ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് മഗ്നീഷ്യം. അതിനാൽ പതിവായി ഇലക്കറികൾ കഴിക്കുന്നത് ഉത്കണ്‌ഠ ലക്ഷങ്ങൾ കുറയ്ക്കാൻ സഹായിക്കും. മഗ്നീഷ്യത്തിൻ്റെ കുറവ് ഉത്കണ്‌ഠയുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് സൈക്കോസോമാറ്റിക് മെഡിസിനിൽ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.
ബ്ലൂബെറി
ആൻ്റി ഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി എന്നിവയുടെ കലവറയാണ് ബ്ലൂബെറി. ഇത് മസ്‌തിഷ്‌ക കോശങ്ങളെ ഓക്‌സിഡേറ്റിവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ഉത്കണ്‌ഠ, സമ്മർദ്ദം എന്നിവയെ നേരിടാൻ സഹായിക്കുകയും ചെയ്യും. ബ്ലൂബെറിയിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോയ്‌ഡുകൾ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്‌ഠ കുറയ്ക്കാനും സഹായിക്കെമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇൻ സൈക്കോളജിയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.