കേരളം

kerala

ETV Bharat / entertainment

മൂന്ന് കരുത്തുറ്റ തിരക്കഥാകൃത്തുക്കള്‍, മികച്ച രണ്ട് സംവിധായകര്‍, വന്‍ താരനിര; മലയാളത്തില്‍ നിന്നൊരു വമ്പന്‍ ആക്ഷന്‍ സിനിമ - THREE PROMINENT SCRIPT WRITERS JOIN

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‌ത 'മഹേഷിന്‍റെ പ്രതികാരം' നിര്‍മിച്ചത് ആഷിഖ് അബു ആയിരുന്നു. ഇതിന് തിരക്കഥയൊരുക്കിയതാവട്ടെ ശ്യാം പുഷ്‌കരനും. ഈ സൗഹൃദത്തില്‍ വീണ്ടും സിനിമ സൃഷ്‌ടിക്കപ്പെടുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയും പ്രതീക്ഷയുമാണ്.

RIFLE CLUB MOVIE  RIFLE CLUB MOVIE SCRIPT WRITERS  മൂന്ന് തിരക്കഥാകൃത്തുക്കള്‍  റൈഫിള്‍ ക്ലബ് സിനിമ
സിനിമ പ്രവര്‍ത്തകര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 26, 2024, 5:59 PM IST

അരങ്ങിലും അണിയറയിലുമായി വമ്പന്‍ ടീമുമായാണ് ആഷിഖ് അബു ചിത്രം 'റൈഫില്‍ ക്ലബ്' പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, സുരഭി ലക്ഷ്‌മി, ഉണ്ണിമായ, ഹനുമാന്‍ കൈന്‍ഡ്, ബേബി ജീന്‍, വിന്‍സി അലോഷ്യസ്, വിജയരാഘവന്‍, വിഷ്‌ണു അഗസ്‌ത്യ എന്നിങ്ങനെ നീളുന്ന താരങ്ങളാണ് അരങ്ങിലെങ്കില്‍ അണിയറയില്‍ ഇതിലും വലിയ കേമന്‍മാരാണുള്ളത്.

'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍' എന്ന സിനിമയിലൂടെ മലയാളത്തിലെ ന്യൂജെന്‍ സിനിമകള്‍ക്ക് തുടക്കമിട്ട ശ്യാം പുഷ്‌കരനും ദിലീഷ് നായരും ഒപ്പം യുവാക്കളുടെ ഹരമായി മാറിയ സുഹാസും ചേര്‍ന്നാണ് 'റൈഫിള്‍ ക്ലബി'ന് തിരക്കഥയൊരുക്കുന്നത്. എഴുത്തുകാരന്‍റെ പേര് കണ്ടാല്‍ തന്നെ സിനിമ മികച്ചതായിരിക്കുമെന്ന് വിശ്വസിക്കുന്ന പ്രേക്ഷകരുടെ ഇടയിലേക്കാണ് ഈ മൂന്ന് തിരക്കഥാകൃത്തുകളും ചേര്‍ന്നുള്ള ഒരു സിനിമ എത്താന്‍ പോകുന്നത്.

ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായരുടെ കൂട്ടുക്കെട്ടില്‍ പിറന്നതാണ് 'മായാനദി'. അതുകൊണ്ട് തന്നെ ഈ കൂട്ടുക്കെട്ട് വീണ്ടുമെത്തുമ്പോള്‍ അഭ്രപാളിയില്‍ ഒരു മാജിക് തന്നെ തീര്‍ക്കുമെന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു സംശയവുമില്ല. ഇവര്‍ക്കൊപ്പം സുഹാസും കൂടിയാവുമ്പോള്‍ സിനിമ മറ്റൊരു തലത്തിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ വിശ്വാസം.

