തിരുവനന്തപുരം :കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. മണർകാട് സർക്കാർ പ്രാദേശിക കോഴി ഫാമിലാണ് അവസാനമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. തൊള്ളായിരത്തോളം കോഴികളെ ഫാമിൽ വളർത്തിയിരുന്നു. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന H5N8 വിഭാഗത്തിൽ പെട്ട വൈറസുകൾ മനുഷ്യരിൽ രോഗമുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ഇല്ലെങ്കിലും ജനിതക സാമ്യമുള്ള പക്ഷിപ്പനി വൈറസുകൾ മനുഷ്യരേയും ബാധിക്കുന്നവയാണ്.
ജനിതക വ്യതിയാനങ്ങൾ വളരെ പെട്ടെന്ന് നടക്കാന്‍ സാധ്യതയുമുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണ് രോഗത്തിന്‍റെ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ പരിധിയിൽ വളർത്തുപക്ഷികളെ കൂട്ടമായി കൊന്നൊടുക്കുന്നത്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട വസ്‌തുതകളും മുന്‍കരുതലുകളും അറിഞ്ഞിരിക്കാം.
എന്താണ് പക്ഷിപ്പനി ?
ഇന്‍ഫ്ളുവന്‍സ എ വൈറസ് മൂലമുണ്ടാകുന്ന പക്ഷിരോഗമാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ അഥവാ പക്ഷിപ്പനി. ഇന്‍ഫ്ളുവന്‍സ എ വൈറസുകളെ അവയുടെ ഉപരിതല പ്രോട്ടീനുകളായ Hemagglutinin (H), Neuraminidase (N ) എന്നിവയുടെ ഘടനയുടെ അടിസ്ഥാനത്തില്‍ ഉപഗ്രൂപ്പുകളായി തരം തിരിച്ചിട്ടുണ്ട്. ഇതാണ് H1N1, H5N1 എന്നിങ്ങനെയുള്ള പേരുകളുടെ അടിസ്ഥാനം. H5, H7 എന്നീ H ഉപ ഗ്രൂപ്പുകളിൽ പെടുന്ന വൈറസുകളാണ് മാരകമായ പക്ഷിപ്പനി (Highly pathogenic avian influenza – HPAI) രോഗമുണ്ടാക്കുന്നത്.
കോഴികള്‍, താറാവുകൾ, കാടകള്‍, ടര്‍ക്കികള്‍, വാത്തകള്‍, പ്രാവുകള്‍ തുടങ്ങി ഓമനപക്ഷികൾ അടക്കമുള്ള വളര്‍ത്ത് പക്ഷികളെയെല്ലാം വൈറസുകള്‍ ബാധിക്കും.
പക്ഷികളിൽ കാണുന്ന രോഗലക്ഷണങ്ങൾ ?
താട, പൂവ് എന്നിവയുടെ നീല നിറം, പച്ച കലർന്ന കാഷ്‌ഠത്തോട് കൂടിയ വയറിളക്കം, മൂക്കിൽ നിന്ന് രക്തം കലർന്ന സ്രവം, കാലുകളിലും കാൽപാദങ്ങളിലും ചുവപ്പു നിറം എന്നിവ പക്ഷിപ്പനിയുടെ ലക്ഷണങ്ങളാണ്. ഈ രോഗ ലക്ഷണങ്ങൾ രോഗബാധയുള്ള എല്ലാ പക്ഷികളിലും കാണണമെന്നില്ല. പലപ്പോഴും പ്രത്യേക രോഗലക്ഷണങ്ങളില്ലാതെ പെട്ടെന്നുണ്ടാകുന്ന കൂട്ടമരണങ്ങളാണ് പക്ഷിപ്പനിയുടെ പ്രധാന സൂചന.
പക്ഷിപ്പനി മറ്റു മൃഗങ്ങളെ ബാധിക്കുമോ?
രോഗബാധയുള്ള പക്ഷികളെ ഭക്ഷിക്കുന്ന Feline വർഗത്തിൽ പെട്ട മൃഗങ്ങളിൽ (പൂച്ച, പുലി, കടുവ) മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 2004 ൽ തായ്‌ലന്‍റിലെ ഒരു മൃഗശാലയിൽ രോഗബാധയുള്ള പക്ഷികളുടെ മാംസം കഴിച്ച 41 കടുവകൾ ചത്തിരുന്നു.
രോഗ മേഖലയില്‍ വളര്‍ത്തുപക്ഷികളെ മുഴുവനും കൊന്നൊടുക്കുന്നത് എന്തിന്?
രോഗവാഹകരും രോഗബാധിതരുമായ പക്ഷികള്‍ അവയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്‌ഠത്തിലൂടെയും ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസിനെ ധാരാളമായി പുറന്തള്ളും. ഇവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും, രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയിലൂടെയെല്ലാം പരോക്ഷമായും രോഗം അതിവേഗത്തില്‍ പടര്‍ന്നു പിടിക്കും. ചെറിയ ദൂര പരിധിയില്‍ രോഗാണുമലിനമായ ജലകണികകൾ, തൂവൽ, പൊടിപടലങ്ങൾ എന്നിവ വഴി വായുവിലൂടെയും രോഗവ്യാപനം ഉണ്ടാകും.
രോഗം ബാധിച്ച പക്ഷികളുടെ കാഷ്‌ഠത്തില്‍ വന്നിരിക്കുന്ന ചിലയിനം ഈച്ചകള്‍ക്കും മറ്റ് പക്ഷികളിലേക്ക് രോഗം പടര്‍ത്താന്‍ കഴിയും. തണുത്ത കാലവസ്ഥയിൽ ദീര്‍ഘനാള്‍ നാശമൊന്നും കൂടാതെ നിലനില്‍ക്കാനുള്ള കഴിവും പക്ഷിപ്പനി വൈറസുകള്‍ക്കുണ്ട്.
വൈറസ് ബാധയേല്‍ക്കുന്ന ചില പക്ഷികള്‍ (കോഴി, കാട, ടര്‍ക്കി ഒഴികെ) രോഗ ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസിന്‍റെ നിത്യവാഹകരായി മാറാനും ഇടയുണ്ട്. രോഗ മേഖലയിൽ നിന്നും പുറത്തേക്ക് വ്യാപിച്ചാൽ നിയന്ത്രണം അതീവ ദുഷ്‌കരമാകും. ഈ കാരണങ്ങള്‍ കൊണ്ടാണ് രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ രോഗ സാധ്യതയുള്ളതും രോഗവാഹകരാവാന്‍ ഇടയുള്ളതുമായ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കി സുരക്ഷിതമായി സംസ്ക്കരിക്കുന്നത്.
പക്ഷിപ്പനി ഒരു ആഗോള പകര്‍ച്ചവ്യാധി ആയതിനാല്‍ ഇത് സംബന്ധിച്ച് കൃത്യമായ നിയന്ത്രണ ചട്ടങ്ങളും മാര്‍ഗരേഖയുമുണ്ട്. രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ പക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്‌കരിക്കുക എന്നത് ദേശീയ തലങ്ങളില്‍ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്‍റെ ഭാഗമാണ്.