ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ 'മാർക്കോ' ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ 20ന് തിയേറ്ററുകളില്‍ എത്തിയ 'മാർക്കോ' ഇതിനോടകം തന്നെ ആഗോളതലത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്.
ഇതിനിടെ സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ മുതൽ കേരളത്തിലെ മുൻനിര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. നെറ്റ്‌ഫ്ലിക്‌സിലൂടെ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യ വാരമോ 'മാര്‍ക്കോ' സ്‌ട്രീമിംഗ് ആരംഭിക്കും എന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച് സ്ഥിരീകരണവുമായി നിർമ്മാതാക്കളായ ക്യൂബ്‌സ് എന്‍റര്‍ടെയിന്‍മെന്‍റ്‌സും ഉണ്ണിമുകുന്ദൻ ഫിലിംസും സംയുക്‌തമായി രംഗത്തെത്തിയിട്ടുണ്ട്. മാർക്കോയുടെ ഡിജിറ്റൽ അവകാശവുമായി ബന്ധപ്പെട്ട് ഇതുവരെയും ഒരു ഒടിടി പ്ലാറ്റ്‌ഫോമുമായു അണിയറപ്രവര്‍ത്തകര്‍ കരാറില്‍ ഏർപ്പെട്ടിട്ടില്ല.
കൂടാതെ സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയായി നിർമ്മാണ കമ്പനി സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗിക പ്രെസ് റിലീസ് പുറത്തുവിട്ടു.
Marco OTT Release clarification (ETV Bharat) "മാർക്കോയുടെ ഒടിടി അവകാശം വിറ്റുപോയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ് മാർക്കോ. പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ മികച്ച ആസ്വാദന തലം സൃഷ്‌ടിക്കുന്നതിനായി നിര്‍മ്മിച്ചതാണ് ചിത്രം. സിനിമ ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് ആഘോഷിക്കുന്നതിൽ ഞങ്ങള്‍ സന്തുഷ്‌ടരാണ്. ഈ സിനിമ ആസ്വദിക്കുവാനുള്ള ഏറ്റവും മികച്ച സ്‌ഥലം തിയേറ്ററുകളാണ്. അതിനാല്‍ നിങ്ങളുടെ അടുത്തുള്ള തിയേറ്ററില്‍ മാര്‍ക്കോ കാണാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു," -ഇപ്രകാരമാണ് പ്രെസ് റിലീസ്.
അതേസമയം 'മാര്‍ക്കോ'യുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പിആര്‍ വിഭാഗത്തില്‍ നിന്നും ഇടിവി ഭാരതിന് ലഭിച്ചിരുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോം വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചകളിലൂടെ പുരോഗമിക്കുന്നതായാണ് വിവരം. സിനിമയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നിർമ്മാണ കമ്പനിയുടെ സോഷ്യൽ മീഡിയ പേജിലൂടെയോ പിആർ വിഭാഗത്തിന്‍റെ ഔദ്യോഗിക റിലീസായോ മാധ്യമങ്ങൾക്ക് കൈമാറുമെന്നും പിആര്‍ അറിയിച്ചു.
പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്‌റ്റർ ലുക്കിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്. ഉണ്ണി മുകുന്ദന്‍റെയും ജഗദീഷിന്‍റെയും അസാധ്യമായ അഭിനയ മുഹൂർത്തങ്ങള്‍ ചിത്രത്തിലുണ്ട്. അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്‌സ്‌റ്റൺ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.
സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്‌തി തരേജ തുടങ്ങിയവരും നിരവധി ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസീവ് വയലൻസ് സിനിമയുടെ ഭാഗമായിട്ടുണ്ട്.
ആദ്യ എ റേറ്റഡ് 100 കോടി ചിത്രം; റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മാര്‍ക്കോ - MARCO ENTERS 100 CRORE CLUB