ഭൂരിഭാഗം ആളുകളുടേയും ഇഷ്‌ടഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. ധാരാളം പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍റെ ഉറവിടമായാണ് മുട്ടയെ കാണുന്നത്. അതുകൊണ്ട് തന്നെ ശരീര സംരക്ഷണത്തിനായി ജിമ്മിൽ പോകുന്നവർ അവരുടെ ഡയറ്റിൽ മുട്ടയ്‌ക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.
മുട്ടയ്‌ക്ക് വളരെയേറെ ഗുണങ്ങൾ ഉണ്ടെങ്കിലും അതിന്‍റെ മഞ്ഞക്കുരു ആരോഗ്യത്തിന് ദോഷം ചെയ്യുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ചിലർ അത് ശരീരത്തിന് ദോഷം ചെയ്യുമെന്നും മറ്റു ചിലർ അത് ഗുണകരമാണെന്നുമാണ് പറയുന്നത്. ഇതേപ്പറ്റി ഹൈദരാബാദ് അപ്പോളോ ഹോസ്‌പിറ്റലിലെ ന്യൂറോളജിസ്‌റ്റ് ഡോ. സുധീർ കുമാറിന് പറയാനുള്ളത് എന്തെന്ന് നോക്കാം.
രക്തത്തിലെ കൊളസ്ട്രോൾ വർധിക്കുന്നില്ല:ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് മുട്ട. എന്നാൽ അതിന്‍റെ മഞ്ഞക്കരു കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കുമെന്ന് ചിലർക്ക് ഭയമുണ്ടെങ്കിലും അത് ശരിയല്ല. മുട്ടയിൽ കൊളസ്‌ട്രോൾ അടങ്ങിയിട്ടുണ്ടെങ്കിലും അത് ഡയറ്ററി കൊളസ്‌ട്രോൾ ആണെന്നും അത് രക്തത്തിലെ കൊളസ്‌ട്രോൾ വർധിപ്പിക്കില്ലെന്നും ഡോ. സുധീർ കുമാർ വ്യക്തമാക്കുന്നു.
അതിനാൽ തന്നെ പേടിക്കാതെ പരിമിതമായ അളവിൽ മുട്ട കഴിക്കാമെന്നാണ് ഡോ. സുധീറിന്‍റെ അഭിപ്രായം. മുട്ട കഴിക്കുന്നതിലൂടെ പ്രോട്ടീനും ശരീരത്തിനാവശ്യമായ പോഷകങ്ങളും ലഭിക്കുമെന്നും ഡോക്‌ടർ പറഞ്ഞു.
ഒരു ദിവസം എത്ര മുട്ടകൾ കഴിക്കാം: നിങ്ങളുടെ ഭക്ഷണക്രമത്തിൽ കൊളസ്ട്രോളിന്‍റെ അളവ് കുറവാണെങ്കിൽ മുട്ട അതിലേക്ക് ചേർക്കാമെന്ന് ഹെൽത്ത്‌ലൈൻ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എന്നാൽ ഭക്ഷണക്രമത്തിൽ കൊളസ്ട്രോളിന്‍റെ അളവ് കൂടുതലാണെങ്കിൽ മുട്ടയുടെ അളവ് പരിമിതപ്പെടുത്തുന്നത് നന്നായിരിക്കും. ദിവസവും രണ്ട് മുട്ട വരെ കഴിക്കുന്നത് ചെറുപ്പക്കാരുടെ കൊളസ്ട്രോളിനെ ബാധിക്കില്ലെന്നാണ് ഡോ. സുധീറിന്‍റെ അഭിപ്രായം. പ്രതിദിനം 1 - 2 മുട്ടകൾ കഴിക്കുന്നത് സുരക്ഷിതമാണെന്നും അത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
മുട്ടയുടെ മഞ്ഞക്കരു ആരോഗ്യത്തിന് ഗുണം ചെയ്യുമോ അതോ ദോഷം ചെയ്യുമോ എന്ന് മനസിലാക്കാൻ ആരോഗ്യമുള്ള 38 പേരിൽ ഒരു പരീക്ഷണം നടത്തി. അവരോട് പ്രതിദിനം മൂന്ന് മുട്ടകൾ വീതം കഴിക്കാൻ ആവശ്യപ്പെട്ടു. അതിൽ നിന്നും ലഭിച്ച ഫലം അനുസരിച്ച് മൂന്ന് മുട്ടകൾ കഴിച്ചവരിൽ എൽഡിഎൽ, എച്ച്ഡിഎൽ എന്നിവയുടെ അനുപാതം മെച്ചപ്പെട്ടതായി കണ്ടെത്തി.
എന്നിരുന്നാലും പ്രതിദിനം രണ്ട് മുട്ടയിൽ കൂടുതൽ കഴിക്കാൻ ആരോഗ്യവിദഗ്‌ധർ നിർദേശിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. ഒരു മുട്ട മാത്രമേ കഴിക്കാവൂ എന്നാണ് പലരും ഇപ്പോഴും നിർദേശിക്കുന്നത്.
Disclaimer:ഈ ലേഖനം പൊതുവായ വിവരങ്ങൾക്ക് മാത്രമുള്ളതാണ്. ഇത് ഒരു തരത്തിലും ഏതെങ്കിലും മരുന്നിനും ചികിത്സയ്ക്കും പകരമാവില്ല. കൂടുതൽ വിവരങ്ങൾക്ക് എപ്പോഴും നിങ്ങളുടെ ഡോക്‌ടറെ സമീപിക്കുക.
Also Read:ബീഫ് പ്രേമികൾ ജാഗ്രതൈ: റെഡ് മീറ്റ് 'ടൈപ്പ് 2 പ്രമേഹത്തിന്' കാരണമാകാമെന്ന് പഠനം