എറണാകുളം: സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ഒരു ഡയലോഗ് ഉണ്ട്, 'എന്തൊക്കെയാ ഈ നാട്ടിൽ നടക്കുന്നേ?' സമാന ചോദ്യമുളവാക്കുന്ന കാര്യങ്ങൾ തന്നെയാണ് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കോക്കേഴ്‌സ് ഫിലിംസിന്‍റെ ബാനറിൽ പുറത്തിറങ്ങിയ 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന ചിത്രത്തിന് റിവ്യൂ ബോംബിങ് സംഭവിച്ചുവെന്ന ആരോപണമായി നിർമ്മാതാക്കൾ മുന്നോട്ട് എത്തുന്നു. ഇതോടെ നെഗറ്റീവ് റിവ്യൂ നൽകിയ കുപ്രസിദ്ധ സിനിമ നിരൂപകൻ അശ്വന്ത് തന്‍റെ വീഡിയോ ഡിലീറ്റ് ചെയ്‌ത് കളം വിടുന്നു. നൂലിൽ മുത്തു കോർത്തതുപോലെ അടുത്ത പ്രശ്‌നം സംവിധായകൻ സനൽകുമാർ ശശിധരന്‍റെ ഭാഗത്തുനിന്നും.
ഐഎഫ്എഫ്കെയിലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും മികച്ച അഭിപ്രായവും പ്രകടനവും കാഴ്‌ചവച്ച് അവാർഡുകൾ വാരിക്കൂട്ടിയ വഴക്ക് എന്ന ടോവിനോ തോമസ് നായകനായ തന്‍റെ ചിത്രം റിലീസിന് എത്താത്തത് ടോവിനോ തോമസിന്‍റെ പിടിവാശിയുടെ കാരണമാണെന്ന് സനൽകുമാർ ആരോപിക്കുന്നു.ടോവിനോയുടെ തല്ലുമാല, നടികർ തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്‌ത് തിയേറ്ററിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നു. അജയന്‍റെ രണ്ടാം മോഷണം റിലീസിന് ഒരുങ്ങുന്നു. ഒരു സൂപ്പർതാരമായി സ്ക്രീനിൽ തിളങ്ങുമ്പോൾ വഴക്ക് പോലൊരു ചിത്രം റിലീസ് ചെയ്‌താൽ തന്‍റെ കരിയറിന് മങ്ങൽ ഏൽകുമെന്ന് ടോവിനോ തോമസ് വിശ്വസിക്കുന്നുവെന്നും സനൽകുമാർ ശശിധരൻ ആരോപിച്ചു.
തൊട്ടുപിന്നാലെ ടോവിനോ തോമസും നിർമാതാക്കളിൽ ഒരാളായ ഗിരീഷ് നായരും സനൽകുമാറിന് മറുപടിയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. സംവിധായകൻ സനൽകുമാർ ശശിധരന് എതിരായി നിലനിൽക്കുന്ന നെഗറ്റീവ് ആരോപണങ്ങളാണ് ഒടിടികൾ സിനിമ തിരസ്‌കരിക്കാൻ കാരണമെന്നായിരുന്നു ടോവിനോയുടെയും നിർമാതാവിനെയും വാദം.
"ഡോക്‌ടർ ബിജു അടക്കമുള്ള സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് താൻ. സനൽ കഥ പറഞ്ഞപ്പോൾ ഇഷ്‌ടപ്പെട്ടു തന്നെയാണ് സിനിമ നിർമ്മിക്കാം എന്ന് സമ്മതിച്ചതും. ലൊക്കേഷനിൽ വച്ച് പലപ്പോഴും സനൽ വളരെ മോശമായി പെരുമാറിയിട്ടുണ്ട്. ഞാനതൊന്നും മനസ്സിൽ വച്ചില്ല. സനൽ ആരോപിക്കുന്ന ഒരു കാര്യത്തിലും വസ്‌തുത ഇല്ല" എന്നായിരുന്നു ടോവിനോയുടെ മറുപടി വാദം.