കേരളം

kerala

ETV Bharat / entertainment

'ഒറ്റയ്‌ക്കുള്ള ജീവിതം, കൂട്ടിന് പട്ടിയും പൂച്ചയും, താര റാണിയെ പോലുള്ള അമ്മ താരം'; തൊണ്ട ഇടറി ഉര്‍വ്വശി - Urvashi remembers Kaviyoor Ponnamma - URVASHI REMEMBERS KAVIYOOR PONNAMMA

കവിയൂര്‍ പൊന്നമ്മയുടെ ജീവിതം ഒരു നായികയെ പോലെ ആയിരുന്നുവെന്ന് ഉര്‍വ്വശി. മറ്റ് അമ്മ താരങ്ങളില്‍ നിന്നും പൊന്നു ആന്‍റി വ്യത്യസ്‌തയായിരുന്നുവെന്നും ഉര്‍വ്വശി. തന്‍റെ അമ്മയുടെ സ്ഥാനത്തായിരുന്നു പൊന്നു ആന്‍റിയെന്നും ഉര്‍വ്വശി.

URVASHI  REMEMBERING KAVIYOOR PONNAMMA  KAVIYOOR PONNAMMA  കവിയൂര്‍ പൊന്നമ്മ
Urvashi remembers Kaviyoor Ponnamma (ETV Bharat)

By ETV Bharat Entertainment Team

Published : Sep 21, 2024, 12:56 PM IST

അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ വികാരഭരിതയായി നടി ഉര്‍വ്വശി. അമ്മയുടെ അടുത്ത സുഹൃത്തായിരുന്ന കവിയൂര്‍ പൊന്നമ്മയെ പൊന്നു ആന്‍റി എന്നാണ് ഉര്‍വ്വശി വിളിച്ചിരുന്നത്. അടുത്ത ദിവസങ്ങളിലാണ് പൊന്നു ആന്‍റി അസുഖബാധിതയാണെന്ന് അറിഞ്ഞിരുന്നതെന്നും, സുഖം പ്രാപിച്ച് തിരിച്ചു വരുമെന്നാണ് കരുതിയെന്നും ഉര്‍വ്വശി പറയുന്നു.

ഒരു അമ്മ താരം ആയിരുന്നെങ്കിലും താര റാണിയെ പോലെയായിരുന്നു പൊന്നമ്മ ജീവിച്ചിരുന്നതെന്നും, തന്നോട് പൊന്നു ആന്‍റിക്ക് വലിയ വാത്സല്യം ആയിരുന്നെന്നും ഉര്‍വ്വശി പറയുന്നു. ഈ അമ്മ നടിമാരായിരുന്നു തന്‍റെ ശക്‌തിയും ബലവുമെന്ന് വലിയ സങ്കടത്തോടെ ഓര്‍ക്കുകയാണ് ഉര്‍വ്വശി. ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു ഉര്‍വ്വശിയുടെ പ്രതികരണം.

'എന്‍റെ അമ്മയുടെ സ്ഥാനത്തായിരുന്നു. എത്രയോ കാലമായി ഒറ്റയ്‌ക്ക് ജീവിച്ചിരുന്ന സ്‌ത്രീയാണ്. ആ മുഷിച്ചിലും ഇറിറ്റേഷനും ഒന്നും ഒരിക്കലും പുറത്ത് കാണിക്കാതെയാണ് പെരുമാറിയിരുന്നത്. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വീട്ടില്‍ ചെന്നാലും കുറച്ച് പട്ടിയും പൂച്ചയും അല്ലാതെ വേറെ ആരും കൂട്ടിന് ഇല്ലായിരുന്നു.

ശാരീരിക അസ്വസ്ഥതതകളും ഇല്ലായിരുന്നു. ഒരിക്കല്‍ പോലും ഞാന്‍ ഒറ്റപ്പെട്ട് പോയെന്ന് പറഞ്ഞ് വിഷമിച്ച് കണ്ടിട്ടില്ല. സ്‌നേഹത്തോടെ മാത്രമെ പെരുമാറിയിട്ടുള്ളു. ആലോചിക്കുമ്പോള്‍ തൊണ്ട ഇടറുന്നുണ്ട്. അത്ര വേണ്ടപ്പെട്ടവരായിരുന്നു. പൊന്നു ആന്‍റിയുടെ ആത്‌മാവിന് നിത്യശാന്തി നേരുന്നു. ഏത് നിമിഷവും കാണാന്‍ എത്രയെത്ര അമ്മ വേഷങ്ങളാണ് ബാക്കി വച്ച് പോയത്.'-ഉര്‍വ്വശി പറഞ്ഞു.

