കേരളം

kerala

ETV Bharat / entertainment

ബസ്‌റ്റാൻഡിൽ ബുക്ക് വില്‍പ്പന, മീന്‍ കച്ചവടം, ഭക്ഷണം വീടുകളിൽ സപ്ലൈ ചെയ്യല്‍.. കേട്ട പഴികളെ കുറിച്ച് വേണു കുന്നപ്പിള്ളി - VENU KUNNAPPILLY REVEALS

സിനിമ പരാജയപ്പെട്ട്, വളരെ സാമ്പത്തിക നഷ്‌ടം സംഭവിച്ച്, മാനസികമായി തകർന്നിരിക്കുന്ന ഒരു നിര്‍മ്മാതാവായി ചീത്ത പറഞ്ഞ്, കളിയാക്കി തേജോവധം ചെയ്യുമ്പോൾ മറ്റുള്ളവര്‍ക്ക് കിട്ടുന്ന ആത്‌മസുഖം എന്താണെന്ന് തനിക്ക് അറിയില്ലെന്ന് വേണു കുന്നപ്പിള്ളി..

VENU KUNNAPPILLY  VENU KUNNAPPILLY FACED STRUGGLES  വേണു കുന്നപ്പിള്ളി  VENU KUNNAPPILLY ABOUT CRITICISM
Venu Kunnappilly (ETV Bharat)

By ETV Bharat Entertainment Team

Published : Jan 13, 2025, 12:30 PM IST

വേണു കുന്നപ്പള്ളിയുടെ ആദ്യ നിര്‍മ്മാണ സംരംഭമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ 'മാമാങ്കം'. ആസിഫ് അലി നായകനായി എത്തിയ 'രേഖാചിത്രം' ആണ് ഏറ്റവും ഒടുവിലായി വേണു കുന്നപ്പള്ളി നിര്‍മ്മിച്ച ചിത്രം. ജനുവരി 9ന് റിലീസിനെത്തിയ 'രേഖാചിത്രം' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. മികച്ച വിജയം കൊയ്‌ത സിനിമയുടെ സക്‌സസ് മീറ്റ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു.

ഇപ്പോഴിതാ സിനിമയുടെ സക്‌സസ് മീറ്റിനിടെ വേണു കുന്നപ്പള്ളി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. താന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം കാരണം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറയുകയായിരുന്നു അദ്ദേഹം. ആ സിനിമയെ തുടര്‍ന്ന് താന്‍ ഏറെ പഴികേട്ടുവെന്നും നിര്‍മ്മാതാവ് വെളിപ്പെടുത്തി.

വേണു കുന്നപ്പള്ളിയുടെ വാക്കുകള്‍

എന്‍റെ ചെറിയ നാളത്തെ സിനിമ ജീവിതത്തിനിടയിൽ ഒട്ടും പ്രതീക്ഷിക്കാത്ത, അനുഭവങ്ങളാണ് കഴിഞ്ഞ നാല് ദിവസമായി നടന്നു കൊണ്ടിരിക്കുന്നത്. രേഖാചിത്രത്തിന്‍റെ റിലീസിന് ശേഷം, ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും, പരിചയക്കാരും നേരിട്ടും, അല്ലാതെയും തന്നുക്കൊണ്ടിരിക്കുന്ന പ്രശംസകളും അഭിനന്ദന പ്രവാഹവും ചെറുതൊന്നുമല്ല. അത് തുടർന്ന് കൊണ്ടേയിരിക്കുന്നു.

ആദ്യ സിനിമയിൽ ഏറെ പഴികേട്ട ഒരു നിര്‍മ്മാതാവാണ് ഞാൻ. എത്രയോ ജനങ്ങൾ നെഞ്ചേറ്റിയ ഒരു സിനിമയായിരുന്നു അത്. എനിക്കും വളരെ പ്രിയപ്പെട്ടത്. എന്നാൽ ഫാൻസ് യുദ്ധത്തിന്‍റെയും, മറ്റുപല വൈരാഗ്യങ്ങളുടെയും പേരിൽ റിലീസിന് മുന്നേ തന്നെ, ആ സിനിമയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച്, അതിന്‍റെ പതനം ഉറപ്പാക്കാൻ ഏറെ ആളുകൾ നിലയുറപ്പിച്ചിരുന്നു.

സിനിമ മേഖലയിലെ തന്നെ ചില മുഖംമൂടിയിട്ട മാന്യനന്‍മാരും മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു എന്നതും പച്ചയായ സത്യമാണ്. എനിക്ക് ഭീകര സാമ്പത്തിക നഷ്‌ടം വന്നെന്നും, ഞാൻ പൊളിഞ്ഞ് കുത്തുപാള എടുത്തെന്നും പറഞ്ഞ് ചില കോമരങ്ങൾ ആഘോഷമാക്കി. സുഗിയെന്ന കമ്പനിയിൽ ഭക്ഷണം വീടുകളിൽ സപ്ലൈ ചെയ്യുന്ന ആളായിട്ടാണ് ജോലി ചെയ്യുന്നതെന്നായിരുന്നു വലിയ പ്രചാരണം.

