ടിനി ടോമിനെ നായകനാക്കി നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പൊലീസ് ഡേ'. ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടിനി ടോമിനൊപ്പം നന്ദുവും അൻസിബ ഹസനുമാണ് പോസ്റ്ററിൽ.
പൊലീസ് യൂണിഫോമിലാണ് പോസ്റ്ററിൽ നന്ദുവും ടിനി ടോമും. ഇടത്തും വലത്തുമായി നിൽക്കുന്ന ഇവരുടെ നടുവിലായി അൻസിബയേയും കാണാം. കൂടാതെ അതിന് താഴെയായി ടിനി ഉൾപ്പടെയുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ നടന്നു വരുന്നതും ചിത്രീകരിച്ചിട്ടുണ്ട്. ഒരു പൊലീസ് കഥയ്‌ക്ക് ഏറെ അനുയോജ്യമായ പോസ്റ്റർ തന്നെയാണ് അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്.
ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ഈ ചിത്രം അനാവരണം ചെയ്യുന്നത് എന്നാണ് വിവരം. ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന 'പൊലീസ് ഡേ' ഡിവൈഎസ്‌പി ലാൽ മോഹന്‍റെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റിഗേഷന്‍റെ കഥയാണ് പറയുന്നത്. ടിനി ടോമാണ് ലാൽ മോഹനായി എത്തുന്നത്. ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്വേഗവും സസ്‌പെൻസും കോർത്തിണക്കിയ എൻ്റർടെയിനറായിരിക്കും 'പൊലീസ് ഡേ' എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.