അടുത്ത ദിവസങ്ങളിലായാണ് പൊന്നു ആന്‍റിയ്‌ക്ക് സുഖമില്ലാത്ത വിവരം താന്‍ അറിഞ്ഞതെന്ന് ഉര്‍വ്വശി. 'കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി കല ചേച്ചി പറഞ്ഞിരുന്നു, പൊന്നു ആന്‍റിക്ക് സുഖമില്ലെന്നും സീരീയസ് ആണെന്നും. സുഖപ്പെട്ട് തിരിച്ചുവരും എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്.' -ഉര്‍വ്വശി കൂട്ടിച്ചേര്‍ത്തു.

അമ്മയുമായുള്ള കവിയൂര്‍ പൊന്നമ്മയുടെ സ്‌നേഹബന്ധത്തെ കുറിച്ചും ഉര്‍വ്വശി ഓര്‍ത്തെടുത്തു. 'ഞങ്ങള്‍ വളരെ അടുത്ത സ്‌നേഹബന്ധം പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ സഹോദരന്‍ ആശുപത്രിയിലായിരുന്ന സമയത്ത് എന്‍റെ അമ്മയെ ആശ്വസിപ്പിക്കാന്‍ ആശുപത്രിയില്‍ നിന്നിരുന്നത് പൊന്നു ആന്‍റി ആയിരുന്നു.

അമ്മിണി എന്ന് വിളിച്ച് അമ്മയോട് വാത്സല്യത്തോടെ പെരുമാറുന്ന ആളായിരുന്നു. ലളിത ചേച്ചിയും അങ്ങനെയായിരുന്നു. എപ്പോഴും വീട്ടില്‍ വരുമായിരുന്നു. അമ്മ മദ്രാസിലേയ്‌ക്ക് ഷിഫ്‌ഷ് ചെയ്‌ത ശേഷമാണ് വരാത്തത്.' -ഉര്‍വ്വശി പറഞ്ഞു.

അമ്മ താരം ആയിരുന്നെങ്കിലും താര റാണിയെ പോലെയായിരുന്നു പൊന്നു ആന്‍റിജീവിച്ചിരുന്നതെന്ന് ഉര്‍വ്വശി. 'എന്നെ എവിടെ വച്ച് കണ്ടാലും വലിയ സ്‌നേഹത്തോടെ സംസാരിക്കും. മറ്റ് അമ്മ താരങ്ങളില്‍ നിന്നും പൊന്നു ആന്‍റിക്കുള്ള വ്യത്യാസം, അവരുടെ ജീവിതം ഒരു നായികയെ പോലെ തന്നെ ആയിരുന്നു. ഹോട്ടല്‍ താമസവും ഭക്ഷണവും എല്ലാം..

എന്നോടും പറയും ഹോട്ടലില്‍ നിന്ന് കഴിക്ക്, നന്നായിരിക്കും കേട്ടോ എന്ന്. കോസ്‌മറ്റിക്‌സ്‌, പെര്‍ഫ്യൂം ഒക്കെ ആയാലും ഒരു അമ്മ നടിയെ പോലെയല്ല പൊന്നു ആന്‍റി ഉപയോഗിക്കുന്നത്. എന്നെ പലപ്പോഴും വഴക്ക് പറയും നീയൊരു ആര്‍ട്ടിസ്‌റ്റ് ആയിട്ടി പലതും ശ്രദ്ധിക്കുന്നില്ല എന്നൊക്കെ. പ്രായത്തില്‍ കവിഞ്ഞ വേഷങ്ങളാണ് നീ ചെയ്യുന്നത് എന്നൊക്കെ പറയും.' -ഉര്‍വ്വശി പറഞ്ഞു.

ഒരിക്കല്‍ സിനിമ സെറ്റില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നോട് മോശം പറഞ്ഞപ്പോല്‍ കവിയൂര്‍ പൊന്നമ്മ പ്രതികരിച്ചതും ഉര്‍വ്വശി ഓര്‍ത്തെടുത്തു. 'നിങ്ങള്‍ എന്താ കരുതിയത്, അവള്‍ കൊച്ചു കുട്ടി ആണെങ്കിലും മലയാളത്തിലെ ഏറ്റവും മികച്ചൊരു നടിയാണ്. മനസ്സിലായോ? നിങ്ങള്‍ ബഹുമാനിച്ചില്ലെങ്കിലും മോശമായി പെരുമാറരുത്.' -എന്ന് പൊന്നു ആന്‍റി പ്രതികരിച്ചിരുന്നു. അത്രയും പ്രതികരിക്കുന്ന ഒരാള്‍ ആയിരുന്നു പൊന്നു ആന്‍റി. ഒരുപാട് ആത്മബന്ധമുള്ള ആളായിരുന്നു പൊന്നു ആന്‍റി.' -ഉര്‍വ്വശി പറഞ്ഞു.

Also Read: പൊന്നമ്മയെ അവസാനമായി കണ്ട് മമ്മൂട്ടിയും മോഹന്‍ലാലും - Mammootty Mohanlal tribute Ponnamma

ABOUT THE AUTHOR

...view details