അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്‌ത ചിത്രമാണ് 'വിടാമുയർച്ചി'. പ്രഖ്യാപനം മുതല്‍ അജിത് കുമാര്‍ ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
'വിടാമുയർച്ചി'യുടെ ആദ്യ ടീസർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആക്ഷൻ, ത്രിൽ, സസ്പെൻസ് എന്നിവക്ക് പ്രാധാന്യം നൽകി ഒരിക്കിയിരിക്കുന്നതാണ് ചിത്രമെന്നാണ് 1.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്നും വ്യക്‌തമാകുന്നത്. ടീസറില്‍ ഉടനീളമുള്ള പശ്ചാത്തല സംഗീതവും ശ്രദ്ധനേടുകയാണ്. സംഭാഷണങ്ങളേതുമില്ലാതെ മികച്ച പശ്ചാത്തല സംഗീതത്തില്‍ ഒരുക്കിയ ടീസര്‍ പ്രേക്ഷകര്‍ ഇരുകങ്ങളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
തൃഷയാണ് ചിത്രത്തില്‍ അജിത്തിന്‍റെ നായികയായി എത്തുന്നത്. അജിത്, അർജുൻ, തൃഷ, റെജീന കസാൻഡ്ര എന്നിവരും ടീസറില്‍ മിന്നിമറയുന്നുണ്ട്. സിനിമയുടെ റിലീസ് വിവരവും ടീസറില്‍ പങ്കുവച്ചിട്ടുണ്ട്. 2025ല്‍ പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ 'വിടാമുയർച്ചി' ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചു. ഇതുവരെ മൂന്ന് ദശലക്ഷത്തിലധികം പേരാണ് ടീസര്‍ കണ്ടിരിക്കുന്നത്. 10 മണിക്കൂര്‍ പിന്നിടുമ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ടീസര്‍.