ഹൈദരാബാദ്:സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടി ഉർവശി റൗട്ടേലയ്ക്ക് ഗുരുതര പരിക്ക്. നന്ദമൂരി ബാലകൃഷ്‌ണ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ സെറ്റിൽ വച്ചായിരുന്നു അപകടം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു നടിയ്‌ക്ക് പരിക്കേറ്റത്. ഉർവശിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട്.
അപകട വിവരം ഉർവശി റൗട്ടേലയുടെ ടീം സ്ഥിരീകരിച്ചു. എല്ലിന് പൊട്ടലുണ്ടെന്നും മികച്ച ചികിത്സയാണ് ഉർവശിക്ക് നൽകിവരുന്നതെന്നും അവർ അറിയിച്ചു. നന്ദമൂരി ബാലകൃഷ്‌ണയുടെ 109-ാം ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂളിനായി താരം അടുത്തിടെ ഹൈദരാബാദിൽ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം എൻബികെ 109 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ബോബി കൊല്ലിയാണ് സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു മുഖ്യവേഷത്തിലുണ്ടെന്നാണ് റിപ്പോർട്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളായ ബോബി ഡിയോൾ, ചാന്ദിനി ചൗധരി എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്.