ആഷിഖ് അബു ചിത്രത്തില്‍ ശ്യാം പുഷ്‌കരനോടൊപ്പം 2011ല്‍ 'സോള്‍ട്ട് ആന്‍റ് പെപ്പറി'ന് തിരക്കഥ എഴുതിക്കൊണ്ടാണ് ദിലീഷ് നായര്‍ സിനിമയില്‍ തുടക്കം കുറിക്കുന്നത്.

പിന്നീട് 'ടാ തടിയാ', 'ഇടുക്കി ഗോള്‍ഡ്', 'മായനദി' തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. 2014ല്‍ പൃഥ്വിരാജ്, ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കികൊണ്ട് 'ടമാര്‍ പഠാര്‍' എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്‌തു. ഈ സിനിമകളൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തതുമാണ്.

അമല്‍ നീരദ് സംവിധാനം ചെയ്‌ത 'വരത്തന്‍' എന്ന സിനിമയുടെ തിരക്കഥയൊരുക്കിയാണ് സുഹാസ്-ഷർഫു ഇരട്ടത്തിരക്കഥാകൃത്തുക്കള്‍ രംഗത്ത് വന്നത്. പിന്നീട് മുഹ്‌സിന്‍ പരാരിക്കൊപ്പം 'വൈറസ്' എന്ന സിനിമയുടെ രചനയിലും ഇവര്‍ പങ്കാളികളായി. മമ്മൂട്ടിയുടെ അഭിനയ മികവ് പ്രദര്‍ശിപ്പിക്കുന്ന 'പുഴു'വിലെ തിരക്കഥയിലും സുഹാസിന്‍റെ കരങ്ങള്‍ ഉണ്ടായിരുന്നു.

സിനിമാ ജീവിതത്തിന് മുന്‍പ് എഞ്ചിനിയറായിരുന്നു സുഹാസ്. ഷോര്‍ട്ട് ഫിലിം നെറ്റ് വര്‍ക്കിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് ഷറഫും സുഹാസും പരിചയപ്പെടാനിടയായത്. പിന്നീട് സുഹാസിന്‍റെയും ഷറഫുവിന്‍റെയും കൂട്ടുക്കെട്ടില്‍ ഒട്ടേറെ മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് അസ്വദിക്കാന്‍ കഴിഞ്ഞു.

എഴുത്തില്‍ ഒരു മാന്ത്രിക തന്നെ തീര്‍ത്ത തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍. സംവിധായകന്‍ ആകണമെന്ന ആഗ്രഹത്തോടെയാണ് ശ്യാം പുഷ്‌കരന്‍ സിനിമയിലേക്ക് എത്തുന്നത്. സഹസംവിധായകനായിരുന്നപ്പോള്‍ പലരും കഥയുണ്ടോയെന്ന് ചോദിച്ചിരുന്നു. അതിന് ശേഷമാണ് ദിലീഷ് നായരുമായി ചേര്‍ന്ന് 'സാള്‍ട്ട് ആന്‍റ് പെപ്പര്‍' എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.

കൂട്ടു ചേര്‍ന്നെഴുതിയ സിനിമകളൊക്കെ വമ്പന്‍ ഹിറ്റായിരുന്നു. ഏഴോ എട്ടോ ചലച്ചിത്രങ്ങള്‍ കൂട്ടായി തിരക്കഥ രചിച്ചിട്ടുണ്ടെങ്കിലും സ്വതത്രമായി എഴുതുന്നത് 'മഹേഷിന്‍റെ പ്രതികാര'മാണ്. അതിന് ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം സംസ്ഥാന പുരസ്‌കാരവും ശ്യാം പുഷ്‌കരനെ തേടിയെത്തി. പിന്നീടങ്ങോട്ടും ശ്യാമിന്‍റെ കൈകളില്‍ നിന്ന് ഹിറ്റുകള്‍ പിറന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

22 ഫീമെയില്‍ കോട്ടയം, ടാ തടിയാ, അഞ്ച് സുന്ദരികള്‍, ഇടുക്കി ഗോള്‍ഡ്, ഇയ്യോബിന്‍റെ പുസ്‌തകം, റാണി പത്മിനി, മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, മായാനദി, കുമ്പങ്ങി നൈറ്റ്സ്, തങ്കം, ജോജി എന്നിങ്ങനെ ഒട്ടേറെ ഹിറ്റുകള്‍.

