പുക, പൊടി, വിഷവാതകങ്ങൾ എന്നിവയുമായി തുടർച്ചയായി സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് ദീർഘകാല ശ്വസന പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും. അത്തരത്തിൽ ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി). ശ്വാസനാളത്തിൽ വീക്കം ഉണ്ടാക്കുകയും ശരീരത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്ന ഒരു രോഗമാണിത്.
സിഒപിഡി കൃത്യസമയത്ത് കണ്ടുപിടിച്ചാൽ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. അല്ലാത്ത പക്ഷം ലക്ഷണങ്ങൾ വഷളാവുകയും രോഗം മൂർച്ഛിക്കാനും കാരണമാകും. ലോകത്തുടനീളം ഏകദേശം 55 ദശലക്ഷം സിഒപിഡി ബാധിതർ ഉണ്ടെന്ന് 2019 ൽ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. കൂടാതെ ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന മരണകാരണവും സിഒപിഡിയാണ്. എന്നാൽ ഇപ്പോഴും ഈ രോഗത്തെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തവരാണ് പലരും.
സിഒപിഡി ശ്വാസകോശത്തിന് വിട്ടുമാറാത്ത തകരാറുകൾ ഉണ്ടാക്കുമെന്ന് പൾമണോളജിസ്റ്റും റെസ്‌പിറേറ്ററി മെഡിസിൻ ഫിസിഷ്യനുമായ ഡോ സമർജിത് ദാസ് പറഞ്ഞു. രോഗത്തിന്‍റെ ആദ്യഘട്ടങ്ങളിൽ ചിലരിൽ രോഗ ലക്ഷണങ്ങളൊന്നും കണ്ടെന്ന് വരില്ല. എന്നാൽ ശ്വാസകോശത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുമ്പോഴായിരിക്കും രോഗവിവരം പലരും അറിയുന്നത്. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ വിദഗ്‌ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ സമർജിത് ദാസ് പറയുന്നു. സിഒപിഡിയുടെ പ്രധാന രോഗലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ലക്ഷണങ്ങൾ
- വിട്ടുമാറാത്ത ചുമ
- അമിതമായ കഫം ഉൽപാദനം
- ശ്വാസതടസം
- ക്ഷീണം
- ഭാരം കുറയൽ
- നെഞ്ചുവേദന