ആയിരക്കണക്കിന് ചെറുപ്പക്കാർ ചെയ്യുന്ന ഈ ജോലി, അത്ര മോശമായി എനിക്ക് തോന്നിയിട്ടില്ല. ഗൾഫിൽ ആദ്യ കാലത്ത് ഞാൻ ചെയ്‌ത ജോലിയേക്കാൾ, എത്ര മികച്ചതാണ് ഇതെന്ന് ഇവന്‍മാർക്ക് അറിയില്ലായിരിക്കാം. ഒരു പിതൃശൂന്യന്‍റെ വീട്ടിൽ ഞാൻ ഭക്ഷണം കൊണ്ടു ചെന്നതായി, നിഷ്‌കളങ്കമായി സോഷ്യൽ മീഡിയയിൽ സാക്ഷ്യപ്പെടുത്തിയത് ഇപ്പോഴും ഓർക്കുന്നു.

അതുപോലെ തൃശൂർ ബസ്‌റ്റാൻഡിൽ ബുക്ക് വിറ്റ് ഞാൻ നടക്കുന്നതായും, മീൻ പിടിച്ച് ജീവിക്കുന്നതായും പറഞ്ഞവരും ഉണ്ട്. സിനിമയുടെ വിജയ-പരാജയത്തിൽ നിര്‍മ്മാതാവിന്‍റെ റോള്‍ പരിമിതമാണെന്ന് അറിയാമെങ്കിലും, സാമ്പത്തിക നഷ്‌ടം സംഭവിച്ച്, ഹൃദയ വേദനയോടെ ഇരിക്കുന്നവൻ കുത്തിനോവിക്കപ്പെടുന്നു.

അഞ്ച് വർഷമെന്ന ചെറിയ കാലത്തിനുള്ളിൽ 2018, മാളികപ്പുറം, രേഖാചിത്രം തുടങ്ങിയ സിനിമകൾ ചെയ്യാൻ സാധിച്ചത് ദൈവനിശ്ചയം മാത്രം. ബ്ലോക്ക് ബസ്‌റ്റര്‍, സൂപ്പർ ഹിറ്റ് സിനിമകൾ മാത്രം ചെയ്യാനായി എന്തെങ്കിലും ഫോർമുല ഉള്ളതായി എനിക്ക് അറിയില്ല. കുറെയേറെ കാര്യങ്ങൾ ഒത്തു വരുമ്പോൾ മാത്രം സംഭവിക്കുന്ന കാര്യമാണത്.

ദൈവാധീനവും, ഭാഗ്യവും കൂടെ തന്നെ ഉണ്ടാകണമെന്ന് മാത്രം. മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും സംഭവിക്കാതെ സിനിമ പരാജയപ്പെട്ട്, വളരെ സാമ്പത്തിക നഷ്‌ടം സംഭവിച്ച്, മാനസികമായി തകർന്നിരിക്കുന്ന നിര്‍മ്മാതാവായി ചീത്ത പറഞ്ഞ്, കളിയാക്കി തേജോവധം ചെയ്യുമ്പോൾ കിട്ടുന്ന ആത്‌മസുഖം എന്താണെന്ന് എനിക്ക് അറിയില്ല. ഇവരെ കളിയാക്കുമ്പോൾ ഒരു കാര്യം ഓർക്കണം, അവന് നഷ്‌ടമായ പലതുമായിരുന്നു, കുറച്ചു നാളത്തേക്കെങ്കിലും, പലരുടെയും ജീവിതമാർഗമെന്ന്.

സത്യസന്ധതയും, ആത്‌മാർത്ഥതയും മുറുകെപ്പിടിച്ച്, കഠിനാധ്വാനം ചെയ്‌ത് ഈ ഹ്രസ്വ ജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് എന്‍റെ മാർഗ്ഗം. ദുഃഖവും, സന്തോഷവും എല്ലാം ഇതിനിടയിൽ വന്നും പോയുമിരിക്കും. അത് പ്രപഞ്ച സത്യം. ആ ജീവിതത്തിൽ നിന്നും, ഇന്നിവിടെ നിൽക്കാൻ എന്നെ സഹായിച്ചതും ഇതൊക്കെ തന്നെ ആയിരിക്കാം. ജീവിതത്തില്‍ ഒന്നും ശാശ്വതം അല്ലെന്ന് ഓർത്താൽ കൊടിയ ദുഃഖങ്ങളും സന്തോഷങ്ങളുമെല്ലാം എവിടെയോ പോയിമറയും.

Also Read: മമ്മൂട്ടി ചേട്ടന് ഒരു ഉമ്മ... ആ പേര് രേഖാചിത്രത്തിന് മുന്‍പേ സംഭവിച്ചു... - ASIF ALI KISSED MAMMOOTTY

ABOUT THE AUTHOR

...view details