പോഷക ഗുണങ്ങളുടെയും ഔഷധ ഗുണങ്ങളുടെയും കലവറയാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെ സമ്പന്ന ഉറവിടമായ നെല്ലിക്കയിൽ വിറ്റാമിൻ ബി, എ, ഇരുമ്പ്, കാത്സ്യം, ഫൈബർ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും വൈറൽ അണുബാധകൾ തടയാനും ഇത് ഏറെ ഫലപ്രദമാണ്. അതിനാൽ ദിവസേന നെല്ലിക്ക കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് ആയുർവേദ ഡോക്‌ടർ ദിക്ഷാ ഭാവ്‌സർ സാവാലിയ പറയുന്നു. നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് നേത്രരോഗങ്ങൾ, ഉദരസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ ശമിപ്പിക്കാൻ വളരെ നല്ലതാണ്. നെല്ലിക്കയുടെ മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ദഹനപ്രശ്‌നങ്ങൾ കുറയ്ക്കാൻ
നെല്ലിക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി, ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ, മലബന്ധം തുടങ്ങിയവ അകറ്റാൻ ഗുണം ചെയ്യും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
മുടിയുടെ ആരോഗ്യം നിലനിർത്താൻ
നെല്ലിക്കയിൽ വൈറ്റമിൻ സിയും ആൻ്റി ഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ഇത് സഹായിക്കും. താരൻ, നര എന്നിവ തടയാൻ നെല്ലിക്ക ഫലപ്രദമാണ്. മുടി കൊഴിച്ചിൽ കുറയ്ക്കുകയും മുടിയുടെ തിളക്കം, ബലം എന്നിവ വർദ്ധിപ്പിക്കാനും നെല്ലിക്ക ജ്യൂസ് ഗുണം ചെയ്യും.
ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ
വിറ്റാമിൻ സിയുടെ സമ്പന്ന ഉറവിടമാണ് നെല്ലിക്ക. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കും. ചർമ്മത്തിലെ പാടുകൾ അകറ്റാനും വാർധക്യ പ്രക്രിയ മന്ദഗതിയിലാക്കാനും ചർമ്മത്തിന്‍റെ യുവത്വം നിലനിർത്താനും ഇത് ഗുണം ചെയ്യും. ഇതിന്‍റെ പുറമെ നെല്ലിക്കയുടെ ജ്യൂസ് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കാനും ത്വക്ക് രോഗങ്ങൾ അകറ്റാനും ഫലപ്രദമാണ്.
കാഴ്‌ച മെച്ചപ്പെടുത്തുന്നു
കരോട്ടിൻ, വിറ്റാമിൻ എ, സി എന്നിവ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ എ കാഴ്‌ച മെച്ചപ്പെടുത്തുകയും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്‍റെ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. കണ്ണ് വേദന, ആയാസം എന്നിവ പരിഹരിക്കാനും കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും നെല്ലിക്ക ഗുണകരമാണ്.
കഴിക്കേണ്ട വിധം
നെല്ലിക്ക ജ്യൂസിൽ 1 ടീസ്‌പൂൺ തേൻ ചേർത്ത് കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് ഡോ ദിക്ഷാ ഭാവസർ പറയുന്നു. ദിവസവും രാവിലെ വെറും വയറ്റിൽ വേണം നെല്ലിക്ക ജ്യൂസ് കഴിക്കാൻ. ഭക്ഷണം കഴിച്ചതിന് ശേഷം നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതല്ലെന്നും ഡോ ദിക്ഷാ പറയുന്നു.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : പ്രമേഹവും ഹൃദ്രോഗവും ഫലപ്രദമായി തടയാം; ഈ പച്ചക്കറി കഴിക്കൂ