ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് പപ്പായ. എന്നാൽ പപ്പായയ്ക്ക് മാത്രമല്ല ഇതിന്റെ ഇലയ്ക്കും നിരവധി ഗുണങ്ങളുണ്ട്. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ തടയാൻ പപ്പായ ഇലയ്ക്ക് കഴിയും. ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പപ്പായ ഇലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പപ്പായ ഇല ജ്യൂസായും വെള്ളത്തിലിട്ട് തിളപ്പിച്ചുമൊക്കെ കുടിക്കാം. ഇതിൽ അടങ്ങിയിട്ടുള്ള എൻസൈമുകൾ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കും.
വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫ്ലേവനോയ്ഡുകൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് പപ്പായ ഇല. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദം, കോശങ്ങളുടെ കേടുപാടുകൾ തുടങ്ങിയവയിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും. ആന്റി ഇൻഫ്ളമേറ്ററി സംയുക്തങ്ങളായ ആൽക്കലോയിഡുകളും ഫ്ലേവനോയ്ഡുകളും പപ്പായ ഇലയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഇത് വളരെയധികം ഫലപ്രദമാണ്. പപ്പായ ഇലയുടെ കൂടുതൽ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം.
പ്രമേഹത്തെ പ്രതിരോധിക്കും
പപ്പായ ഇലയിൽ അടങ്ങിയിട്ടുള്ള ചില എൻസൈമുകൾക്ക് ഇൻസുലിന്റെ ഉത്പാദനത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കും. കൂടാതെ മൊത്തത്തിലുള്ള ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും പപ്പായ ഇല സഹായകമാണ്.
ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കും
ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ എ, സി എന്നിവ പപ്പായ ഇലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. കേടുപാടുകളുള്ള ചർമ്മ കോശങ്ങളെ നന്നാക്കാൻ പപ്പായ ഇലയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഗുണം ചെയ്യും. മാത്രമല്ല കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിലെ ചുളിവുകൾ, വരകൾ ഉൾപ്പെടയുള്ള വാർധക്യ സംബന്ധമായ ലക്ഷണങ്ങൾ കുറയ്ക്കാനും ഇത് വളരെയധികം ഗുണകരമാണ്. പപ്പായ ഇലയിൽ പ്രകൃതിദത്ത ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മുഖക്കുരു, അണുബാധകൾ, എന്നിവ തടയാനും സഹായിക്കും.
ഡെങ്കിപ്പനി പ്രതിരോധിക്കും
ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള അസാധ്യ കഴിവ് പപ്പായ ഇലയ്ക്കുണ്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ഇതിന് സാധിയ്ക്കും. ഡെങ്കിപ്പനി ബാധിച്ചാൽ ഇടയ്ക്കിടെ കുറഞ്ഞ അളവിൽ പപ്പായ ഇലയുടെ ജ്യൂസോ പപ്പായ ഇലയിട്ട് തിളപ്പിച്ച വെള്ളമോ കുടിക്കുന്നത് നല്ലതാണ്. ജ്യൂസുണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തളിരിലകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. എന്നാൽ ഒരു ഡോക്ടറുടെ നിർദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ ഇത് ഉപയോഗിക്കാവൂ.