കേരളം

kerala

ETV Bharat / health

കാൻസർ സാധ്യതയും ശരീരഭാരവും കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ പച്ചക്കറി - HEALTH BENEFITS OF CUCUMBER

പതിവായി ഡയറ്റിൽ കക്കിരി ഉൾപ്പെടുത്തുന്നതിന്‍റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

SUPERFOODS FOR DIABETES  CUCUMBER HEALTH BENEFITS  കക്കിരിയുടെ ആരോഗ്യ ഗുണങ്ങൾ  BEST FOOD FOR WEIGHT LOSS
Cucumber (SUPERFOODS FOR DIABETES CUCUMBER HEALTH BENEFITS കക്കിരിയുടെ ആരോഗ്യ ഗുണങ്ങൾ BEST FOOD FOR WEIGHT LOSS)

By ETV Bharat Health Team

Published : Dec 30, 2024, 3:45 PM IST

പോഷക സമ്പുഷ്‌ടമായ ഒരു പച്ചക്കറിയാണ് കക്കിരി അഥവാ കുക്കുമ്പർ. ഫൈബർ, വിറ്റാമിൻ സി, കെ, ഇ, ബി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്‌ഫറസ്, സിങ്ക്, പൊട്ടാസ്യം, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾക്ക് ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണം കൂടിയാണിത്. 95 % ശതമാനം വെള്ളം അടങ്ങിയിട്ടുള്ളതിനാൽ ചർമ്മരോഗ്യം ഉൾപ്പെടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കക്കിരി ഏറെ നല്ലതാണ്. മാത്രമല്ല ശരീര താപനില നിലനിർത്താനും വിഷവസ്‌തുക്കളെ നീക്കം ചെയ്യാനും ഇത് ഗുണം ചെയ്യും. കണ്ണിന്‍റെ ചുറ്റുമുള്ള വീക്കം, കറുപ്പ് നിറം എന്നിവ കുറയ്ക്കാനും കണ്ണിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും ഇത് ഗുണകരമാണ്. കക്കിരി കഴിക്കുന്നതിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം.

ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ

ഫ്ലേവനോയ്‌ഡുകൾ, ടാന്നിൻസ്, വിറ്റാമിൻ സി എന്നിവ ഉൾപ്പെടെ ധാരാളം ആൻ്റി ഓക്‌സിഡൻ്റുകൾ കക്കിരിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്നും സെല്ലുലാർ കേടുപാടുകളിൽ നിന്നും സംരക്ഷിക്കാൻ ഇത് സഹായിക്കും.

ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാൻ

നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, വയറുവേദന, ദഹനക്കേട് ഉൾപ്പെടയുള്ള ദഹന സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കുക്കുമ്പർ സഹായിക്കും. മൊത്തത്തിലുള്ള ദഹനാരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. മലബന്ധം തടയാനും കുക്കുമ്പർ കഴിക്കുന്നത് നല്ലതാണ്.

ശരീരഭാരം കുറയ്ക്കാൻ

കുക്കുമ്പറിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. കൂടാതെ കൊഴുപ്പ് കുറവും ജലാംശം ഉയർന്ന അളവിലും അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായുള്ള തോന്നൽ ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കുകയും ചെയ്യും. അതിനാൽ ശരീരഭാരം കുറയ്ക്കാനായി ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് കുക്കുമ്പർ.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ

കക്കിരിയിൽ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. മാത്രമല്ല നാരുകളും ജലാംശവും ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് ഇൻസുലിൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കും. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹ രോഗികൾക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ ഉത്തമമായ ഭക്ഷണമാണ് കക്കിരി.

ഹൃദയാരോഗ്യം സംരക്ഷിക്കാൻ

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് കുക്കുമ്പർ. ഇത് ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നത് വഴി ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ ഗുണം ചെയ്യും. ഇത് ഹൃദയത്തിന്‍റെ ആയാസം കുറയ്ക്കുകയും ഉയർന്ന രക്തസമ്മർദ്ദം കുറയുകയും ചെയ്യുന്നു. ശരീരത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കാനും കുക്കുമ്പർ സഹായിക്കും. ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ കുക്കുംബർ ഹൃദയത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.

എല്ലിന്‍റെ ആരോഗ്യം

വിറ്റാമിൻ കെയുടെ നല്ല ഉറവിടമാണ് കുക്കുമ്പർ. ഇത് എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ സാന്ദ്രത മെച്ചപ്പെടുത്താനും ഒടിവുകൾക്കുള്ള സാധ്യത കുറയ്ക്കാനും കുക്കുമ്പർ കഴിക്കുന്നത് ഗുണം ചെയ്യും. അതിനാൽ എല്ലുകളുടെ ബലം നിലനിർത്താൻ കക്കിരി പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം.

കാൻസർ സാധ്യത കുറയ്ക്കാൻ

കുക്കുർബിറ്റാസിൻ, ലിഗ്നാൻസ് എന്നീ സംയുക്തങ്ങൾ കുക്കുമ്പറിൽ അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ട്യൂമറുകളുടെ വ്യാപനം കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോയ്‌ഡുകൾ കാൻസർ കോശങ്ങളുടെ വ്യാപനം തടയാനും കാൻസർ വികസനത്തിലേക്ക് നയിച്ചേക്കാവുന്ന വീക്കം കുറയ്ക്കാനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ചർമ്മ സംരക്ഷണം മുതൽ കാഴ്‌ച ശക്തി വരെ; അറിയാം ക്യാരറ്റിന്‍റെ ആരോഗ്യഗുണങ്ങൾ

ABOUT THE AUTHOR

...view details