സംഗീതത്തിൽ ഇന്ദ്രജാലം ഒളിപ്പിച്ചുവച്ച കലാകാരൻ, മലയാളിക്ക് മറക്കാനാകാത്ത ഗാനവസന്തം സമ്മാനിച്ച എംജി രാധാകൃഷ്‌ണൻ വിടപറഞ്ഞിട്ട് 14 വർഷങ്ങൾ. 2010 ജൂലൈ 2നാണ് സംഗീതത്തിൽ മംഗളം പാടി അവസാനിപ്പിക്കുന്നത് പോലെ വിഖ്യാത കലാകാരൻ ജീവിതത്തിനും മംഗളം പാടിയത്. 14 വർഷങ്ങൾക്കിപ്പുറവും ജീവൻ പകുത്തുനൽകിയ സംഗീതത്തിലൂടെ അദ്ദേഹം അനേകായിരം മനസുകളിൽ ജീവിക്കുന്നു.
ഇപ്പോഴിതാ പ്രിയ സംഗീതജ്ഞന്‍റെ ഓർമകൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് പ്രശസ്‌ത നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ. ഒപ്പം അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു, 'മണിച്ചിത്രത്താഴ്' എന്ന കൾട്ട് ക്ലാസിക് സിനിമ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ 4കെ ഡോൽബി അറ്റ്‌മോസ് രൂപത്തിൽ വരുന്ന ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുമെന്ന്.
എംജി രാധാകൃഷ്‌ണനൊപ്പം 'മണിച്ചിത്രത്താഴ്' യിൽ മാത്രമാണ് സഹകരിക്കാൻ ആയതെന്ന് അപ്പച്ചൻ പറഞ്ഞു. മികച്ച സംഗീതജ്ഞൻ, പകരം വയ്‌ക്കാനില്ലാത്ത പ്രതിഭ. മണിച്ചിത്രത്താഴ് പോലെ മികച്ച ഒരു കലാസൃഷ്‌ടി പിന്നീട് ചെയ്യാൻ അവസരം ലഭിക്കാത്തത് കൊണ്ടാണ് എംജി രാധാകൃഷ്‌ണനുമായി രണ്ടാമത് ഒന്നുകൂടി സഹകരിക്കാനാകാത്തത്. അദ്ദേഹത്തെപ്പോലെ ഒരാളെ സംഗീത വിഭാഗം കൈകാര്യം ചെയ്യാൻ ഏൽപ്പിക്കുമ്പോൾ ഏറ്റവും മികച്ചത് തന്നെ വേണമല്ലോ. അതുവരെ മലയാളത്തിൽ ഉപയോഗിക്കാത്ത അഹിരി അടക്കമുള്ള രാഗങ്ങളിലാണ് മണിച്ചിത്രത്താഴിലെ ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയത്. അതും മിന്നൽ വേഗത്തിൽ.
ആ സമയം അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്യുകയായിരുന്നു. സിനിമയുടെ കഥാസന്ദർഭം പറഞ്ഞുകൊടുത്താൽ സംഗീതം പിന്നെ അദ്ദേഹത്തിന്‍റെ ലോകത്ത് മാത്രം പിറവിയെടുക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ്. അതിൽ മറ്റൊരാൾക്ക് അഭിപ്രായം പറയാനോ കൈകടത്താനോ യോഗ്യതയില്ലെന്ന് വിശ്വസിക്കുന്നു. 'വരുവാനില്ലാരുമെൻ' എന്ന ഗാനം 'മണിച്ചിത്രത്താഴി'ന്‍റെ തിരക്കഥാകൃത്ത് എഴുതിയ ഒരു കവിതയാണ്. പിൽക്കാലത്ത് ലോകം മുഴുവൻ ഓർത്തിരിക്കുന്ന ഒരു സൂപ്പർ ഹിറ്റ് ഗാനമായി അത് മാറുമെന്ന് മധു മുട്ടം പോലും ചിന്തിച്ചിട്ടുണ്ടാവില്ല.