നയന്‍താരയുമായുള്ള പ്രണയത്തിന്‍റെ പേരില്‍ ഒരുപാട് അവഹേളനം നേരിട്ടുവെന്ന് വിഘ്നേഷ് ശിവന്‍. നയന്‍താരയുടെ ജീവിതവും പ്രണയവും വിവാഹവുമെല്ലാം കോര്‍ത്തിണക്കിയ ഡോക്യുമെന്‍ററിയിലാണ് തങ്ങളുടെ പ്രണയത്തെ കുറിച്ച് വിഘ്നേഷ് ശിവന്‍ തുറന്നു പറഞ്ഞത്. നെറ്റ്ഫ്ലിക്‌സില്‍ പ്രദര്‍ശനം ആരംഭിച്ച 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്ന ഡോക്യുമെന്‍ററിയിലാണ് സംവിധായകന്‍റെ വെളിപ്പെടുത്തല്‍. 'ഉളുന്തൂര്‍ പേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂര്‍ ബിരിയാണി' എന്നായിരുന്നു ലോകം തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചതെന്ന് വിഘ്നേഷ് ശിവന്‍ പറഞ്ഞു. അതേ സമയം തനിക്ക് എന്തുകൊണ്ട് നയന്‍താരയെ പ്രണയിച്ചുകൂടാ എന്നും വിഘ്നേഷ് ശിവന്‍ ചോദിക്കുന്നുണ്ട്.
താന്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്‍റെ മരണം. കുടുംബഭാരം ചുമയ്ക്കുന്നതിന് പകരം തന്‍റെ സ്വപ്‌നമായ സിനിമയിലേക്ക് വഴിതെളിയിച്ചത് അമ്മയാണെന്നും വിഘ്നേഷ് പറഞ്ഞു. കുട്ടിക്കാലം മുതല്‍ എനിക്ക് ഫിലിം മേക്കറാവുകയെന്ന ആഗ്രഹം അമ്മയക്ക് അറിയാമായിരുന്നു.
അമ്മയുടെ അനുഭവങ്ങള്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ തനിക്ക് ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അന്ന് നയന്‍താരയെ മാഡം എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ എത്ര ടേക്ക് പോകാനും മടിയില്ലെന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നത് അവരാണ്. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ വിഘ്നേഷിന്‍റെ സെറ്റ് മിസ് ചെയ്യുന്നുവെന്നാണ് അവര്‍ പറഞ്ഞതെന്നും നയന്‍താരയെ മിസ് ചെയ്യുന്നുണ്ടെന്നും താനും പറഞ്ഞെന്നും വിഘ്നേഷ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടാല്‍ ആരായാലും നോക്കിപ്പോകും. പക്ഷേ നയന്‍ മാമിനെ കാണുമ്പോള്‍ ഞാന്‍ മറ്റു പെണ്‍കുട്ടികളെ നോക്കുന്നത് പോലെ നോക്കിയിട്ടില്ല. ഒരു ദിവസം നയന്‍ തന്നെയാണ് എന്നോട് ഇഷ്‌ടമുണ്ടെന്ന് പറഞ്ഞത്. എന്നെ കളിയാക്കുന്നതാണോ എന്നാണ് അപ്പോള്‍ തോന്നിയത്.