സജീദ് എയുടെ സംവിധാത്തിൽ കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയ സിനിമ 'വടക്കൻ' കാൻ ചലച്ചിത്രമേളയുടെ മാർഷെ ദു ഫിലിമിൻ്റെ ഫെന്‍റാസ്റ്റിക് പവലിയനിൽ തെരഞ്ഞെടുക്കപ്പെട്ടു. പവലിയനിൽ പ്രദർശിപ്പിക്കുന്ന ഏഴു ചിത്രങ്ങളിൽ ഒന്നായാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ എന്നിവർ അണിയറയിലുള്ള 'വടക്കൻ' ഈ വിഭാഗത്തിൽ ഇടംനേടുന്ന ഏക മലയാള ചിത്രമാണ്.
ഒട്ടനവധി വൈവിധ്യമാർന്ന ചിത്രങ്ങൾക്കൊപ്പമാണ് ഫിലിം മാർക്കറ്റുകളിൽ പ്രധാനമായ കാനിൻ്റെ മാർഷെ ദു ഫിലിമിൽ വടക്കൻ പ്രദർശിപ്പിക്കുന്നത്. വടക്കൻ ഫെന്‍റാസ്റ്റിക് പവലിയനിൽ പ്രദർശിപ്പിക്കുന്നത് ഏറെ അഭിമാനകരമാണെന്നും മലയാള സിനിമയുടെ വൈവിധ്യതയും കേരളത്തിൻ്റെ സംസ്‌കാരവും ഇത്തരമൊരു കഥയിലൂടെ, നിഗൂഢതയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരിൽ അത് ഏറെ പ്രതീക്ഷ സൃഷ്‌ടിക്കുന്നു എന്നും മേളയുടെ സംഘടകർ അഭിപ്രായപ്പെട്ടു.
ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പിൻ്റെ സഹസ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെ ബാനറിലാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. പുരാതന വടക്കെ മലബാറിലെ നാടോടിക്കഥകളെ പശ്ചാത്തലമാക്കി ഒരുക്കിയ ഒരു സൂപ്പർനാച്ചുറൽ ത്രില്ലർ സിനിമയാണ് 'വടക്കൻ'.