ആഷിഖ് അബിന്‍റെ സഹായിയായിരുന്ന ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‌ത മഹേഷിന്‍റെ പ്രതികാരം നിര്‍മിച്ചതും ആഷിഖ് അബു തന്നെയായിരുന്നു. ഇതിന് തിരക്കഥയൊരുക്കിയതാവട്ടെ ശ്യാം പുഷ്‌കരനും. ഈ സൗഹൃദത്തില്‍ വീണ്ടും സിനിമ സൃഷ്‌ടിക്കപ്പെടുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയും പ്രതീക്ഷയുമാണ്.

സോൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ തുടങ്ങി ഏഴു സിനിമകൾ കരുത്തുള്ള കൂട്ടുകെട്ടിന്‍റെ വിജയമായിരുന്നു.

ആ ഒരു കരുത്ത് തന്നെ 'റൈഫിള്‍ ക്ലബി'ലും ഉണ്ടാകുമെന്ന് തന്നെയാണ് പ്രേക്ഷകരും വിശ്വസിക്കുന്നത്. ക്രിസ്‌മസ് പൊടിപൂരമാക്കാൻ കച്ചമുറുക്കി തന്നെയാണ് ഈ ചിത്രം എത്തുന്നതെന്നതില്‍ യാതൊരു സംശയുവുമില്ലയെന്ന് തന്നെയാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഡിസംബര്‍ 19 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ സുപ്രധാന വേഷത്തിലെത്തുന്ന വാണി വിശ്വനാഥിന്‍റെ ഇട്ടിയാനം ക്യാരക്‌ടര്‍ പോസ്‌റ്ററും സുരേഷ് കൃഷ്‌ണ അവതരിപ്പിക്കുന്ന ഡോ. ലാസർ, സുരഭി ലക്ഷ്‌മിയുടെ സൂസൻ, ദിലീഷ് പോത്തന്‍റെ സെക്രട്ടറി അവറാൻ, വിഷ്‌ണു അഗസ്ത്യയുടെ ഗോഡ്ജോ, വിനീത് കുമാറിന്‍റെ റൊമാന്‍റിക് സ്‌റ്റാർ, ഉണ്ണിമായയുടെ സൂസൻ എന്നീ കഥാപാത്രങ്ങളുടെ ക്യാരക്‌ടര്‍ പോസ്‌റ്ററുകളും ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല സിനിമയിലെ ഗാനവും പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തിരുന്നു.

പ്രശസ്‌ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും സിനിമയില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനുരാഗ് കശ്യപ് അവതരിപ്പിക്കുന്നത്. മലയാളത്തില്‍ അനുരാഗ് കശ്യപിന്‍റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിള്‍ ക്ലബ്'.

ഒപിഎം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിശാൽ വിൻസന്‍റ് ടോണി, വിൻസന്‍റ് വടക്കൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ആഷിക്ക് അബു തന്നെയാണ് സിനിമയുടെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്.

മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, എഡിറ്റർ - വി സാജൻ, സ്‌റ്റണ്ട് - സുപ്രീം സുന്ദർ, സംഗീതം - റെക്‌സ്‌ വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിഷോര്‍ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശ്ശേരി, സ്‌റ്റില്‍സ് - റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പിആര്‍ഒ - ആതിര ദില്‍ജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:'ഗന്ധര്‍വ്വ ഗാനം' കിടിലന്‍; റൈഫിള്‍ ക്ലബിലെ ആദ്യ വീഡിയോ ഗാനമെത്തി

ABOUT THE AUTHOR

...view details